Latest News

കുരുങ്ങിയത് പ്രമുഖര്‍; സോളാര്‍ കമ്മീഷന്‍ കണ്ടെത്തലുകളും നടപടികളുടെയും പൂര്‍ണരൂപം

തിരുവനന്തപുരം: സോളാര്‍ അഴിമതി അന്വേഷിച്ച ജ. ജി ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സ്വീകരിച്ച നടപടികളുടെ പൂര്‍ണരൂപം...[www.malabrflash.com]

28.10.2013നാണ് പ്രമാദമായ സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ ജസ്റ്റിസ് ശിവരാജനെ അന്വേഷണ കമ്മീഷനായി നിയോഗിച്ചത്. നാലുവര്‍ഷത്തെ തെളിവെടുപ്പിലൂടെ 214 സാക്ഷികളെ വിസ്തരിക്കുകയും 812 രേഖകള്‍ കമ്മീഷന്‍ പരിശോധിക്കുകയും ചെയ്തു.

റിപ്പോര്‍ട്ടിനെപ്പറ്റി
നാല് വോള്യത്തിലായി 1073 പേജുകളാണ് 26.09.2017ന് സര്‍ക്കാരിന് സമര്‍പ്പിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്ളത്. റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗം ആമുഖവും ഗസറ്റ് വിജ്ഞാപനവും സ്റ്റാറ്റിയൂട്ടറി വ്യവസ്ഥകളും നിയമസഭാ ചര്‍ച്ചകള്‍ക്കും പുറമെ ടേംസ് ഓഫ് റഫറന്‍സിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന ആക്ഷേപങ്ങളും നിഗമനങ്ങളും ഉള്‍പ്പെടുന്നതാണ്. അതോടൊപ്പം, ചില ശിപാര്‍ശകളും ഉണ്ട്.

രണ്ടാം ഭാഗം കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സില്‍പ്പെടുന്ന സോളാര്‍ തട്ടിപ്പും അനുബന്ധ സാമ്പത്തിക ഇടപാടുകളും സംബന്ധിച്ചുമാണ്.

മൂന്നാം ഭാഗം രണ്ടു മുതല്‍ ആറുവരെയുള്ള ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ പരിശോധനയും കണ്ടെത്തലുകളും ശിപാര്‍ശകളുമടങ്ങുന്നതാണ്.

നാലാം ഭാഗം കേരളാ പോലീസ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും അതില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുമുള്ളതാണ്.

അന്വേഷണത്തിലേക്ക് നയിച്ച രാഷ്ട്രീയ സംഭവവികാസങ്ങള്‍
സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ടത്. ജനങ്ങളെ കബളിപ്പിക്കുന്നതിന് മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൂട്ടുനിന്നു എന്ന പ്രശ്‌നമുള്‍പ്പെടെ ഇതില്‍ ഉയര്‍ന്നുവന്നു. തുടര്‍ന്ന്, ഈ പ്രശ്‌നത്തിന്റെ വിവിധ വശങ്ങള്‍ ദിനംപ്രതി പുറത്തുവരുന്ന സാഹചര്യവുമുണ്ടായി. ഈ അഴിമതിക്കെതിരെ അതിശക്തമായ പ്രതിഷേധം ജനങ്ങളില്‍ ഉയര്‍ന്നുവരികയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് ഉപരോധസമരവും സംഘടിപ്പിക്കുകയുണ്ടായി.

കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് പ്രതിപക്ഷ കക്ഷികളുമായി ആലോചിച്ച് നിശ്ചയിക്കുമെന്നും പ്രഖ്യാപനമുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ടേംസ് ഓഫ് റഫറന്‍സില്‍ വരേണ്ട കാര്യങ്ങള്‍ നല്‍കുകയും ചെയ്തു. എന്നാല്‍, നേരത്തെ നല്‍കിയ ഉറപ്പ് ലംഘിച്ചുകൊണ്ട് ഏകപക്ഷീയമായി ടേംസ് ഓഫ് റഫറന്‍സ് യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയാണുണ്ടായത്.

