Latest News

കണ്ണുകളില്ലെങ്കില്‍ ഗോകുല്‍രാജിന്റെ കരള്‍ നിറയെ സംഗീതമാണ്......

ചെറുവത്തൂര്‍: കണ്ണുകളില്ലെങ്കില്‍ ഗോകുല്‍രാജിന്റെ കരള്‍ നിറയെ സംഗീതമാണ്. അവന്റെ കുഞ്ഞിച്ചുണ്ടുകളിലൂടെ സംഗീതം തേന്‍മഴയായി പൊഴിയുമ്പോള്‍ ആസ്വാദകര്‍ മാസ്മരിക ലഹരിയിലാവും.[www.malabarflash.com] 

10 വയസുകാരനായ ഗോകുല്‍രാജ് ജന്മനാ അന്ധനാണ്.
പക്ഷെ നവമാധ്യമങ്ങളില്‍ അവനിപ്പോള്‍ ഹീറോയാണ്. ഫ്‌ളവേഴ്‌സ് ടിവിയില്‍ ഗോകുല്‍രാജ് പാടിയ നാടന്‍പാട്ട് ഇതിനകം മുപ്പതുലക്ഷത്തിലേറെ പേരാണ് കേട്ടുകഴിഞ്ഞത്. കേട്ടവരൊക്കെയും ഗോകുലിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയും ലൈക്കടിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തു.

ഫ്‌ളവേഴ്‌സ് ടിവിയിലെ കോമഡി ഉത്സവില്‍ ഗോകുല്‍രാജ് പാടിയ കലാഭവന്‍ മണിയുടെ പാട്ടുകേട്ട് വിധികര്‍ത്താവായെത്തിയ ചലച്ചിത്രതാരം ജയസൂര്യ സീറ്റില്‍ നിന്നും എഴുന്നേറ്റ് സ്റ്റേജിലേക്ക് ഓടിക്കയറി ഗോകുലിനെ വാരിപ്പുണര്‍ന്ന് ഉമ്മകള്‍ കൊണ്ട് മൂടിയപ്പോള്‍ കാഴ്ചക്കാരുടെ കണ്ണുകള്‍ ഈറനണിഞ്ഞു.

വിധികര്‍ത്താക്കളായിരുന്ന ഗിന്നസ്പക്രു, ടിനിടോം, ബിജുക്കുട്ടന്‍ എന്നിവര്‍ക്കും ഗദ്ഗദം അടക്കാനായില്ല. കലാഭവന്‍ മണിയുടെ മിന്നാമിനുങ്ങേ... എന്ന പാട്ട് പാടാന്‍ ജയസൂര്യയും പ്രേക്ഷകരും ഒന്നടങ്കം ആവശ്യപ്പെട്ടപ്പോള്‍ ഒരു മടിയും കൂടാതെ ഗോകുല്‍രാജ് ആ ഗാനം ആലപിച്ചപ്പോള്‍ കോമഡി ഉത്സവിന്റെ വേദി കൈയ്യടികളാല്‍ മുഖരിതമായി.
പാടിക്കഴിഞ്ഞപ്പോള്‍ വേദിയില്‍ വെച്ച് തന്നെ ജയസൂര്യ മറ്റൊന്നും ചിന്തിക്കാതെ താന്‍ നായകനാകുന്ന അടുത്ത സിനിമയായ ഗബ്രിയില്‍ പാട്ടുപാടാന്‍ അവസരവും വാഗ്ദാനം നല്‍കി. അവിടെവെച്ച് തന്നെ സംവിധായകന്‍ ശ്യാംജിയെ വിളിച്ച് വിവരവും പറഞ്ഞു.

