ബദിയടുക്ക: ഡ്രൈവറെ ഭീഷണിപ്പെടുത്തി മണല്‍ കടത്ത് ലോറി തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ടതുള്‍പ്പെടെ 9 കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
ബേള ചൗക്കാറിലെ അക്ഷയ് (26) ആണ് അറസ്റ്റിലായത്. അക്ഷയ്‌ക്കെതിരെ ബദിയടുക്ക പോലീസ് സ്റ്റേഷനില്‍ ആറും കുമ്പള പോലീസ് സ്റ്റേഷനില്‍ മൂന്നും കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
ഒരു മാസം മുമ്പ് കര്‍ണ്ണാടകയില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ലോറി നീര്‍ച്ചാലില്‍ വെച്ച് മൂന്നംഗ സംഘം ഡ്രൈവറെ ഭീഷണിപ്പെടുത്തി കടത്തിക്കൊണ്ടു പോയിരുന്നു. ബേള ഭാഗത്തെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച ശേഷം മണല്‍ കടത്ത് സംഘത്തെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും സംഘം കടന്ന് കളയുകയായിരുന്നു. ഈ കേസില്‍ മറ്റ് രണ്ട് പേരെ പോലീസ് അന്വേഷിച്ച് വരികയാണ്.
ബദിയടുക്ക, കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അടിപിടി, ഭീഷണിപ്പെടുത്തല്‍, കത്തിക്കുത്ത്, വ്യാപാരിയെ അക്രമിക്കല്‍ തുടങ്ങിയ കേസുകളാണ് അക്ഷയ്‌ക്കെതിരെയുള്ളത്. 2013 മുതലുള്ള കാലയളവില്‍ നിരന്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നതിനെ തുടര്‍ന്ന് അക്ഷയ്‌ക്കെതിരെ ബദിയടുക്ക പൊലീസ് ആര്‍.ഡി.ഒ കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
No comments:
Post a Comment