അന്നത്തെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമായിരുന്നു സോളാര്‍ അഴിമതിക്കേസില്‍ ഏറ്റവും കൂടുതല്‍ ആരോപണ വിധേയമായത്. മുന്‍ യു.ഡി.എഫ് സര്‍ക്കാരാവട്ടെ അന്വേഷണ പരിധിയില്‍ കൊണ്ടുവരാതെയും മറ്റുമായി അന്നത്തെ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ശ്രമിച്ചത്. എന്നാല്‍, കമ്മീഷന്‍ മുമ്പാകെ ലഭ്യമായ തെളിവുകളും വസ്തുതകളും അന്നത്തെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും സോളാര്‍ തട്ടിപ്പുകേസില്‍ പ്രധാന ഉത്തരവാദികളാണെന്ന് വൈകിയാണെങ്കിലും ജനങ്ങള്‍ക്ക് ബോധ്യമാകുംവിധത്തില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മാറി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പരാജയപ്പെടുത്തി എല്‍.ഡി.എഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 26.09.2017ന് സര്‍ക്കാരിനു മുമ്പാകെ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതായത്, കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അക്കാലത്ത് നടന്ന സംഭവങ്ങളെ സംബന്ധിച്ച് നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടാണ് ഇതെന്നോര്‍ക്കണം.

 03.10.2017 ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ അഡ്വക്കേറ്റ് ജനറലിനോടും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടും സര്‍ക്കാര്‍ നിയമോപദേശം തേടുകയുണ്ടായി.
04.10.2017 ലെ മന്ത്രിസഭാ യോഗത്തില്‍ റിപ്പോര്‍ട്ടില്‍ അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റേയും നിയമോപദേശവും റിപ്പോര്‍ട്ടില്‍ സ്വീകരിക്കേണ്ട നടപടിയും അഭിപ്രായവും ലഭിക്കുന്ന മുറയ്ക്ക് ഇക്കാര്യം മന്ത്രിസഭ മുമ്പാകെ സമര്‍പ്പിക്കാന്‍ ആഭ്യന്തരവകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

10.10.2017ല്‍ അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശം സര്‍ക്കാരിന് ലഭിച്ചു.

കമ്മീഷന്റെ നിഗമനങ്ങളും നിയമോപദേശവും
സര്‍ക്കാര്‍ തീരുമാനങ്ങളും

കമ്മീഷന്‍ റിപ്പോര്‍ട്ട് അഡ്വക്കേറ്റ് ജനറലും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും പരിശോധിച്ച് നിയമോപദേശം പ്രത്യേകം പ്രത്യേകമായി നല്‍കിയിട്ടുണ്ട്. കമ്മീഷന്റെ ശിപാര്‍ശകള്‍ പരിശോധിക്കുന്നതോടൊപ്പം, റിപ്പോര്‍ട്ടിനകത്തുള്ള കാര്യങ്ങളെ കൂടി പരാമര്‍ശിച്ചുകൊണ്ടുള്ള നിയമോപദേശമാണ് ലഭിച്ചിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. റിപ്പോര്‍ട്ടും കൈക്കൊണ്ട നടപടിയും സംബന്ധിച്ച റിപ്പോര്‍ട്ടും ആറുമാസത്തിനുള്ളില്‍ നിയമസഭയില്‍ സമര്‍പ്പിക്കണമെന്ന വ്യവസ്ഥയും സര്‍ക്കാര്‍ നിറവേറ്റുന്നതാണ്.
കമ്മീഷന്റെ നിഗമനങ്ങളും നിയമോപദേശവും അതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭ എടുത്ത തീരുമാനങ്ങളുടെയും സാരാംശമാണ് ഇനി പറയാന്‍ പോകുന്നത്.

കമ്മീഷന്റെ നിഗമനം 1:
ശ്രീ. ഉമ്മന്‍ചാണ്ടിയും ഉമ്മന്‍ ചാണ്ടി മുഖേന തന്റെ പേഴ്‌സണല്‍ സ്റ്റാഫായ ടെന്നി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, ഗണ്‍മാന്‍ സലിംരാജ്, ഉമ്മന്‍ചാണ്ടിയുടെ ഡെല്‍ഹിയിലെ സഹായി കുരുവിളയും, ടീം സോളാര്‍ കമ്പനിയെയും സരിത എസ്. നായരെയും അവരുടെ ഉപഭോക്താക്കളെ വഞ്ചിക്കുന്നതിനായി സഹായിച്ചിട്ടുണ്ട്. മാത്രമല്ല, അന്നത്തെ ആഭ്യന്തരവിജിലന്‍സ് മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അദ്ദേഹത്തിന്റെ കീഴിലുള്ള പോലീസ് ഓഫീസര്‍മാരെ നിയമവിരുദ്ധമായും കുറ്റകരമായും സ്വാധീനിച്ചിട്ടുമുണ്ട്.

