Latest News

എസ്.ഐ.ഒ ലീഡേഴ്‌സ് ക്യാമ്പിനെത്തിയ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു

തൊടുപുഴ: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഇടുക്കി ജില്ല സെക്രട്ടറിയും മുട്ടം പോളിടെക്‌നിക് മൂന്നാംവര്‍ഷ കമ്പ്യൂട്ടര്‍ ഡിപ്ലോമ വിദ്യാര്‍ഥിയുമായ ഉടുമ്പന്നൂര്‍ പെരുമ്പിള്ളില്‍ റിയാസിന്റെ മകന്‍ ആസിഫ് റിയാസ് (21) കാഞ്ഞാര്‍ പുഴയില്‍ മുങ്ങി മരിച്ചു.[www.malabarflash.com]

കാഞ്ഞാര്‍ ഇസ്‌ലാമിക് സെന്റററില്‍ നടന്നുവരുന്ന എസ്.ഐ.ഒ ദക്ഷിണ മേഖല ലീഡേഴ്‌സ് ക്യാമ്പിനെത്തിയ ആസിഫ്, ഞായറാഴ്ച രാവിലെ മറ്റ് പ്രവര്‍ത്തകര്‍ക്കൊപ്പം കുളിക്കുന്നതിനിടെ കാല്‍വഴുതി കയത്തില്‍പെടുകയായിരുന്നു.
65ഓളം ക്യാമ്പ് അംഗങ്ങളുടെ മേല്‍നോട്ടം വഹിച്ചിരുന്നത് ആസിഫ് അടക്കമുള്ളവരായിരുന്നു. ഒരോ സംഘങ്ങളായി കുളിക്കാനിറക്കിയവരെ സുരക്ഷിതമായി പറഞ്ഞയച്ച ശേഷമാണ് ആസിഫും മറ്റ് ഏഴുപേരും കുളിക്കാനിറങ്ങിയത്. രാവിലെ എട്ടോടെയാണ് അപകടം. 

പ്രദേശത്ത് പുഴ രണ്ട് തട്ടുകളായാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 20 മീറ്റര്‍ ദൂരത്തില്‍ മുട്ടിനൊപ്പം മാത്രമെ വെള്ളമുള്ളു. ശേഷിച്ച ഭാഗം പഴയപുഴ സ്ഥിതിചെയ്യുന്ന പ്രദേശമാണ്. ഇവിടം 20 അടിയോളം ആഴമുണ്ട്.
ആഴമുള്ള ഭാഗത്തേക്ക് ആസിഫ് വഴുതിവീണതാണ് അപകടം സംഭവിക്കാന്‍ കാരണം. 

ആസിഫിനൊപ്പം കുളിക്കാനിറങ്ങിയ മറ്റുള്ളവര്‍ ഒച്ചവെച്ചതിനെ തുടര്‍ന്ന് നാട്ടുകാരില്‍ ചിലരും ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരും മുങ്ങിത്തപ്പിയെങ്കിലും ആഴക്കൂടുതല്‍ മൂലം ആസിഫിനെ കണ്ടെത്താനായില്ല.
അതിനിടെ ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചു. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ അസീസാണ് കയത്തില്‍ നിന്ന് ആസിഫിന്നെ കരക്ക് എത്തിച്ചത്. ഉടന്‍ പ്രാഥമിക ചികിത്സ നല്‍കി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
എസ്.ഐ.ഒ മുന്‍ ജില്ല സെക്രട്ടറിയും മുട്ടം പോളിടെക്‌നിക് കോളജിലെ സജീവ പ്രവര്‍ത്തകനുമാണ് ആസിഫ്. ജേഷ്ഠന്‍ അമീന്‍ റിയാസ് ഫ്രറ്റേണിറ്റി മൂവ്മന്റെ് സംസ്ഥാന സെക്രട്ടറിയാണ്. മാതാവ്: റംല. 

മൃതദേഹം വൈകീട്ട് അഞ്ചിന് ഉടുമ്പന്നൂര്‍ മുഹിയുദ്ദീന്‍ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.