Latest News

ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ആക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുമായി സുപ്രീം കോടതി. ഗോരക്ഷയുടെ പേരില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.[www.malabarflash.com ] 

ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഉത്തരവിട്ടത്. ഗോ സംരക്ഷകര്‍ക്കെതിരെ നടപടിയെടുക്കുന്നതിനായി ഏഴ് ദിവസത്തിനുള്ളില്‍ ഓരോ ജില്ലയിലും പ്രത്യേക ദൗത്യ സേനകള്‍ രൂപവത്കരിക്കാനും സംസ്ഥാന സര്‍ക്കാറുകളോട് സുപ്രീം കോടതി നിര്‍ദേശിച്ചു. 

ഇതിനായി ജില്ലാതലത്തില്‍ മേല്‍നോട്ടമുണ്ടാകണം. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരാക്കണം. നടപടിയെക്കുറിച്ച് ചീഫ് സെക്രട്ടറിയും ഡിജിപിയും സത്യവാങ്മൂലം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

മാധ്യമപ്രവര്‍ത്തകനായ തുഷാര്‍ ഗാന്ധി സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കവേയാണ് സുപ്രീം കോടതി സുപ്രധാന നിര്‍ദേശങ്ങള്‍ നല്‍കിയത്. ഈ മാസം 22ന് ഹരജി വീണ്ടും പരിഗണിക്കും. ഗോ സംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ തടയാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് സുപ്രീം കോടതി ആരാഞ്ഞു. നിയമം ലംഘിക്കുന്നവരെ നിലക്കുനിര്‍ത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.