Latest News

62 ബോട്ടുകളിലായി കടലിൽ പോയ 270 മത്സ്യത്തൊഴിലാളികളെ കാണാനില്ല

തിരുവനന്തപുരം: ജില്ലയിലെ തീരപ്രദേശങ്ങളിൽനിന്ന് 62 ബോട്ടുകളിലായി കടലിൽ പോയ ഇരുനൂറ്റി എഴുപതിലധികം മത്സ്യത്തൊഴിലാളികൾക്കായി തീരം കാത്തിരിക്കുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞു കടലിൽ പോയതാണ് ഈ ബോട്ടുകൾ. വ്യാഴാഴ്ച രാവിലെ എട്ടു മണിക്കകം ഇവർ തിരിച്ചെത്തേണ്ടിയിരുന്നു. എന്നാൽ, മിക്ക ബോട്ടുകളും തിരികെയെത്തിയില്ല.[www.malabarflash.com]

പൂന്തുറയിൽ 28 ബോട്ടുകളിലായി 150ൽ ഏറെ പേർ, വിഴിഞ്ഞത്തുനിന്ന് 20 ബോട്ടുകളിലായി അറുപതോളം പേർ, അടിമലത്തുറയിൽനിന്ന് എട്ടു ബോട്ടുകളിലായി 32 പേർ, പൂവാറിൽനിന്ന് നാലു ബോട്ടുകളിലായി 20 പേർ, പൊഴിയൂരിൽനിന്ന് ഒരു കട്ടമരത്തിൽ അഞ്ചു പേർ, പുതിയതുറ, തുമ്പ എന്നിവിടങ്ങളിൽനിന്ന് ഓരോ ബോട്ടുകളിലായി എട്ടോളം തൊഴിലാളികൾ എന്നിവരാണു മടങ്ങിയെത്താനുള്ളതെന്നു സെന്റർ ഫോർ ഫിഷറീസ് സ്റ്റഡീസ് അറിയിച്ചു.

ഇതിൽ, പൂന്തുറയിൽനിന്നു കാണാതായ നാലു ബോട്ടുകളിലെ തൊഴിലാളികളെ പിന്നീടു രക്ഷപ്പെടുത്തി. കനത്ത കാറ്റിൽ ഇവരുടെ ബോട്ടുകൾ പൂർണമായും തകർന്നിരുന്നു. സമീപത്തുകൂടി പോയ വലിയ ബോട്ടുകളിലെ തൊഴിലാളികളാണ് ഇവരെ രക്ഷിച്ചത്. ഒരു സംഘം വിഴിഞ്ഞത്തും മറ്റൊരു സംഘം കുളച്ചൽ തീരത്തുമെത്തിയതായാണു സൂചന.

വെട്ടുകാടു നിന്നു കാണാതായ ബോട്ടിനായി തിരച്ചിൽ നടത്താൻ പോയ മൂന്നു ബോട്ടുകളിൽ രണ്ടെണ്ണം രാത്രിയായിട്ടും തിരികെയെത്തിയിട്ടില്ല. ഇതിൽ ഒൻപതു തൊഴിലാളികളുണ്ട്. ആദ്യം കാണാതായ ബോട്ട് അതിനിടെ വിഴിഞ്ഞത്തു തിരിച്ചെത്തുകയും ചെയ്തു. ബുധനാഴ്ച വൈകിട്ടു വരെ ഇവർക്ക് മുന്നറിയിപ്പൊന്നും ലഭിച്ചിരുന്നില്ല.

പൂന്തുറയിൽ ഉച്ചയ്ക്ക് 11നു ശേഷം അഞ്ചു ബോട്ടുകൾ തിരികെയെത്തി. വിഴിഞ്ഞത്തുനിന്നു കാണാതായ മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് കൊല്ലം തങ്കശേരി കടപ്പുറത്തു സുരക്ഷിതമായി എത്തി. രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നു പൊലീസും സൈന്യവും അറിയിച്ചതോടെ വൻ പ്രതിഷേധവും തീരങ്ങളിൽ ഉയർന്നു.

രാത്രി വൈകിയും പ്രദേശത്തുള്ളവർ ഉറ്റവരെ കാത്തു തീരത്തു തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. ഇതിനിടെ, കോസ്റ്റ് ഗാർഡിന്റെ ബോട്ട് നടത്തിയ തിരച്ചിലിൽ, ബോട്ട് തകർന്നു കടലിൽ അകപ്പെട്ട പൂന്തുറ സ്വദേശി വർഗീസി(60)നെ രക്ഷപ്പെടുത്തി. വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. കോസ്റ്റ് ഗാർഡിന്റെ രക്ഷാപ്രവർത്തനം രാത്രിയും തുടരുകുയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.