Latest News

ശ്രീലങ്കയില്‍ മുസ്‌ലിം മേഖലയില്‍ ബുദ്ധ തീവ്രവാദി ആക്രമണം; മൂന്ന് മരണം

കൊളംബോ: ശ്രീലങ്കയില്‍ വംശീയ സംഘട്ടനത്തെ തുടര്‍ന്ന് മൂന്ന് പേര്‍ മരിക്കുകയും നിരവധി വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് ശ്രീലങ്കയിലെ പ്രസിദ്ധമായ രണ്ട് ടൂറിസ്റ്റ് കേന്ദ്രങ്ങളായ അല്‍തുഗാമയിലും ബെറുവലയിലും സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. 

മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ളതാണ് ഈ രണ്ട് പ്രദേശങ്ങളും. മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള നൂറുകണക്കിന് വ്യാപാരസ്ഥാപനങ്ങള്‍ ബുദ്ധഭീകരവാദികള്‍ കഴിഞ്ഞ രാത്രി അഗ്നിക്കിരയാക്കുകയും ചെയ്തു. 100ലേറെ പേര്‍ക്ക് പരുക്കുള്ളതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. 
നിലവില്‍ സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാണെങ്കിലും ഇവിടങ്ങളില്‍ കര്‍ഫ്യൂ തുടരുകയാണെന്ന് പോലീസ് വക്താവ് അജിത് രൊഹാന പറഞ്ഞു. 

ബി ബി എസ് എന്ന ബുദ്ധതീവ്രവാദ സംഘടനയുടെ നേതൃത്വത്തില്‍ മുസ്‌ലിം ആധിപത്യമുള്ള അല്‍തുഗാമയിലും ബെറുവലയിലും റാലി നടത്തുകയും ഇതിനെ തുടര്‍ന്ന് സംഘര്‍ഷം പടരുകയുമായിരുന്നു. സംഭവത്തില്‍ നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. കൊളംബോയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള പ്രദേശങ്ങളിലാണ് ഇപ്പോള്‍ സംഘര്‍ഷം പടര്‍ന്നുപിടിച്ചത്. കലാപകാരികളായ ബുദ്ധരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചെങ്കിലും സംഘര്‍ഷം വ്യാപിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രത്യേക കര്‍മ സേന(എസ് ടി എഫ്) സംഭവ സ്ഥലത്തെത്തിയാണ് കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കിയത്. 

നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രസിഡന്റ് മഹീന്ദ രാജപക്‌സെ മുന്നറിയിപ്പ് നല്‍കി. ബൊളീവിയയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ആക്രമണകാരികളെ നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ശ്രീലങ്കയില്‍ മൊത്തം ജനസംഖ്യയുടെ 10 ശതമാനം മുസ്‌ലിംകളാണ്. 

കഴിഞ്ഞ ആഴ്ചയിലുണ്ടായ ഒരു ട്രാഫിക് തര്‍ക്കത്തെ തുടര്‍ന്ന് ഒരു ബുദ്ധ സന്യാസി ആക്രമിക്കപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഇവര്‍ റാലി സംഘടിപ്പിച്ചതും നൂറുകണക്കിന് വരുന്ന സ്ഥാപനങ്ങള്‍ അഗ്നിക്കിരയാക്കിയതും. സംഭവത്തില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്നും മറ്റു നിരവധി പേര്‍ക്ക് പരുക്കേറ്റതായും മുഖ്യ മുസ്‌ലിം പാര്‍ട്ടി നേതാവും മന്ത്രിയുമായ റഊഫ് ഹകീം ചൂണ്ടിക്കാട്ടി. 

നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും ബുദ്ധ ഭീകരവാദികള്‍ അഗ്നിക്കിരയാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്തെ മുസ്‌ലിംകള്‍ക്കെതിരെ ശക്തമായ ആക്രമണങ്ങളാണ് ബി ബി എസ് നടപ്പാക്കുന്നത്. ബുദ്ധ തീവ്രവാദികളില്‍ നിന്ന് തങ്ങളുടെ ജീവനും സമ്പത്തും രക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് മുസ്‌ലിം സംഘടനകള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Srilanka

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.