Latest News

കോഴിക്കോട്ട് രണ്ട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ കണ്ടെത്തി

കോഴിക്കോട്: വിദേശത്തുനിന്ന് നിയമവിരുദ്ധമായി രാജ്യത്തേക്ക് ഫോണ്‍ കോളുകള്‍ എത്തിക്കുന്ന രണ്ട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ കണ്ടെത്തി. ടെലികോം മന്ത്രാലയത്തിന്റെ എന്‍ഫോഴ്‌സ്‌മെന്റ് റിസോഴ്‌സ് ആന്‍ഡ് മോണിറ്ററിങ് സെല്ലും (ടേം) ടൗണ്‍ പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങളും ഒട്ടേറെ തിരിച്ചറിയല്‍ രേഖകളും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പോലീസ് നിരീക്ഷണത്തിലാണ്.[www.malabarflash.com]

കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം ആനിഹാള്‍ റോഡില്‍ പി.ബി.എം. ബില്‍ഡിങ്ങിന്റെ രണ്ടാം നിലയിലെ മുറിയിലും വലിയങ്ങാടിയുടെ പഴയ പാസ്‌പോര്‍ട്ട് ഓഫീസ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ മുറിയിലുമായി പ്രവര്‍ത്തിച്ച സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളാണ് കണ്ടെത്തിയത്.

വിദേശത്തുനിന്ന് വരുന്ന കോളുകള്‍ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷനിലൂടെ സ്വീകരിച്ച് ചൈനീസ് ഉപകരണത്തിന്റെ സഹായത്തോടെ രാജ്യത്തിനകത്തുനിന്നുള്ള മൊബൈല്‍ കോളാക്കി മാറ്റുകയാണ് സമാന്തര ടെലികോം എക്‌സ്‌ചേഞ്ച് മുഖേന ചെയ്യുന്നത്. ഇതിന് പരിധിയില്ലാതെ ഉപയോഗിക്കാവുന്ന അതിവേഗ ഇന്റര്‍നെറ്റ് പ്ലാനുകളും ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യന്‍ വയര്‍ലെസ് ടെലിഗ്രാഫ് ആക്ട്, ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട്, ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 406, 420 വകുപ്പുകള്‍ എന്നിവ പ്രകാരമാണ് ടൗണ്‍ പോലീസ് കേസെടുത്തത്.

ആളില്ലാതെ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന ചൈനീസ് നിര്‍മിത ഉപകരണമാണ് എക്‌സ്‌ചേഞ്ചിലെ മുഖ്യ ഉപകരണം. ഒരേസമയം 32 സിം കാര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന രണ്ട് ഉപകരണങ്ങളും (വി.ഒ.ഐ.പി. മെഷീന്‍) 16 സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന എട്ട് ഉപകരണങ്ങളുമാണ് പ്രധാനമായും കണ്ടെത്തിയത്. ഒപ്പം, ഫോട്ടോ സ്‌കാനിങ് മെഷീന്‍, എ.ടി.എം. കാര്‍ഡ് സ്വൈപ്പിങ് യന്ത്രം, മോഡം, യു.പി.എസ്., കര്‍ണാടക-കേരള വിലാസത്തിലുള്ള ആധാര്‍ കാര്‍ഡുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ എന്നിവയും കണ്ടെത്തി.

മരുന്നുവിതരണ കമ്പനിയുടെ ബോര്‍ഡ് വ്യാജമായി സ്ഥാപിച്ച അടച്ചിട്ട മുറിയുടെ പൂട്ട് പൊളിച്ചാണ് പരിശോധന നടത്തിയത്.

ടെലികോം മന്ത്രാലയത്തിന്റെ എന്‍ഫോഴ്‌സ്‌മെന്റ് റിസോഴ്‌സ് ആന്‍ഡ് മോണിറ്ററിങ് സെല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സി. സുനിത, അസി. ഡയറക്ടര്‍ ജനറല്‍ എസ്. ഹരികൃഷ്ണന്‍, ഇന്റലിജന്‍സ് ഓഫീസര്‍മാരായ സനൂപ് ടി. നായര്‍, ശ്യാം കുമാര്‍, ടൗണ്‍ എസ്.ഐ.മാരായ കെ. ശംഭുനാഥ്, പി. മുരളി, എ.എസ്.ഐ. അലി, പോലീസുകാരായ പ്രദീപന്‍, അജിത്ത്, ഓംപ്രസാദ് എന്നിവരും എയര്‍ടെല്‍, വൊഡാഫോണ്‍, ബി.എസ്.എന്‍.എല്‍., ഐഡിയ കമ്പനികളുടെ മൊബൈല്‍ വിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.