നിയമോപദേശം: കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടി നേരിട്ടും മറ്റുള്ളവര്‍ മുഖേനയും വലിയ തുകകള്‍ കൈക്കൂലിയായി സരിത എസ്. നായരില്‍ നിന്നും അവരുടെ കമ്പനിയില്‍ നിന്നും വാങ്ങിയതായി കണ്ടെത്തിയതിനാല്‍ അഴിമതി നിരോധന നിയമത്തിലെ 7, 8, 9, 13 വകുപ്പുകള്‍ പ്രകാരം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താവുന്നതാണ്.

ഉമ്മന്‍ചാണ്ടിയെ സോളാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍ നിന്നും ഒഴിവാക്കുന്നതിനായി തന്റെ കീഴിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ മുഖാന്തിരം നടത്തിയ ശ്രമങ്ങള്‍ക്കും എടുത്ത നടപടികള്‍ക്കും അന്നത്തെ ആഭ്യന്തരവിജിലന്‍സ് വകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസ് എടുത്ത് അന്വേഷണം നടത്താവുന്നതാണ്.

പെരുമ്പാവൂര്‍ പോലീസ് സ്‌റ്റേഷന്‍ െ്രെകം നമ്പര്‍ 368/2013, കോന്നി പോലീസ് സ്‌റ്റേഷന്‍ ക്രൈം നമ്പര്‍ 656/2013 എന്നീ കേസുകളില്‍ ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും എതിരെ ഉള്ള കുറ്റകരമായ ഗൂഢാലോചന, പ്രതികളെ സഹായിച്ചു തുടങ്ങിയ ആരോപണങ്ങളും, സജീവമായ പങ്കാളിത്തത്തെക്കുറിച്ചും ക്രിമിനല്‍ നടപടി ചട്ടം 173 (8) പ്രകാരം തുടരന്വേഷണം നടത്താവുന്നതാണ്.

സ്വീകരിക്കുന്ന നടപടി: ഉമ്മന്‍ചാണ്ടി നേരിട്ടും മറ്റുള്ളവര്‍ മുഖേനയും കൈക്കൂലി വാങ്ങിയതിന്റെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള മേല്‍പ്പറഞ്ഞവരുടെ പേരില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതാണ്.

ഉമ്മന്‍ചാണ്ടി, ടെന്നി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്ബ്, സലിം രാജ് എന്നിവര്‍ക്കെതിരെ തുടരന്വേഷണത്തിനു വേണ്ടി ക്രിമിനല്‍ നടപടി നിയമ പ്രകാരം ബന്ധപ്പെട്ട കോടതികളില്‍ നിയമാനുസൃതം ഹര്‍ജി നല്‍കുകയും തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നതുമാണ്.
. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുകയും ചെയ്യുന്നതാണ്.

കമ്മീഷന്റെ നിഗമനം 2 :
ഊര്‍ജ്ജമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് ഈ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ കണ്ടെത്തിയതുപോലെ നിയമവിരുദ്ധമായി ടീം സോളാറിനെയും സരിത. എസ്. നായരെയും സഹായിച്ചിട്ടുണ്ട്.

നിയമോപദേശം: ശ്രീ. ഉമ്മന്‍ചാണ്ടി, ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ കാര്യത്തില്‍ സ്വീകരിക്കുന്ന നടപടി തന്നെ സ്വീകരിക്കാവുന്നതാണ്.
സ്വീകരിക്കുന്ന നടപടി: കേസ് രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സും പ്രത്യേക അന്വേഷണ സംഘവും അന്വേഷിക്കുന്നതാണ്.

കമ്മീഷന്റെ നിഗമനം 3 :
പ്രത്യേക അന്വേഷണ സംഘം ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ കുറ്റത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കുത്സിത ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. കൂടാതെ, പ്രത്യേക അന്വേഷണ സംഘം സംസ്ഥാന മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കേന്ദ്രമന്ത്രിമാര്‍, എം.എല്‍.എമാര്‍, സോളാര്‍ കേസുകള്‍ അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ കുറ്റകരമായ പങ്കിനെ സംബന്ധിച്ച് സി.ഡി.ആറും തെളിവുകളുമായി ബന്ധപ്പെട്ട മറ്റ് രേഖകളും പരിശോധിച്ചിട്ടുമില്ല.

