Latest News

ഷാര്‍ജയിലെ ജയിലുകളില്‍ നിന്ന് 149 പേരെ മോചിപ്പിക്കും: ഷാർജ ഭരണാധികാരി

തിരുവനന്തപുരം: ചെറിയ കേസുകളിൽ പെട്ടു ഷാർജയിലെ ജയിലുകളിൽ മൂന്നു വർഷത്തിലേറെയായി ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്നു ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.[www.malabarflash.com]

ചെക്ക് കേസുകളിലും സിവിൽ കേസുകളിലും കുടുങ്ങി മൂന്നു വർഷത്തിലേറെയായി ജയിൽവാസം അനുഭവിക്കുന്നവരെ മോചിപ്പിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർഥന കണക്കിലെടുത്തായിരുന്നു പ്രഖ്യാപനം. ഇൗ പൊതുമാപ്പിന്റെ അടിസ്ഥാനത്തിൽ 149 ഇന്ത്യക്കാർ മോചിതരാകുമെന്ന് ഇരുവരും സംയുക്ത പ്രഖ്യാപനത്തിൽ അറിയിച്ചു.

രാജ്ഭവനിൽ കാലിക്കറ്റ് സർവകലാശാലയുടെ ഡി ലിറ്റ് സ്വീകരിച്ചു നടത്തിയ മറുപടി പ്രസംഗത്തിലായിരുന്നു ഷെയ്ഖ് സുൽത്താന്റെ ഈ പ്രഖ്യാപനം. ആ നല്ല മനസ്സിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.

സാമ്പത്തിക ക്രമക്കേടുകളിലും നിസാര കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടവരെയാണു മോചിപ്പിക്കുന്നത്. രണ്ടുകോടി യുഎഇ ദിർഹത്തിന്റെ വരെ (35.58 കോടി രൂപ) സാമ്പത്തിക ക്രമക്കേടിൽ ഉൾപ്പെട്ടവരെയാണു നിരുപാധികം വിട്ടയയ്ക്കുന്നത്. ക്രിമിനൽ കേസ് പ്രതികൾക്കു പൊതുമാപ്പ് ബാധകമല്ല. ജയിൽമോചിതരായ ശേഷം ഷാർജയിൽത്തന്നെ അവർക്കു ജോലി ചെയ്യാമെന്നും ഷെയ്ഖ് സുൽത്താൻ വ്യക്തമാക്കി.

ഷാർജ ഭരണാധികാരിയുമായി രാവിലെ ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ചയ്ക്കിടെയാണ് ഇതുമായി ബന്ധപ്പെട്ട അഭ്യർഥന മുഖ്യമന്ത്രി മുന്നോട്ടുവച്ചത്. അടച്ചിട്ട കോൺഫറൻസ് ഹാളിനകത്തായിരുന്നു പത്തു മിനിറ്റ് നീണ്ട ചർച്ച. 

മൂന്നു വർഷമായി ജയിലിൽ കഴിയുന്ന മലയാളികളെ കേരളത്തിലേക്കു തിരിച്ചുവിടണമെന്നാണു താൻ അഭ്യർഥിച്ചതെന്നു രാജ്ഭവനിലെ ചടങ്ങിൽ മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ, മലയാളികളെയെന്നല്ല ഇന്ത്യക്കാരെ മുഴുവൻ വിട്ടയയ്ക്കാമെന്നും അവരെ അവിടെത്തന്നെ ജോലിയിൽ തുടരാൻ അനുവദിക്കാമെന്നുമാണ് അദ്ദേഹം ഉറപ്പുനൽകിയതെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോൾ സദസ്സ് കയ്യടിയോടെ സ്വാഗതം ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.