കണ്ണൂര്‍: ബംഗലുരുവില്‍ നിന്നും 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ സീരിയല്‍ താരത്തെ പോലീസ് പിടികൂടി. തലശ്ശേരി ടെമ്പിള്‍ ഗേറ്റ് പുതിയറോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് കോഴിക്കോട് സ്വദേശിനിയായ തനൂജ (24)യെ ടൗണ്‍ സി ഐ കെ ഇ പ്രേമചന്ദ്രനും സംഘവും പിടികൂടിയത്. [www.malabarflash.com]
കവര്‍ച്ചാമുതലുകള്‍ കൂത്തുപറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലെ വിവിധ ബാങ്കുകളില്‍ നിന്നും പോലീസ് കണ്ടെടുത്തു. ബംഗലുരു കനകപുര രഘുവന ഹള്ളിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശിയുടെ വീട്ടില്‍ നിന്നാണ് നടി 35പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. കഴിഞ്ഞ സപ്തംബര്‍ 28നാണ് സംഭവം.
മലയാളത്തിലെ ചില സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള തനൂജ ആഗസ്തിലാണ് പയ്യന്നൂര്‍ സ്വദേശിനിയും ബംഗലുരു ആരോഗ്യ വകുപ്പിലെ ജീവനക്കാരിയുമായ വീട്ടമ്മയുടെ വീട്ടില്‍ ജോലിക്കെത്തിയത്. ഒരുമാസം കൊണ്ട് തന്നെ തനൂജ വീട്ടുകാരുടെ വിശ്വസ്തയായി മാറി. സപ്തംബര്‍ 28മുതല്‍ ഇവരെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ കാണാതായ വിവരമറിയുന്നത്. ജോലിക്ക് നിന്ന വീട്ടില്‍ വ്യാജവിലാസവും ഫോണ്‍ നമ്പറുമാണ് തനൂജ നല്‍കിയത്. എന്നാല്‍ തൊട്ടടുത്ത് താമസിക്കുന്ന യുവാവുമായി തനൂജക്കുണ്ടായിരുന്ന പ്രണയം കണ്ടെത്തിയ കര്‍ണാടക പോലീസ് ഈ യുവാവിലൂടെ തനൂജ കണ്ണൂരിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് പ്രതിയെ പിടികൂടാന്‍ കണ്ണൂര്‍ ജില്ലാപോലീസിന്റെ സഹായം തേടി. തനൂജ തലശ്ശേരി ചേറ്റംകുന്നിലും കണ്ണൂരിലും താമസിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇതിനിടയില്‍ യുവതിക്ക് തലശ്ശേരിയില്‍ ഓട്ടോഡ്രൈവറുമായി അടുത്തബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. ഈ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് യുവതിയുടെ താമസ സ്ഥലം കണ്ടെത്തിയത്.
ഈ വീട്ടില്‍ രഹസ്യാന്വേഷണം ഏര്‍പ്പെടുത്തിയ പോലീസ് തനൂജ പുലര്‍ച്ചെ കൊച്ചിയില്‍ നിന്നെത്തിയ ഉടനെ പിടികൂടുകയായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചാണ് തലശ്ശേരിയില്‍ ഇവര്‍ വാടക വീട് വാങ്ങിയതെന്നും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
No comments:
Post a Comment