Latest News

എഫ്.സി.ഐ. അരി കരിഞ്ചന്തയിലേക്ക്; ലോറിഡ്രൈവറെയും ഗോഡൗണ്‍ മാനേജരെയും സി.ബി.ഐ. അറസ്റ്റ് ചെയ്തു

കോഴിക്കോട്: പൊതുവിതരണത്തിന് എത്തിച്ച അരി കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നതിനായി കടത്തിയ ലോറിഡ്രൈവറെയും സ്വകാര്യ ഗോഡൗണ്‍ മാനേജരെയും സി.ബി.ഐ. അറസ്റ്റ് ചെയ്തു. അരി കടത്തിക്കൊണ്ടുപോയ കാസര്‍കോട്ടെ സ്വകാര്യ ഗോഡൗണിലും ഗോഡൗണ്‍ നടത്തിപ്പുകാരുടെ കോഴിക്കോട്ടെ വീട്ടിലും സി.ബി.ഐ. റെയ്ഡ് നടത്തി.[www.malabarflash.com]

ലോറി ഡ്രൈവര്‍ കൊയിലാണ്ടി സ്വദേശി അനീഷ് ബാബുവിനെയും കാസര്‍കോട്ടെ ആര്‍. ആന്‍ഡ് എസ്. ട്രേഡിങ് കമ്പനി ഗോഡൗണിന്റെ മാനേജര്‍ നോബിനെയുമാണ് സി.ബി.ഐ. കൊച്ചിയൂണിറ്റ് സൂപ്രണ്ട് എ. ഷിയാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് വിദ്യാനഗറില്‍ പ്രവര്‍ത്തിക്കുന്ന ആര്‍. ആന്‍ഡ് എസ്. ട്രേഡിങ് കമ്പനി ഗോഡൗണിലും ഇതിന്റെ ഉടമകളായ റബിലേഷിന്റെയും ശാന്തകുമാറിന്റെയും കോഴിക്കോട്ടെ ചേവായൂരിലെയും ഹൈലൈറ്റ് ഫ്‌ളാറ്റിലെയും വീടുകളിലും സി.ബി.ഐ. പരിശോധന നടത്തി.

റബിലേഷും ശാന്തകുമാറും ഒളിവിലാണ്. 2017 ഏപ്രില്‍ ഒന്നിനും ജൂണ്‍ 30-നും ഇടയില്‍ എഫ്.സി.ഐ. മീനങ്ങാടി ഡിപ്പോയിലേക്ക് എത്തിയ സ്റ്റോക്കില്‍ 2399 ചാക്ക് അരി തിരിമറി നടത്തിയെന്നതാണ് കേസ്. ഇതുകാരണം എഫ്.സി.ഐ.യ്ക്ക് 38.79 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നതാണ് സി.ബി.ഐ. എഫ്.ഐ.ആറിലൂടെ കോടതിയെ അറിയിച്ചിരിക്കുന്നത്. ഈ കേസിലാണ് ലോറി ഡ്രൈവറെ അറസ്റ്റ്‌ചെയ്തതും സ്വകാര്യ ഗോഡൗണിലും ഉടമകളുടെ വീടുകളിലും റെയ്ഡ് നടത്തിയതും. ഈവര്‍ഷം ജൂലായ് 18-ന് മീനങ്ങാടി ഡിപ്പോയില്‍ പരിശോധന നടത്തിയപ്പോഴാണ് അരിച്ചാക്കുകളിലെ കുറവ് സി.ബി.ഐ. കണ്ടെത്തിയത്.

ഈകേസില്‍ എഫ്.സി.ഐ. വയനാട് മീനങ്ങാടി ഡിപ്പോ മാനേജര്‍ രാമകൃഷ്ണന്‍, അതേ ഡിപ്പോയിലെ അസി. ഗ്രേഡ്-2 ജീവനക്കാരനായ പി. ഗിരീശന്‍ എന്നിവരെ നേരത്തേ ഒന്നും രണ്ടും പ്രതികളാക്കിയിരുന്നു.

കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് കൊണ്ടുപോയ പതിനേഴ് ലോഡ് അരിയില്‍ ഒരുലോഡ് അവിടെ എത്തിയിരുന്നില്ല. ഈ ലോഡ് ലോറി ഓടിച്ചിരുന്നത് അനീഷ് ബാബുവാണെന്ന് സി.ബി.ഐ. കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 

ഇങ്ങനെ അരിലോഡ് സ്വകാര്യ ഗോഡൗണിലേക്ക് കൊണ്ടുപോകുന്നതിന് 11,30,000 രൂപ കാസര്‍കോട്ടെ ഏജന്റ് അനീഷിന് നല്‍കി. അനീഷ് ഇതില്‍ പതിനായിരം രൂപ തന്റെ കമ്മിഷനായി എടുത്തു. പതിനായിരം രൂപ യാത്രാച്ചെലവായും എടുത്തു. ബാക്കി തുക എഫ്.സി.ഐ. ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്നതാണ് മൊഴി. മുമ്പ് പലതവണ ഇത്തരത്തില്‍ അരിലോഡ് വഴിമാറ്റി കൊണ്ടുപോയതായും മൊഴിയുണ്ട്.

സി.ബി.ഐ. ഇന്‍സ്‌പെക്ടര്‍മാരായ ഇമ്മാനുവേല്‍ ഏയ്ഞ്ചല്‍, പി.ഐ. അബ്ദുള്‍ അസീസ്, ബൈജു, ജോണ്‍സണ്‍, ഹെഡ് കോണ്‍സ്റ്റബിള്‍ പ്രസാദ്, അയ്യൂബ്, ജേക്കബ്, പ്രമോദ്, സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വംനല്‍കിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.