ഇടയിലക്കാട് കാവിലെ വാനരക്കൂട്ടത്തിന് അവിട്ടം നാളിൽ ഇടയിലക്കാട് നവോദയ വായനശാല ഗ്രന്ഥാലയവും ബാലവേദിയും ഒരുക്കിയ ഓണസദ്യ ഇക്കുറിയും കെങ്കേമം. തുടർച്ചയായി ഇതു പത്താമത്തെ വർഷമാണു വാനരക്കൂട്ടത്തിനു നാട്ടുകാർ സദ്യയൊരുക്കിയത്.
പതിനൊന്നു വിഭവങ്ങളുമായാണ് ചൊവ്വാഴ്ച ഓണസദ്യ വിളമ്പിയത്. നീളത്തിലും വട്ടത്തിലും മുറിച്ചെടുത്ത കക്കിരി, തക്കാളി, പേരയ്ക്ക, സപ്പോട്ട, കാരറ്റ്, ബീറ്റ്റൂട്ട്, പപ്പായ, കോവയ്ക്ക, തണ്ണിമത്തൻ, വാഴപ്പഴം, കൈതച്ചക്ക എന്നിവയും ഉപ്പ് ചേർക്കാത്ത ചോറും തൂശനിലയിൽ വിളമ്പി. സദ്യയുടെ ഗമ ഒട്ടും ചോരാതെ ബെഞ്ചും ഡെസ്ക്കും ചേർത്തുവച്ച് ഇരിപ്പിടം ഒരുക്കി.
വർഷങ്ങളായി രാവിലെയും വൈകിട്ടും വാനരക്കൂട്ടത്തിന് അന്നമൂട്ടുന്ന ചാലിൽ മാണിക്കത്തിന്റെ പപ്പീ എന്നു നീട്ടിയുള്ള വിളിയിൽ മരങ്ങളിൽ തൂങ്ങിയാടി ഇരുപത്തിയഞ്ചിൽപരം വാനരൻമാർ ഹാജരായി.
മാണിക്കാമ്മയിൽ നിന്നു പതിവുപടിയുള്ള ഉരുള ചോറിനായിരുന്നു ചിലരുടെ കാത്തുനിൽപ്. മാണിക്കാമ്മയും ബാലവേദി കുട്ടികളും ആരെയും നിരാശരാക്കിയില്ല. വിഭവങ്ങൾ ആർത്തിയോടെ അകത്താക്കുന്നവർ തടിച്ചുകൂടിയ ജനക്കൂട്ടത്തെ ശ്രദ്ധിച്ചതേയില്ല.
ജില്ലാ പഞ്ചായത്ത് അംഗം പി.സി.സുബൈദ, പഞ്ചായത്ത് അംഗം വി.കെ.കരുണാകരൻ, ഗ്രന്ഥാലയം പ്രസിഡന്റ് പി.വി.പ്രഭാകരൻ, സെക്രട്ടറി പി.വേണുഗോപാലൻ, എം.ബാബു, ആനന്ദ് പേക്കടം എന്നിവർ പ്രസംഗിച്ചു.
No comments:
Post a Comment