ഉദുമ: സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്‌ക്കൊപ്പം കൗമാരക്കാരായ കുട്ടികള്‍ സോഷ്യല്‍ മീഡിയകള്‍ക്ക് അടിമകളാകുകയാണെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.[www.malabarflash.com]
യുവതലമുറയെ നശിപ്പിക്കുന്ന തരത്തില്‍ കൊച്ചുകുട്ടികളെപോലും ലഹരി മാഫിയയും കീഴടക്കുകയാണെന്നും ഈ സാഹചര്യത്തില്‍ വിവേകപൂര്‍വം തീരുമാനമെടുക്കാന്‍ കഴിയുന്ന തലമുറയെ സൃഷ്ടിക്കേണ്ടത് പൊതുസമൂഹത്തിന്‍െ്‌റ കടമയാണെന്നും മന്ത്രി പറഞ്ഞു.
ഉദുമ ജിഎച്ച്എസ്എസില്‍ കുട്ടികളോട് നമ്മുക്കുള്ള ഉത്തരവാദിത്തം (ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍-ഒആര്‍സി)പദ്ധതിയുടെ രണ്ടാംഘട്ട ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടകരമായ രീതിയിലാണു സമൂഹത്തിന്‍െ്‌റ പോക്ക്. പ്രായഭേദമില്ലാതെ കൊച്ചുകുട്ടികളെപോലും ലൈംഗീക ചൂഷണത്തിന് വിധേയമാക്കുകയാണ്. ഇതിനെ പ്രതിരോധിക്കുവാനും അവബോധം സൃഷ്ടിക്കുവാനും കുഞ്ഞുങ്ങളെ പ്രാപ്തരാക്കുവാന്‍ പൊതുസമൂഹത്തിനു കഴിയണം. മാതാപിതാക്കള്‍ക്കൊപ്പം ഉള്‍ക്കാഴ്ചയുള്ള അധ്യാപകര്‍ക്കും കുട്ടികളെ നേര്‍വഴിക്കുനടത്തുന്നതിനും അവരുടെ പ്രതിഭയെ വളര്‍ത്തുന്നതിനും കഴിയും. സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒആര്‍സി പദ്ധതി നല്ലതലമുറകളെ സൃഷ്ടിക്കുവാന്‍ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
കെ. കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എജിസി ബഷീര്‍ വിശിഷ്ടാതിഥിയായിരുന്നു. സബ് ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടി സെക്രട്ടറിയുമായ ഫിലിപ്പ് തോമസ് മുഖ്യസന്ദേശം നല്‍കി.
ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി, ഉദുമ പഞ്ചയാത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് കുമാര്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പ്രഭാകരന്‍, ഗ്രാമപഞ്ചായത്ത് അംഗം ഹമീദ് മാങ്ങാട്, ജെ ജെ ബി അംഗങ്ങളായ അഡ്വ.മണി ജി നായര്‍, പി.കെ കുഞ്ഞിരാമന്‍ നമ്പ്യാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് കെ വിനോദ് കുമാര്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ പി ബിജു, എസ്എംസി ചെയര്‍മാന്‍ സത്താര്‍ മുക്കുന്നത്ത്, ഉദുമ ജി എച്ച് എസ് എസ് പ്രിന്‍സിപ്പാള്‍ പി മുരളീധരന്‍ നായര്‍, ഹെഡ്മാസ്റ്റര്‍ എം കെ വിജയകുമാര്‍, സംഘാടക സമിതി ചെയര്‍മാന്‍ വി ആര്‍ ഗംഗാധരന്‍, സാമൂഹിക നീതി ഓഫീസ് സീനിയര്‍ സുപ്രണ്ട് അബ്ദുള്‍ റഹ്മാന്‍, ഡിഡി ഓഫീസ് അഡ്മിനിട്രേഷന്‍ ഓഫീസര്‍ നാഗവേണി, ഹോസ്ദുര്‍ഗ് എഇഒ ജയരാജന്‍, പട്ടികവര്‍ഗ അസി. വികസന ഓഫീസര്‍ കെ.എം സദാനന്ദന്‍, മദര്‍ പിടിഎ പ്രസിഡന്‍്‌റ് സുകുമാരി ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ ബേത്തൂര്‍പാറ ജിഎച്ച്എസ്എസിലെ അധ്യാപകനായ ബിജു ജോസഫ് കാസര്‍കോട് ജില്ലയ്ക്ക് വേണ്ടി എഴുതിയ ഒആര്‍സി ഉണര്‍ത്തുപാട്ട് സംഗീതം നല്‍കി ആലപിച്ച കാഞ്ഞങ്ങാട് രാമചന്ദ്രന്‍െ്‌റ സാന്നിധ്യത്തില്‍ സബ് ജഡ്ജ്ി ഫിലിപ്പ് തോമസ് പ്രകാശനം ചെയ്തു.
തുടര്‍ന്ന് ഒആര്‍സി പദ്ധതി-ആശയവും പ്രവര്‍ത്തന രൂപരേഖയും എന്ന വിഷയത്തില്‍ നടന്ന ശില്‍പ്പശാലയ്ക്ക് ഒആര്‍സി സ്‌റ്റേറ്റ് റിസോഴ്‌സ് കണ്‍സള്‍ട്ടന്‍്‌റ് മുഹമ്മദ് സെയ്ഫ് നേതൃത്വം നല്‍കി. ഒആര്‍സി പദ്ധതികള്‍ നടപ്പിലാക്കുന്ന 20 സ്‌കൂളുകളിലെയും പ്രിന്‍സിപ്പാള്‍, ഹെഡ്മാസ്റ്റര്‍, നോഡല്‍ ടീച്ചര്‍മാര്‍, ഓരോ സ്‌കൂളുകളിലെയും ആറ് അംഗങ്ങള്‍ ഉള്‍പ്പെട്ട കോര്‍ ടീം എന്നിവര്‍ക്കായാണ് ശില്‍പ്പശാല നടത്തിയത്.
സാമൂഹ്യനീതി വകുപ്പ്, സംയോജിത ശിശു സംരക്ഷണ പദ്ധതി(ഐസിപിഎസ്), ജില്ലാ ശിശു സംരക്ഷണയുണിറ്റ്(ഡിസിപിയു), ഉദുമ ജിഎച്ച്എസ്എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
അനാരോഗ്യകരമായ സാമൂഹ്യ വ്യതിയാനങ്ങളില്‍ നിന്നും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും കൂട്ടുത്തരവാദിത്വത്തോടെ കുട്ടികളെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ സാമൂഹികനീതി, പൊതുവിദ്യാഭ്യാസം, ആഭ്യന്തരം, ആരോഗ്യം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് കുട്ടികളോട് നമ്മുക്കുള്ള ഉത്തരവാദിത്വം അഥവാ ഒആര്‍സി പദ്ധതി.
No comments:
Post a Comment