Latest News

ഉമറിന്റെ മയ്യിത്ത് വീട്ടിലേക്ക് കൊണ്ടുവന്നതും ചോരക്കുഞ്ഞുമായി ഖുര്‍ഷിദ വീട്ടില്‍ പ്രവേശിച്ചതും ഒരേ സമയത്ത്‌

ജയ്പൂര്‍: രാജസ്ഥാനില്‍ പശുസംരക്ഷകര്‍ വെടിവച്ചുകൊന്ന ഉമര്‍ മുഹമ്മദിന്റെ മൃതദേഹം ബുധനാഴ്ച ഖബറടക്കിയപ്പോള്‍ അന്നുതന്നെ ആ വീട്ടിലേക്ക് പുതിയ ഒരതിഥിയെത്തി.[www.malabarflash.com] 

ഉമറിന്റെ ഒന്‍പതാമത്തെ കുഞ്ഞിന് പത്‌നി ഖുര്‍ഷിദ ജന്മം നല്‍കി. ഉമറിന്റെ മയ്യിത്ത് വീട്ടിലേക്ക് കൊണ്ടുവന്നതും ചോരക്കുഞ്ഞുമായി ഖുര്‍ഷിദ വീട്ടില്‍ പ്രവേശിച്ചതും ഒരേ സമയത്തായിരുന്നു. 

ഗ്രാമത്തിനടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഖുര്‍ഷിദ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 

പശുക്കളെ ഗ്രാമത്തിലേക്ക് കൊണ്ടുപോവുന്നതിനിടെ നവംബര്‍ 10നാണ് ഭരത്പൂരിലെ ഗാത്മിക ഗ്രാമവാസിയായിരുന്ന 42കാരനായ ഉമര്‍ഖാനെ ഗോരക്ഷാപ്രവര്‍ത്തകര്‍ വെടിവച്ചുകൊന്നത്. അല്‍വാറില്‍ വച്ചായിരുന്നു സംഭവം. വെടിവച്ച് കൊന്ന ശേഷം മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. 

കൊലപാതകത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വീട്ടുകാരില്‍ നിന്നും പ്രതിഷേധമുയര്‍ന്നതോടെ ഖബറടക്കം ബുധനാഴ്ച വരെ നീളുകയായിരുന്നു. ഖബറടക്കച്ചടങ്ങില്‍ നൂറു കണക്കിനാളുകാണ് സംബന്ധിച്ചത്.
ഖബറടക്കത്തിന്റെ ചടങ്ങുകള്‍ നടക്കുമ്പോള്‍ വൈക്കോലില്‍ ടാര്‍പോളിന്‍ വിരിച്ചതിന്റെ മുകളില്‍ ഉറക്കെ കരയുന്ന ചോരക്കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്താണ് ഖുര്‍ഷിദ കിടന്നത്. ചടങ്ങുകള്‍ക്കായെത്തിയ ഇമാം കുഞ്ഞിന് ഇബ്രാന്‍ ഖാന്‍ എന്നു പേരിടുകയും ചെയ്തു. ബാക്കി എട്ടു കുഞ്ഞുങ്ങള്‍ക്കും പേരിട്ടത് ഉമറായിരുന്നെന്നു ബന്ധുക്കള്‍ ഓര്‍ക്കുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.