Latest News

തളിപ്പറമ്പ് പട്ടുവത്ത് കോണ്‍ഗ്രസ് ഓഫീസ് കത്തിച്ചു

തളിപ്പറമ്പ്: പട്ടുവം കോണ്‍ഗ്രസ് കമ്മറ്റി ഓഫീസായ രാജീവ്ഭവന് അജ്ഞാതര്‍ തീയിട്ടു. ഓഫീസിനകത്തെ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ എല്ലാം കത്തിനശിച്ചു.  പുലര്‍ച്ചെ ഒന്നേമുക്കാലിനായിരുന്നു സംഭവം.[www.malabarflash.com] 

തീവെപ്പിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ഡിസിസി ജന.സെക്രട്ടെറിയും പഞ്ചായത്തംഗവുമായ രാജീവന്‍ കപ്പച്ചേരി ആരോപിച്ചു. സിപിഎം പട്ടുവം ലോക്കല്‍ സമ്മേളനം നടന്നുവരുന്നതിനിടയിലാണ് രാജീവ്ഭവന് നേരെ തീവെപ്പ് നടന്നത്.

ജനലിനുള്ളിലുടെ പെട്രോള്‍ അകത്തേക്കൊഴിച്ച് തീയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുള്ളൂല്‍ മുതല്‍ കുഞ്ഞിമതിലകം ജംഗ്ഷന്‍ വരെയുള്ള കോണ്‍ഗ്രസ് പടയൊരുക്കം പരിപാടിയുടെ ബോര്‍ഡുകളും കോടികളും പൂര്‍ണ്ണമായി നശിപ്പിച്ചിട്ടുണ്ട്.

നശിപ്പിച്ച കൊടികളും ബോര്‍ഡുകളും രാജീവന്‍ കപ്പച്ചേരിയുടെ വീട്ടിനടുത്തുള്ള റോഡില്‍ നിക്ഷേപിച്ച നിലയിലാണ്. ഒരുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. രാജീവ്ഭവന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിനുള്ള മരഉരുപ്പടികള്‍ ഉള്‍പ്പെടെ ഓഫീസിനകത്ത് സൂക്ഷിച്ചിരുന്ന എല്ലാ സാധനസാമഗ്രികളും പൂര്‍ണ്ണമായി കത്തി നശിച്ച നിലയിലാണ്. പാര്‍ട്ടി ഓഫീസിന് സമീപത്തെ വീട്ടിലെ പട്ടിയുടെ കുരകേട്ട് അവര്‍ ഉണര്‍ന്നതോടെയാണ് അക്രമിസംഘം രക്ഷപ്പെട്ടത്. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസും സ്ഥലത്തെത്തിയിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേഡര്‍ ശൈലിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പട്ടുവം കൂത്താട്ട് പ്രദേശത്തെ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ഉണ്ടാവുന്ന അസഹിഷ്ണുതയാണ് പാര്‍ട്ടി ഓഫീസ് തീവെക്കുന്ന നിലയിലേക്ക് സിപിഎമ്മിനെ എത്തിച്ചതെന്നും കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നും രാജീവന്‍ കപ്പച്ചേരി ആവശ്യപ്പെട്ടു.

ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളും പരിപാടികളുമായി മുന്നോട്ട് പോകുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇത്രം അക്രമങ്ങള്‍ കൊണ്ടൊന്നും പിന്തിരിപ്പിക്കാനാവില്ലെന്നും, കൂടുതല്‍ ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വൈകുന്നേരംആറിന് കൂത്താട്ട് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടക്കും.

പുതുതായി നിര്‍മ്മിക്കുന്ന കാവിന്‍മുനമ്പ്-ചെറുകുന്ന് പാലം നിര്‍മ്മാണത്തിന് വലിയതോതില്‍ പുഴ നികത്താനുള്ള നീക്കത്തിന്റെ വിശദവിവരങ്ങള്‍ പൊതുസമൂഹത്തെ അറിയിക്കുകയും അതിനെതിരെ പുഴക്കൊക്കുകള്‍ എന്ന കൂട്ടായ്മ രൂപീകരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നാട്ടുകാരെ അണിനിരത്തി സമരപ്രഖ്യാപനവും നടത്തിയത് പ്രദേശത്തെ സിപിഎമ്മിന് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.