നിയമോപദേശം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ നിഗൂഢമായ പദ്ധതികള്‍ ഒരുക്കിയതിനും മറ്റു സംസ്ഥാനകേന്ദ്ര മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ അന്വേഷണം നടത്താതിരുന്നതിനും പ്രത്യേക അന്വേഷണ സംഘാംഗങ്ങള്‍ക്കെതിരെ വകുപ്പുതല നടപടി എടുക്കാവുന്നതാണ്.
കെ. പത്മകുമാര്‍ ഐ.പി.എസ്, ഡി.വൈ.എസ്.പി കെ. ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിനും കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്ത് നടപടിയെടുക്കാം.

സ്വീകരിക്കുന്ന നടപടി: സ്ഥാനത്തുനിന്ന് മാറ്റുകയും വകുപ്പുതല നടപടി സ്വീകരിക്കുകയും ചെയ്യാവുന്നതാണ്. കെ. പത്മകുമാര്‍ ഐ.പി.എസ്, ഡി.വൈ.എസ്.പി കെ. ഹരികൃഷ്ണന്‍ എന്നീ പോലീസ് ഉദ്യോസ്ഥ•ാര്‍ തെളിവുകള്‍ നശിപ്പിച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും. മാത്രമല്ല, പ്രത്യേക അന്വേഷണ സംഘത്തലവന്‍ എ. ഹേമചന്ദ്രന്‍ ഐ. പി.എസ് അടക്കമുള്ള മറ്റ് ഉദ്യോസ്ഥ•ാരുടെ പങ്കിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നതാണ്.

കമ്മീഷന്റെ നിഗമനം 4:
ടീം സോളാര്‍ കമ്പനിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാ മന്ത്രിമാരും സരിതാ എസ്. നായരുടെ ടീം സോളാര്‍ കമ്പനിയുടെ സോളാര്‍ സ്ട്രീറ്റ്‌ലൈറ്റ് സ്ഥാപിക്കാന്‍ ശിപാര്‍ശ ചെയ്ത എം.എല്‍.എമാരും അവരുടെ ക്രിമിനല്‍ കേസുകള്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ച തമ്പാനൂര്‍ രവി (മുന്‍ എം.എല്‍.എ), ബെന്നി ബഹന്നാന്‍ എം.എല്‍.എ തുടങ്ങിയവരും ഉമ്മന്‍ചാണ്ടിയെ രക്ഷപ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിച്ചതായി കമ്മീഷന്‍ കണ്ടെത്തുന്നു.

നിയമോപദേശം: തമ്പാനൂര്‍ രവി എക്‌സ്. എം.എല്‍.എ, ബെന്നി ബെഹന്നാന്‍ എക്‌സ്. എം.എല്‍.എ എന്നിവര്‍ക്കെതിരെ സോളാര്‍ കേസിലെ പ്രതികളെ രക്ഷിക്കാന്‍ മനഃപൂര്‍വ്വമായി ഇടപെട്ടതിനും ക്രിമിനല്‍ അന്വേഷണം തടസ്സപ്പെ ടുത്താന്‍ ശ്രമിച്ചതിനും തെളിവുകള്‍ നശിപ്പിച്ചതിനും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാവുന്നതാണ്.

സ്വീകരിക്കുന്ന നടപടി: ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.

കമ്മീഷന്റെ നിഗമനം 5:
19.07.2013 ലെ സരിതാ നായരുടെ കത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള വ്യക്തികള്‍ സരിതാ നായരുമായും അവരുടെ അഡ്വക്കേറ്റുമായും ഫോണില്‍ ബന്ധപ്പെട്ടതായി കാണുന്ന തെളിവുകളുണ്ട്.

നിയമോപദേശം: കമ്മീഷന്‍ മുമ്പാകെ ഹാജരാക്കിയ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍, സരിത എസ്. നായര്‍ക്കെതിരെ ലൈംഗിക പീഡനവും ബലാത്സംഗവും നടന്നതായി തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, പ്രത്യേക അന്വേഷണ സംഘം ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയതായി കാണുന്നില്ല. ആയതിനാല്‍, സരിത എസ്. നായരുടെ 19.07.2013 ലെ കത്തില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെ ലൈംഗിക പീഡനത്തിനും, സ്ത്രീത്വത്തെ അപമാനിച്ചതിനും, ബലാത്സംഗത്തിനും ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താവുന്നതാണ്.

സ്വീകരിക്കുന്ന നടപടി: ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.

കമ്മീഷന്റെ നിഗമനം 6:
കമ്മീഷന്‍ കേരള പോലീസ് അസോസിയേഷന്റെ സെക്രട്ടറിയായിരുന്ന ശ്രീ. ജി.ആര്‍. അജിത്തിനെതിരെ അച്ചടക്കരാഹിത്യത്തിന് ശക്തമായ നടപടി ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഈ കേസില്‍ പി.സി ആക്ട് ഉപയോഗിക്കാനാകുമോ എന്ന കാര്യം പരിഗണിക്കണമെന്ന് കമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.

