Latest News

ഭൂമി തട്ടിയെടുക്കാൻ വ്യാജരേഖ ചമച്ചു; ജോയ്സ് ജോർജ് എംപിയുടെ പട്ടയം റദ്ദാക്കി

തൊടുപുഴ: വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ വില്ലേജിൽ ജോയ്സ് ജോർജ് എംപി കൈവശം വച്ചിരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി. ജോയ്സ് ജോർജ് അടക്കമുള്ള ആറ് കുടുംബാംഗങ്ങളുടെ ഭൂമിയാണു തിരിച്ചുപിടിച്ചത്. സർക്കാരിന്റെ തരിശുഭൂമിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണു നടപടി. ദേവികുളം സബ്കലക്ടറാണ് നടപടിയെടുത്തത്.[www.malabarflash.com]

വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ വില്ലേജിലുള്ള 24 ഏക്കർ ഭൂമിയുടെ കൈവശാവകാശമാണ് റദ്ദാക്കിയത്. ഭൂമി തട്ടിയെടുക്കാൻ വ്യാജരേഖ ചമച്ചുവെന്നും ഒരു ദിവസം കൊണ്ട് എട്ട് പട്ടയങ്ങളാണു നൽകിയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പട്ടികജാതിക്കാർക്കു വിതരണം ചെയ്ത ഭൂമിയാണ് അനധികൃതമായി കൈവശം വച്ചിരുന്നത്. കാണാതായ രേഖകൾ കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണായകമായത്.

ഇടുക്കി എംപി ജോയ്‌സ് ജോർജിന്റെയും ഭാര്യ അനൂപയുടെയും പേരിൽ എട്ട് ഏക്കർ ഭൂമിയാണു കൊട്ടാക്കമ്പൂരിലുള്ളത്. ഇക്കാര്യം ജോയ്‌സ് ജോർജ് 2013ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ചിരുന്ന സത്യവാങ്‌മൂലത്തിൽ ചേർത്തിരുന്നു. ജോയ്‌സിന്റെ പിതാവ് ഇടുക്കി തടിയമ്പാട് പാലിയത്തു വീട്ടിൽ ജോർജ് തമിഴ് വംശജരായ ആറു പേരുടെ കൈവശമായിരുന്ന ഭൂമി മുക്‌ത്യാർ വാങ്ങി ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും പേരിൽ റജിസ്‌റ്റർ ചെയ്‌തതു സംബന്ധിച്ച് ഇടുക്കി ജില്ലാ കലക്‌ടർക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിത്.

വ്യാജ രേഖകളിലൂടെയാണു ജോയ്സ് ജോർജ് എംപിയും കുടുംബാംഗങ്ങളും എട്ടേക്കർ ഭൂമി കൈവശപ്പെടുത്തിയതെന്ന പരാതിയെ തുടർന്ന് ഇതു പരിശോധിക്കാൻ കഴിഞ്ഞ യുഡിഎഫ് സർക്കാരാണ് ഉത്തരവിട്ടത്. 2015 ജനുവരി ഏഴിനാണു ഭൂമി തട്ടിപ്പിന്റെ പേരിൽ ജോയ്സ് ജോർജ് എംപിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ദേവികുളം പൊലീസ് കേസെടുത്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.