Latest News

അമേരിക്കയില്‍ കാണാതായ മൂന്നു വയസുകാരി ഷെറിന്റെ മൃതദേഹം കണ്ടെത്തി

റിച്ചാർഡ്സൺ (ടെക്‌സാസ്): അമേരിക്കയില്‍ കാണാതായ മൂന്നു വയസുകാരി ഇന്ത്യന്‍ ബാലിക ഷെറിന്‍ മാത്യൂസിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. ഷെറിന്റെ വീടിന് ഒരു കിലോമീറ്റര്‍ മാറി കലുങ്കിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.[www.malabarflash.com]

ഒക്ടോബര്‍ 7 ശനിയാഴ്ചയാണ് മലയാളി ദമ്പതികളുടെ വളര്‍ത്തു മകളായ ഷെറിനെ കാണാതായത്. അമേരിക്കന്‍ സമയം ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

പാല് കുടിക്കാത്തതിന് ശിക്ഷയായി വീടിന് പുറത്തിറക്കി നിര്‍ത്തിയ കുട്ടിയെ അല്പസമയത്തിനകം കാണാതാവുകയായിരുന്നു. ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് പാല്‍ കുടിക്കാന്‍ വിസമ്മതിച്ച കുഞ്ഞിനെ ശിക്ഷിക്കാന്‍ വീടിന് പിന്നാമ്പുറത്തുള്ള ഒരു മരത്തിന്റെ കീഴെ കൊണ്ടുനിര്‍ത്തിയെന്നും, 15 മിനിറ്റ് കഴിഞ്ഞ് ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമാണ് പിതാവ് വെസ്ലി മാത്യൂസ് റിച്ചാര്‍ഡ്സണ്‍ പോലീസിനോട് പറഞ്ഞത്.

എന്നാല്‍, പുലര്‍ച്ചെ 3 മണിക്ക് ആരെങ്കിലും മൂന്നു വയസ്സുള്ള പിഞ്ചുകുഞ്ഞിനെ ഇങ്ങനെ പുറത്തു നിര്‍ത്തുമോ എന്ന ചോദ്യത്തിന് വെസ്ലി മാത്യൂസിന് ഉത്തരമില്ലെന്ന് പോലീസ് വക്താവ് പറയുന്നു. മാനസിക വളര്‍ച്ചയെത്താത്ത കുട്ടിയാണ് ഷെറിന്‍.

കുട്ടിയെ കാണാതായത് ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നെങ്കിലും പോലീസില്‍ വിവരമറിയിക്കുന്നത് രാവിലെ എട്ടു മണിയ്ക്കാണെന്നതും പോലീസിന് സംശയത്തിനിട നല്‍കുന്നു. എന്തുകൊണ്ടാണ് അത്രയും താമസിച്ചതെന്ന ചോദ്യത്തിനും വെസ്ലി മാത്യൂസിന് വ്യക്തമായ ഉത്തരമില്ല. റിച്ചാര്‍ഡ്സണ്‍ പോലീസ് പ്രദേശം മുഴുവന്‍ അരിച്ചു പെറുക്കിയെങ്കിലും കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

ബിഹാറിലെ സന്നദ്ധസംഘടനയായ മദര്‍ തെരേസ അനദ് സേവാ സന്‍സ്താനില്‍നിന്നാണ് കഴിഞ്ഞവര്‍ഷം ജൂണ്‍ 23-നാണ് എറണാകുളം സ്വദേശിയായ വെസ്‌ലി മാത്യുവും കുടുംബവും കുട്ടിയെ ദത്തെടുത്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.