നിയമോപദേശം: കേരള പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍, പ്രത്യേകിച്ച് അതിന്റെ ജനറല്‍ സെക്രട്ടറി ശ്രീ. ജി.ആര്‍. അജിത്ത് 20 ലക്ഷം രൂപ സോളാര്‍ പ്രതികളില്‍ നിന്നും കൈക്കൂലി വാങ്ങി എന്ന ആരോപണത്തെ സംബന്ധിച്ച് ഇവര്‍ക്കെതിരെ ബാധകമായ സര്‍വ്വീസ് ചട്ടം പ്രകാരം വകുപ്പുതല നടപടിയും അഴിമതി നിരോധന നിയമ പ്രകാരം ക്രിമിനല്‍ കേസുമെടുത്ത് അന്വേഷണം നടത്താവുന്നതാണ്.

സ്വീകരിക്കുന്ന നടപടി: വകുപ്പുതല നടപടിയും കേസ് രജിസ്റ്റര്‍ ചെയ്ത് വിജിന്‍സ് അന്വേഷണവും നടത്തുന്നതാണ്.

കമ്മീഷന്റെ നിഗമനം 7: (7 ന്റെയും 8 ന്റെയും നടപടികള്‍ ഒന്നിച്ചാണ്.)
പോലീസ് സേനയുടെ അച്ചടക്കം ഉയര്‍ത്തിപ്പിടിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്റിന് സമര്‍പ്പിക്കുവാന്‍ അനുയോജ്യമായ കാര്യക്ഷമതയുള്ള ഒരു ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണ്.

കമ്മീഷന്റെ നിഗമനം 8:
കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ട പ്രധാനപ്പെട്ട ഒരു കാര്യം ജയില്‍ അധികാരികളും ബന്ധപ്പെട്ട പോലീസ് വകുപ്പും ശിക്ഷിക്കപ്പെട്ടവരോ വിചാരണ നേരിടുന്നവരോ ആയ തടവുകാരെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിന് ശരിയായ നടപടികള്‍ സ്വീകരിച്ചുകൊണ്ടല്ല എന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജയില്‍ അധികൃതരും ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരും ആവശ്യമായ പോലീസ് അകമ്പടി ഇത്തരം കാര്യങ്ങളില്‍ നല്‍കേണ്ടതുണ്ട്.

നിയമോപദേശം (7 നും 8 നും പൊതുവായി): സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, സംസ്ഥാനത്തെ പോലീസ് അന്വേഷണ സംവിധാനത്തെ ശക്തവും കാര്യക്ഷമവും പക്ഷപാതരഹിതവും ആക്കുന്നതിനെ സംബന്ധിച്ചും പോലീസ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളേയും പരിധിയേയും സംബന്ധിച്ചും ജയിലില്‍ നിന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗരേഖകള്‍ സംബന്ധിച്ചും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നതിനായി ഒരു കമ്മീഷനെ നിയോഗിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്.

സ്വീകരിക്കുന്ന നടപടി:
കമ്മീഷനും നിയമോപദേശകരും ചൂണ്ടിക്കാട്ടിയ രീതിയില്‍ സര്‍ക്കാരിലേക്ക് ശിപാര്‍ശ സമര്‍പ്പിക്കാനായി റിട്ട. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായി ഒരു കമ്മീഷനെ നിയമിക്കുന്നതാണ്.

കമ്മീഷന്റെ നിഗമനം 9:
സെക്രട്ടേറിയറ്റിന്റെ സുരക്ഷയ്ക്കുവേണ്ടി സി.സി.ടി.വിയുടെ ദൃശ്യങ്ങള്‍ ചുരുങ്ങിയപക്ഷം ഒരു വര്‍ഷമോ അല്ലെങ്കില്‍ ഇവ സൂക്ഷിക്കുന്നതിനായി 500 ജി.ബി ഹാര്‍ഡ് ഡിസ്‌ക് സ്ഥാപിക്കുകയോ 15 ദിവസം കൂടുമ്പോള്‍ അവ നിറഞ്ഞുകഴിഞ്ഞാല്‍ ഇതിലെ ദൃശ്യങ്ങള്‍ ശരിയായ രീതിയില്‍ പകര്‍ത്തി സംരക്ഷിക്കുകയോ ചെയ്യേണ്ടതാണ്.

