Latest News

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടുന്നു: ഋഷിരാജ് സിംഗ്

ഉദുമ: സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുന്നതായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ് പറഞ്ഞു. ലഹരിവര്‍ജന മിഷന്‍ വിമുക്തി ബോധവല്‍ക്കരണ സെമിനാര്‍ ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com] 

80 ശതമാനം വിദ്യാര്‍ത്ഥികളും മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും മറ്റുലഹരി വസ്തുക്കളുടെയും അടിമകളായി തീര്‍ന്നിരിക്കുന്നു. മനസിലെ ഭയമാണ് അവരെ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്. മക്കള്‍ക്ക് ടെന്‍ഷന്‍ ഇല്ലാതെ നോക്കാന്‍ ഓരോ രക്ഷിതാക്കളും ശ്രദ്ധിക്കണം. 

80 ശതമാനം മാര്‍ക്ക് കിട്ടിയാല്‍ പോലും അവരെ അംഗീകരിക്കാന്‍ രക്ഷിതാക്കള്‍ തയാറാകണം. പഠനം കൊണ്ട് മാനസിക പ്രയാസം അനുഭവിക്കുമ്പോഴാണ് പലരും ലഹരി ഉപയോഗിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 20,000 കേസുകള്‍ എക്‌സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള കേസുകളുമുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം ലഹരി വസ്തുക്കള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 9447178000, 906 1178000 നമ്പറുകളില്‍ അറിയിക്കണമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു.
ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ മുരളീധരന്‍ നായര്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, ഉദുമ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ന്മാന്‍മാരായ പ്രഭാകരന്‍ തെക്കേക്കര, കെ. സന്തോഷ് കുമാര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇന്ദിര ബാലകൃഷ്ണന്‍, പി.ടി.എ പ്രസിഡണ്ട് വി.ആര്‍ ഗംഗാധരന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് സുകുമാരി ശ്രീധരന്‍, ഹെഡ്മാസ്റ്റര്‍ എം.കെ വിജയകുമാര്‍, സ്റ്റാഫ് സെക്രട്ടറി പി.വി വിനോദ് കുമാര്‍, കാസര്‍കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എസ്. സലീം, പ്രിവന്റീവ് ഓഫീസര്‍ ജി. രഘുനാഥന്‍ പ്രസംഗിച്ചു. സ്‌കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് ലീഡര്‍ വിനീത വിശദീകരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.