ഷോ കഴിഞ്ഞയുടന്‍ ഗോകുല്‍രാജുമായി ജയസൂര്യ തന്റെ വീട്ടിലേക്ക് പോയി. അവിടേക്ക് വന്ന ശ്യാംജി ഗോകുലിനെക്കൊണ്ട് വീണ്ടും പാട്ടുപാടിച്ചു. അവന്റെ സ്വരമാധുരിയില്‍ ലയിച്ചുപോയ രാജേഷ് പാട്ടുപാടാന്‍ മാത്രമല്ല, സിനിമയില്‍ അഭിനയിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്തു.
മാടക്കാലിലെ കൂലിതൊഴിലാളികളായ ബാബു- നിഷ ദമ്പതികളുടെ ഏക മകനാണ് മാടക്കാല്‍ ഗവ.എല്‍പിസ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിയായ ഗോകുല്‍രാജ്. വളരെ ചെറുപ്പത്തില്‍ തന്നെ കേള്‍ക്കുന്ന പാട്ടുകള്‍ മനപാഠമാക്കുകയും അവ ഈണവും താളവും തെറ്റാതെ പാടുകയും ചെയ്യുമായിരുന്നു.
അമ്മ നിഷയാണ് മകന്റെ കഴിവ് തിരിച്ചറിഞ്ഞത്. അവര്‍ ഗോകുലിന് മികച്ച പ്രോത്സാഹനവും നല്‍കി. കുഞ്ഞുനാളില്‍ തന്നെ പാത്രങ്ങളിലും ഡസ്‌ക്കുകളിലും കൈവിരല്‍ കൊണ്ട് താളമിടുകയും ചെയ്യും. അയല്‍വാസിയും ചെറുതാഴം കൃഷിഭവനിലെ ഫീല്‍ ഡ് ഓഫീസറുമായ വിവേകാണ് പിന്നീട് ഗോകുല്‍രാജിന് വഴികാട്ടിയായത്. ഗോകുലിന്റെ പാട്ട് റെക്കോര്‍ഡ് ചെയ്ത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് വിവേകായിരുന്നു.
ആകസ്മികമായി വിവേകിന്റെ ബൈക്കിന്റെ ടയര്‍ മാറ്റാനായി കുഞ്ഞിമംഗലത്തെ പ്രജിത്തിന്റെ കടയില്‍ ചെന്നപ്പോഴാണ് പ്രജിത്ത് ഫ്‌ളവേഴ്‌സ് ടിവിയിലെ കോമഡി ഷോയില്‍ ഹിറ്റായ താരമാണെന്ന് മനസിലായത്.

ഗോകുല്‍രാജിന്റെ കാര്യം പ്രജിത്തുമായി പങ്കുവെക്കുകയും വീഡിയോ കൈമാറുകയും ചെയ്തു. ഈ വീഡിയോ ക്ലിപ്പിംഗ് കണ്ട് ഓഡീഷന്‍പോലുമില്ലാതെയാണ് ഗോകുല്‍രാജിനെ ഫ്‌ളവേഴ്‌സ് ടിവി മത്സാര്‍ത്ഥിയായി തെരഞ്ഞെടുത്തത്. ഇതാണ് ഈ കൊച്ചു മിടുക്കന്റെ കലാജീവിതത്തിന് വഴിത്തിരിവായത്.

സ്‌കൂളിലായാലും മറ്റിടങ്ങളിലായാലും കൈപിടിച്ച് അമ്മ നിഷ വഴികാട്ടിയായി ഗോകുലിനോടൊപ്പമുണ്ടാകും. ഗോകുലിന്റെ കണ്ണുകള്‍ക്ക് കാഴ്ച തിരിച്ചുകിട്ടാനായി പല സ്ഥലങ്ങളിലും കൊണ്ടുപോയി ചികിത്സിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
വിദേശരാഷ്ട്രങ്ങളിലെ അത്യാധുനിക ചികിത്സയിലൂടെ ഒരുപക്ഷെ കാഴ്ചശക്തി തിരിച്ചുകിട്ടാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

പാട്ടിനോടൊപ്പം പഠനത്തിലും മുന്‍നിരയില്‍ തന്നെയാണ് ഗോകുല്‍രാജ്. സ്‌കൂ ളിലും മറ്റും നടത്തുന്ന ക്വിസ് മത്സരങ്ങളില്‍ മിക്കപ്പോഴും ഒന്നാം സ്ഥാനം ഈ മിടുക്കന് തന്നെയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.