Latest News

കോഴിക്കോട് വിമാനത്താവളത്തില്‍ 1.92 കോടിയുടെ സ്വര്‍ണകള്ളക്കടത്ത് പിടിച്ചു

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡി.ആര്‍.ഐ. വിഭാഗം നടത്തിയ മിന്നല്‍പ്പരിശോധനയില്‍ രണ്ടു യാത്രക്കാരില്‍നിന്നായി 1.92 കോടിയുടെ സ്വര്‍ണകള്ളക്കടത്ത് പിടിച്ചു. 6.2945 കിലോഗ്രാം സ്വര്‍ണമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്.[www.malabarflash.com]

റിയാദില്‍നിന്ന് എയര്‍ അറേബ്യയുടെ ജി.9 454 ഷാര്‍ജ-കോഴിക്കോട് വിമാനത്തിലെത്തിയ കോഴിക്കോട് കൂടരഞ്ഞി കൂമ്പാറ കറുത്തേടത്ത് ഷിഹാബുദ്ദീ (38)ന്റെ കൈവശമുണ്ടായിരുന്ന മൈക്രോഡിജിറ്റ് റീചാര്‍ജബ്ള്‍ ഫാനില്‍നിന്നാണ് 27 സ്വര്‍ണബിസ്‌കറ്റുകള്‍ കണ്ടെടുത്തത്. ഫാനിന്റെ റീ-ചാര്‍ജബിള്‍ ബാറ്ററി മാറ്റി പകരം സ്വര്‍ണബിസ്‌കറ്റുകള്‍ നിറയ്ക്കുകയായിരുന്നു.

3,147 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. സ്വര്‍ണത്തിന് അന്താരാഷ്ട്ര വിപണിയില്‍ 84,38,366 രൂപയും ഇന്ത്യന്‍ വിപണിയില്‍ 95,82,615 രൂപയും വിലവരും.

രണ്ടാമത്തെ സംഭവത്തില്‍ റിയാദില്‍നിന്ന് അബുദാബി വഴി എത്തിഹാദിന്റെ ഇ.വൈ 254 അബുദാബി-കോഴിക്കോട് വിമാനത്തിലെത്തിയ കോഴിക്കോട് നരിക്കുനി മുട്ടഞ്ചേരി എടക്കണ്ടിയില്‍ സജീര്‍(25)ന്റെ ബാഗേജില്‍ ഉണ്ടായിരുന്ന പോര്‍ട്ടബിള്‍ മൈക്രോഫോണിന്റെ സ്​പീക്കറിനകത്ത് ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു 27 സ്വര്‍ണബിസ്‌കറ്റുകള്‍ ഡി.ആര്‍.ഐ. കണ്ടെടുത്തു.

ടെഡ്ഡി ബിയര്‍ രൂപത്തിലുള്ള സംവിധാനത്തില്‍ സ്​പീക്കര്‍ അഴിച്ചുമാറ്റിയാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 3147.5 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍നിന്നും ഡി.ആര്‍.ഐ. കണ്ടെടുത്തത്. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ 84,39,707 രൂപയും ഇന്ത്യന്‍ വിപണിയില്‍ 95,84,138 രൂപയും വിലവരും.

കൊടുവള്ളി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കള്ളക്കടത്തുസംഘത്തിന്റെ വാഹകരാണ് ഇരുവരും. റിയാദില്‍വെച്ച് പരിചയപ്പെട്ട് കൊടുവള്ളി സ്വദേശിയാണ് ഇവര്‍ക്ക് സ്വര്‍ണം നല്‍കിയത് വിമാനടിക്കറ്റിനു പുറമേ 20,000 രൂപയുമാണ് ഇവര്‍ക്ക് പ്രതിഫലം നിശ്ചയിച്ചിരുന്നത്. ഇരുവരേയും അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.