Latest News

ഓര്‍മ്മകളുടെ കുളിര്‍മ്മയുമായി അവര്‍ ഒത്തുകൂടി; ‘ലാ മെമ്മോറിയ’ നവ്യാനുഭവമായി

കാസര്‍കോട്: മൂന്നരപ്പതിറ്റാണ്ടിന്റെ പ്രൗഢ പാരമ്പര്യമുള്ള ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് അക്ഷര മധുരം നുണഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഏറെ വര്‍ഷങ്ങള്‍ക്കിപ്പുറം സ്‌കൂളില്‍ ഒത്തുചേര്‍ന്നപ്പോള്‍ ഓര്‍മ്മയുടെ ചെപ്പില്‍ കോര്‍ത്തുവെക്കാനുള്ള അനര്‍ഘ മുഹൂര്‍ത്തമായി.[www.malabarflash.com]

ഒ.എസ്.എയുടെ ആഭിമുഖ്യത്തിലാണ് 1985 എസ്.എസ്.എല്‍.സി. ബാച്ച് മുതല്‍ 2017 ഹയര്‍സെക്കണ്ടറി ബാച്ച് വരെയുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം ഒരുക്കിയത്. ലാ മെമ്മോറിയ എന്ന പേരില്‍ സംഘടിപ്പിച്ച സംഗമം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 

നിരവധി പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് എം.എല്‍.എ. പറഞ്ഞു. നടന്നുവന്ന വഴികള്‍ ഓര്‍ക്കുന്നത് ഇനി താണ്ടാനുള്ള പടവുകളെ ധന്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒ.എസ്.എയുടെ ലോഗോ പ്രകാശനം മുന്‍ മന്ത്രിയും സ്‌കൂള്‍ മാനേജരുമായ സി.ടി. അഹമ്മദലിയും അംഗത്വ വിതരണം സിനിമാ-സീരിയല്‍ താരവും സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ സിനി ഏലിയാമ്മ വര്‍ഗീസിന് നല്‍കി ഒ.എസ്.എ. പ്രസിഡണ്ട് മുഹമ്മദലി മുണ്ടാങ്കുലവും നിര്‍വഹിച്ചു. 

തുടര്‍ന്ന് നടന്ന ഗുരു വന്ദനം പരിപാടിയില്‍ അന്തരിച്ച സരോജിനിയമ്മ ടീച്ചര്‍, രാജലക്ഷ്മി ടീച്ചര്‍, അബൂബക്കര്‍ പി. എന്നിവര്‍ക്ക് മരണാനന്തര ബഹുമതി സമ്മാനിച്ചു. പഴയകാല അധ്യാപകരായ മുഹമ്മദ്കുഞ്ഞി കെ., നാരായണന്‍ നായര്‍ എം., കബീര്‍ ടി., ജയലക്ഷ്മി വി.വി., ശ്രീകുമാരി എ.എസ്., ജോസഫ് തോമസ് എം., അബ്ദുല്‍സലാം പി., നോണ്‍ ടീച്ചിംഗ് സ്റ്റാഫ് മുഹമ്മദലി കുഞ്ഞിപ്പ, മുഹമ്മദലി ബി.എം., നാരായണന്‍ നായര്‍ പി. എന്നിവരെ ആദരിച്ചു.

പ്രസിഡണ്ട് മുഹമ്മദലി മുണ്ടാങ്കുലം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാസിയ സി.എം., സി.ജെ.എച്ച്.എസ്.എസ്. പി.ടി.എ. പ്രസിഡണ്ട് റഫീഖ് സി.എച്ച്., മദര്‍ പി.ടി.എ. പ്രസിഡണ്ട് ആരിഫ, സി.ജെ.എച്ച്.എസ്.എസ്. കണ്‍വീനര്‍ അബ്ദുല്ല പി.എം., സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സാലിമ ജോസഫ്, ഹെഡ്മാസ്റ്റര്‍ രാജീവന്‍ കെ.ഒ. സംസാരിച്ചു. ഒ.എസ്.എ. ജനറല്‍ സെക്രട്ടറി ഹാഫിസ് അബ്ദുല്ല സി.എം. സ്വാഗതവും ട്രഷറര്‍ റഫീഖ് കേളോട്ട് നന്ദിയും പറഞ്ഞു. 

പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും പ്രശസ്ത മജീഷ്യന്‍ സുധീര്‍ മാടക്കത്തിന്റെ നേതൃത്വത്തിലുള്ള മെഗാ മാജിക് ഷോയും നടന്നു.
പ്രത്യേകം ഒരുക്കിയ സിഗ്‌നേച്ചര്‍ ബാനറില്‍ തങ്ങളുടെ കയ്യൊപ്പ് ചാര്‍ത്തി മധുരോദാരമായ സ്‌കൂള്‍ കാലത്തെ വീണ്ടെടുക്കാന്‍ സംഗമത്തിനെത്തിയവര്‍ മുന്നോട്ട് വന്നു. 

സെല്‍ഫി വാളില്‍ നിന്നും ഫോട്ടോയെടുക്കാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ മത്സരിച്ചു. ചെമ്മനാട് കടവിലുണ്ടായിരുന്ന ‘ഹൈറേഞ്ച്’ ഹോട്ടല്‍ 1985 എസ്.എസ്.എല്‍.സി. ബാച്ചിന്റെയും 2005 ഹയര്‍സെക്കണ്ടറി കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ചിന്റെയും ആഭിമുഖ്യത്തില്‍ സ്‌കൂള്‍ അങ്കണത്തില്‍ പുനഃസൃഷ്ടിച്ചത് കൗതുകം പകര്‍ന്നു. 

2007 -2012 ബാച്ചിന്റെ കൂട്ടായ്മയില്‍ സ്‌കൂള്‍ ലൈബ്രറിക്ക് ഷെല്‍ഫും പുസ്തകങ്ങളും നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.