Latest News

ദോഹയില്‍ വാഹനപകടത്തില്‍ മരിച്ച മലയാളികളുടെ ശമ്പളം മുടങ്ങാതെ കുടുംബത്തിന് നല്‍കുമെന്ന് അലി ഇന്റര്‍നാഷനല്‍ കമ്പനി ഉടമ മുഹമ്മദ് ഈസ

ദോഹ: സ്വന്തം കുടുംബത്തോടുള്ള അത്രമേൽ സ്​നേഹമാണ്​ ഒാരോ പ്രവാസിയെയും മണലാരണ്യത്തിലേക്ക്​ വിമാനംകയറ്റുന്നത്​. കുടുംബത്തെ ദാരിദ്രത്തിൽ നിന്ന്​ കരകയറ്റാനായി മറുനാട്ടിൽ അകവും പുറവും നീറ്റു​മ്പോൾ അപകടമരണം പോലുള്ള ദാരുണസംഭവങ്ങൾ അവരെ തട്ടിയെടുക്കും.[www.malabarflash.com]

അങ്ങിനെയൊന്നാണ്​ നവംബർ 16ന്​ ദോഹയിൽ സംഭവിച്ചത്​. അന്ന്​ രാത്രി ഇൻഡസ്​ട്രിയൽ ഏരിയ റോഡ്​ മുറിച്ചുകടക്കുന്നതിനിടെയാണ്​ മ​ല​പ്പു​റം തി​രൂ​ര്‍ തെ​ക്ക​ന്‍കൂ​റ്റൂ​ര്‍ പ​റ​മ്പ​ത്ത് വീട്ടി​ല്‍ മു​ഹ​മ്മ​ദ് അ​ലിയും (42) കോഴിക്കോട് ഒ​ള​വ​ണ്ണ ഗുരൂവായൂരപ്പൻ കോ​ളജ് മാ​ത്രകു​ള​ങ്ങ​ര പ​റ​മ്പ വ​ട​ക്ക​ഞ്ചേ​രി പ്ര​വീ​ണ്‍ കു​മാ​റും (52) വാഹനമിടിച്ച്​ മ​രി​ച്ച​ത്. രണ്ട്​ പേരും ദോഹ അ​ലി ഇ​ൻറര്‍നാ​ഷ​ണ​ല്‍ ട്രേ​ഡിം​ഗ്​ കമ്പനിയിലെ ജീ​വ​ന​ക്കാ​രായിരുന്നു. 

മുഹമ്മദലി മൂന്നുവർഷവും പ്രവീൺ കുമാർ ഒന്നരവർഷവുമായി കമ്പനിയിൽ ജോലിക്ക്​ ചേർന്നിട്ട്​. ഇരുവർക്കും സ്വന്തമായി വീടില്ല. അടച്ചുറപ്പുള്ള വീട്ടിൽ കുടുംബത്തെ അന്തിയുറക്കണമെന്ന ആഗ്രഹം ബാക്കിവെച്ചാണ്​ മറുനാട്ടിൽ അവരുടെ ജീവൻ പൊലിയുന്നത്​.

മുഹമ്മദലിക്ക്​ 16, 12 വയസുള്ള രണ്ട്​ പെൺകുട്ടികളും 12കാരനായ മകനുമാണുള്ളത്​. പ്രവീൺകുമാറിന്​ 15 വയസുകാരിയായ മകളും ഒമ്പതുവയസുള്ള മകനുമുണ്ട്​. 

മാസന്തോറും വീട്ടിലെത്തുന്ന ഇവരുടെ ശമ്പളം പൊടുന്തനെ മുടങ്ങുമ്പോൾ നിത്യേനയുള്ള കാര്യങ്ങൾക്ക്​ പോലും കുടുംബങ്ങൾ കഷ്​ട്ടപ്പെടുന്ന സ്​ഥിതിയായിരുന്നു. 

നഷ്​ടപ്പെട്ടത്​ തിരിച്ചുകൊടുക്കാൻ ആർക്കുമാകില്ലെങ്കിലും കമ്പനിയുടെ ഉടമ മലയാളിയായ മുഹമ്മദ് ഈസ ഒരു കാര്യം ഉറപ്പിച്ചു. അവർ മരിച്ചാലും അവരുടെ ശമ്പളം കമ്പനി ഉള്ള കാലത്തോളം മുടങ്ങാതെ വീട്ടിലെത്തിക്കുമെന്ന്​. ഇൗ മാസം മുതൽ തന്നെ ശമ്പളം വീടുകളിൽ എത്തിക്കാനുള്ള നടപടിയെടുക്കുമെന്ന്​ അദ്ദേഹം പറഞ്ഞു.

മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയാണ് ഇദ്ദേഹം. 23 ​ശാഖകളിലായി 210ഒാളം ജീവനക്കാരാണ്​ അലി ഇൻറർനാഷനൽ കമ്പനിയിലുള്ളത്​. ഇരുവരുടേയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചതും കമ്പനിയാണ്​. 

കോഴിക്കോട്ടേക്കുള്ള വിമാനത്തില്‍ രണ്ട് മൃതദേഹങ്ങളും ഒരേ ദിവസം കൊണ്ടുപോകാന്‍ സാധിച്ചില്ല. രണ്ടു ദിവസങ്ങളിലായി കൊണ്ടുപോകേണ്ടിവരുന്നത്​ കുടുംബങ്ങൾക്ക്​ പ്രയാസമുണ്ടാക്കുമെന്നതിനാൽ കൊച്ചി അന്താരാഷ്​ട്ര വിമാനത്താവളം വഴി ഒന്നിച്ചു മറ്റൊരു വിമാനത്തിലാണ്​ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചത്​. 

തകാഫുല്‍ ഇന്‍ഷൂറന്‍സ് മുഖേന ജീവനക്കാരെ കമ്പനി ഇന്‍ഷൂര്‍ ചെയ്യുന്നുമുണ്ട്​. ഇതിനാൽ ഇരുവരുടേയും കുടുംബത്തിന്​ നഷ്​ടപരിഹാരം ലഭിക്കാനുള്ള സാധ്യതയുമുണ്ട്​. കഴിഞ്ഞ ദിവസം നാട്ടിൽ നടന്ന സംസ്​കരചടങ്ങുകളിൽ നിരവധിപേരാണ്​ പ​െങ്കടുത്തത്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.