Latest News

യോഗ കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ട യുവതി പോലീസില്‍ അഭയം തേടി

മലപ്പുറം: തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട യുവതി മലപ്പുറം എസ്.പി ഓഫീസില്‍ അഭയം തേടി. ആര്‍.എസ്.എസ് ഭീഷണിയുണ്ടെന്നും ഇതില്‍ നിന്നും തന്നെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി എത്തിയത്.[www.malabarflash.com] 

ഐക്കരപ്പടി കണ്ണംവെട്ടിക്കാവ് സ്വദേശിനിയാണ്  എസ്.പി ഓഫീസിലെത്തിയത്. പേങ്ങാട് സ്വദേശിയായ യുവാവുമായി വര്‍ഷങ്ങളായി പ്രണയത്തിലാണെന്നും വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും ഇതിന് സംരക്ഷണം വേണമെന്നും യുവതി എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു. 

‘പ്ലസ് ടു പഠന കാലത്ത് തുടങ്ങിയതാണ് ഞങ്ങള്‍ തമ്മിലുള്ള പ്രണയം. തന്റെ ചില ബന്ധുക്കളും സമീപത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകരും ചേര്‍ന്ന് തന്നേയും യുവാവിനേയും നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും’ എസ്.പിക്ക് നല്‍കിയ മൂന്ന് പേജുള്ള പരാതിയില്‍ പറയുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ യുവാവിന്റെ വീട്ടില്‍ കയറിയും ഭീഷണിപ്പെടുത്തി. യുവാവും യുവാവിന്റെ പിതാവും നിരീശ്വര വാദികളാണെന്നും പരാതിയില്‍ പറയുന്നുണ്ട്.

താന്‍ മതവിശ്വാസിയായിരുന്നെങ്കിലും ഇപ്പോള്‍ ഉപേക്ഷിച്ചെന്നും യുവതി പറയുന്നു. അച്ഛന്‍ ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലാണെന്നും അമ്മാവന്റെ വീട്ടിലെത്തണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് അമ്മയും അമ്മയുടെ അനിയത്തിയും ഇവരുടെ ഭര്‍ത്താവും അമ്മയുടെ ചേച്ചിയുടെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ മകനും ഇയാളുടെ സുഹൃത്തും ചേര്‍ന്ന് കാറില്‍ കയറ്റി കൊണ്ടുപോയത്. എന്നാല്‍ തൃപ്പൂണ്ണിത്തുറയിലെ ശിവശക്തി യോഗ കേന്ദ്രത്തിലേക്കാണ് കൊണ്ടുപോയത്. 

കേന്ദ്രത്തില്‍ നിന്ന് മുമ്പും പലരും ഇതുപോലെ രക്ഷപ്പെട്ടിട്ടുണ്ടെന്നും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. രക്ഷപ്പെടാന്‍ വേണ്ടി സഹകരണം നടിച്ച് നിന്നു. പിന്നീട് വിവാദങ്ങളുണ്ടായപ്പോള്‍ താന്‍ ഉള്‍പ്പെടെയുള്ളവരെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. പുതിയ കേന്ദ്രത്തിലാക്കുമെന്ന് അറിഞ്ഞതോടെ നേരത്തെ ഒളിപ്പിച്ചുവെച്ച ഫോണില്‍ നിന്ന് യുവാവിനെ വിളിച്ച് രക്ഷപ്പെടുകയായിരുന്നു. 

വീട്ടിലേക്ക് തിരിച്ചുപോകില്ല. രജിസ്റ്റര്‍ വിവാഹം ചെയ്യും. അഞ്ച് മാസമാണ് തൃപ്പൂണിത്തുറയിലെ കേന്ദ്രത്തില്‍ തടവിലിട്ടത്. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പരാതി അവസാനിപ്പിക്കുന്നത്. 

സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം പെണ്‍കുട്ടിയും യുവാവും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പരാതി തുടര്‍നടപടിക്കായി കൊണ്ടോട്ടി സി.ഐക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.