നിയമോപദേശം: ഭരണപരമായ വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതാണ് ഉചിതം.

സ്വീകരിക്കുന്ന നടപടി:
ഇക്കാര്യം പരിശോധിക്കാനായി ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തും.

കമ്മീഷന്റെ നിഗമനം 10:
ഊര്‍ജ്ജ വകുപ്പിനു കീഴിലാണ് ‘അനെര്‍ട്ട്’ പ്രവര്‍ത്തിക്കുന്നത്. ഇതിനെ ശരിയായ രീതിയില്‍ നടത്തിയാല്‍ സൌരോര്‍ജ്ജത്തിന്റെ നിര്‍മ്മാണത്തിനും വിതരണത്തിനും വികാസത്തിനും വേണ്ടി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ ഫലപ്രദമായി ഉപയോഗിക്കാനും മുന്നോട്ടുകൊണ്ടുപോകാനും കഴിയും.

നിയമോപദേശം: ഭരണപരമായ വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതാണ് ഉചിതം.

സ്വീകരിക്കുന്ന നടപടി: ഇക്കാര്യം പരിശോധിക്കാനായി ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തും.
കമ്മീഷന്റെ പ്രധാന കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍
നിയമോപദേശകര്‍ നല്‍കിയ ശിപാര്‍ശയുടെ പരിശോധന
കമ്മീഷന്റെ ശിപാര്‍ശകള്‍ക്കു പുറമെ, റിപ്പോര്‍ട്ടിനകത്തുള്ള നിഗമനങ്ങളൂടെ കൂടി അടിസ്ഥാനത്തില്‍ മറ്റു ചില കാര്യങ്ങള്‍ കൂടി നിയമോപദേശകര്‍ നല്‍കിയിട്ടുണ്ട്. ഒന്നാമത്തെ കാര്യം സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനെ തുടര്‍ന്ന് ഇനിയും പരാതികള്‍ ലഭിക്കുന്നതിനും പഴയ കേസുകളില്‍ പുതിയ തെളിവുകളും രേഖകളും ലഭിക്കുന്നതിനും സാധ്യതയുണ്ട്. പുതിയ പരാതികള്‍ ലഭിക്കുകയാണെങ്കില്‍ അവയെ സംബന്ധിച്ച് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പഴയ കേസുകളില്‍ പുതിയ രേഖകളോ തെളിവുകളോ ലഭിക്കുന്നപക്ഷം തുടരന്വേഷണവും നടത്താവുന്നതാണ്.
സ്വീകരിക്കുന്ന നടപടികള്‍: ഇത്തരത്തില്‍ പുതിയ പരാതികളോ പുതിയ രേഖകളോ തെളിവുകളോ ലഭിക്കുന്നപക്ഷം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നതാണ്.

രണ്ടാമതായി, കൈക്കൂലി പണമായി സ്വീകരിച്ചത് കൂടാതെ സരിത എസ്. നായരില്‍ നിന്ന് ലൈംഗിക സംതൃപ്തി നേടിയതിനെയും അഴിമതി നിരോധന നിയമം 7ാം വകുപ്പിന്റെ വിശദീകരണ കുറിപ്പിനാല്‍ കൈക്കൂലിയായി കണക്കാക്കാം എന്ന് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍, സരിത എസ്. നായരുടെ 19.07.2013 ലെ കത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വ്യക്തികള്‍ക്കെതിരെ അഴിമതി നിരോധന നിയമം പ്രകാരം കേസ് എടുത്ത് അന്വേഷണം നടത്താവുന്നതാണ്.

കമ്മീഷന്‍ മുമ്പാകെ ഹാജരാക്കുകയും ലഭ്യമാക്കുകയും ചെയ്ത തെളിവുകളുടെ അടിസ്ഥാനത്തില്‍ അഴിമതി നടത്തുകയും നിയമവിരുദ്ധമായ പാരിതോഷികങ്ങള്‍ സ്വീകരിക്കുകയും ചെയ്തതായി ആരോപിതരായ വ്യക്തികള്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്താന്‍ സാധിക്കുമോയെന്ന് ഗൌരവമായി സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കമെന്ന് കമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.

സ്വീകരിക്കുന്ന നടപടികള്‍: അഴിമതി നടത്തിയതായി കമ്മീഷന്‍ ചൂണ്ടിക്കാട്ടിയ എല്ലാവരുടെയും പേരില്‍ അഴിമതി നിരോധന നിയമ പ്രകാരം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.