Latest News

മത്തിക്ക് അജ്ഞാത രോഗം ബാധിച്ചതായി പ്രചാരണം; സത്യാവസ്ഥ വെളിപ്പെടുത്തി വിദഗ്ധര്‍

കണ്ണൂര്‍: മത്തിക്ക് അജ്ഞാത രോഗം ബാധിച്ചതായി സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. ചിത്രം സഹിതമുള്ള സന്ദേശത്തില്‍ മത്തിയുടെ കുടല്‍ ഭാഗങ്ങളില്‍ വെളുത്ത നിറത്തില്‍ ചെറിയ മുട്ടകള്‍ പോലെ തോന്നിക്കുംവിധമുള്ള രോഗത്തെ കുറിച്ചാണു വിവരണം.[www.malabarflash.com] 

എന്നാല്‍ ഇത്തരത്തിലൊരു അസുഖം എവിടെയും മീനുകളില്‍ കണ്ടെത്തിയതായി അറിവില്ലെന്നാണു ഭക്ഷ്യസുരക്ഷാ വിഭാഗം പറയുന്നത്. ഇറാന്‍ മത്തിയോടു സാദൃശ്യം തോന്നിക്കുന്ന മല്‍സ്യങ്ങളാണു ചിത്രത്തിലുള്ളത്. ഇറക്കുമതി ഇനമായ ഇറാന്‍ മത്തി ആലപ്പുഴയിലെ ചന്തകളില്‍ സുലഭമായി ലഭിക്കുന്നുണ്ടെങ്കിലും രോഗം ബാധിച്ചവ ലഭിച്ചതായി ഇതുവരെ പരാതിയില്ല.

എന്നാല്‍ സന്ദേശം വൈറലായതോടെ മത്തിക്ക് ആവശ്യക്കാര്‍ നേരിയതോതില്‍ കുറഞ്ഞുവരുന്നതായി കച്ചവടക്കാര്‍ തന്നെ വ്യക്തമാക്കി. മത്സ്യങ്ങളില്‍ അത്യപൂര്‍വമായി കാണപ്പെടുന്ന ഒരുതരം പരാന്നജീവിയുടെ സാന്നിധ്യമാണ് ഇതിനു കാരണമെന്ന മറുപടി സന്ദേശവും പ്രചരിക്കുന്നുണ്ട്. ഇതു നീക്കം ചെയ്തശേഷം പാകംചെയ്തു കഴിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത.

എന്നാല്‍ ആരോഗ്യമേഖലയിലെ വിദഗ്ധര്‍ പറയുന്നതിങ്ങനെ, വിശ്വാസയോഗ്യമല്ലാത്ത ഇത്തരം സന്ദേശങ്ങള്‍ കണ്ടു ഭയക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ല.  റിപ്പോര്‍ട്ട് ചെയ്‌തെങ്കില്‍ ജനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കുമെന്നും ഇത്തരത്തിലൊരു രോഗം ബാധിക്കുന്നുണ്ടോയെന്നു കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതരും പറഞ്ഞു. രോഗം സംബന്ധിച്ചു സ്ഥിരീകരണം ഇല്ലാത്തതിനാലും ആശങ്കപ്പെടേണ്ടതില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.