Latest News

വീട്ടമ്മയുടെ കൊലപാതകം: ബംഗാളി യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: ഇരിയ പൊടവടുക്കത്തെ വീട്ടമ്മ ലീലയെ കൊലപ്പെടുത്തിയ കേസില്‍ ലീലയുടെ വീട്ടില്‍ തേപ്പുപണിക്കെത്തിയ പശ്ചിമബംഗാള്‍ മുര്‍ഷിദാബാദിലെ അപുല്‍ഷെയ്ക്കി(20)നെ അറസ്റ്റുചെയ്തു.[www.malabarflash.com]

ഇയാള്‍ക്കൊപ്പം കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത മറ്റു തേപ്പുപണിക്കാരായ മറുനാടന്‍ തൊഴിലാളികള്‍ നിരപരാധികളാണെന്ന് വ്യക്തമായതായും കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. കെ.ദാമോദരന്‍ പറഞ്ഞു.
കഴുത്തിലെ എല്ലുനുറുങ്ങിയതാണ് മരണകാരണമെന്ന് മൃതദേഹപരിശോധനയില്‍ വ്യക്തമായി. 

പൊടവടുക്കം ധര്‍മശാസ്താക്ഷേത്രത്തിന് സമീപത്തെ അമ്പൂട്ടിയുടെ ഭാര്യ ലീലയെ ബുധനാഴ്ച മൂന്നുമണിയോടെയാണ് വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. കോളേജ് വിട്ടെത്തിയ മകന്‍ പ്രജിത്താണ് അമ്മ കുളിമുറിയില്‍ വീണുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
ലീല സ്ഥിരമായി ധരിക്കാറുള്ള സ്വര്‍ണമാല കഴുത്തില്‍ കാണാതിരുന്നത് പ്രജിത്തില്‍ സംശയമുണ്ടാക്കി. ഇതോടെ വീട്ടില്‍ തേപ്പുപണിയിലേര്‍പ്പെട്ട മറുനാടന്‍ തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
പരിയാരം മെഡിക്കല്‍ കോളേജില്‍നിന്ന് മൃതദേഹപരിശോധനാഫലം വന്നതോടെ കസ്റ്റഡിയിലുള്ളവരെ ഇന്‍സ്പെക്ടര്‍ വിശ്വംഭരന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്തു. ഇതോടെ അപുല്‍ഷെയ്ക്കാണ് കൊലനടത്തിയതെന്ന് വ്യക്തമായി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: അപുല്‍ഷെയ്ക്ക് പണിയെടുക്കുന്നില്ലെന്നും ഇയാളെ ജോലിക്കുവേണ്ടെന്നും കരാറുകാരനോട് ലീല പറഞ്ഞിരുന്നുവത്രെ. മറ്റുള്ളവര്‍ നന്നായി പണിയെടുക്കുമ്പോള്‍ ഇയാള്‍ മുറ്റത്തും മറ്റും നടന്ന് സമയം കളയുന്നത് പലപ്പോഴും ലീലയെക്കൊണ്ട് വഴക്കുപറയുന്നതിലേക്കെത്തിച്ചു.
സംഭവദിവസമായ ബുധനാഴ്ച രാവിലെയും അപുല്‍ഷെയ്ക്കിനെ ലീല വഴക്കുപറഞ്ഞു. ഉച്ചയ്ക്കുശേഷം ലീല കുളിമുറിയിലേക്കു പോയപ്പോള്‍ ഇയാള്‍ അവിടെയെത്തി. എന്തിനാണ് ഈ കുളിമുറിക്കടുത്തേക്ക് വന്നതെന്നു പറഞ്ഞ് ലീല വീണ്ടും വഴക്കുപറഞ്ഞു. ഇതിനിടെ ഇയാള്‍ കഴുത്തില്‍ക്കയറിപ്പിടിച്ച് അമര്‍ത്തി. ശക്തമായ പിടിത്തത്തില്‍ കഴുത്തിലെ എല്ല് നുറുങ്ങുകയും ലീല കുഴഞ്ഞുവീഴുകയും ചെയ്തു. 

ചലനമറ്റു കിടന്ന ലീലയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല ഊരി തൂവാലയില്‍ പൊതിഞ്ഞു.
ആശുപത്രിയില്‍നിന്ന് തിരിച്ചുവന്നശേഷം മകന്‍ പ്രജിത്തും വീട്ടുകാരും മാല തിരയുന്നതിനിടെ ആരും കാണാതെ, പ്രതി തൂവാലസഹിതം മാല പുറത്തേക്ക് വലിച്ചെറിഞ്ഞുവെന്നും പോലീസ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.