Latest News

അനശ്വര ശബ്ദാനുകരണങ്ങൾ ബാക്കിയായി അബി മടങ്ങി

കൊച്ചി: അബിയെ ആസ്വാദകർ ഓർക്കുക അമിതാഭ് ബച്ചന്റെയും മമ്മൂട്ടിയുടെയും ആമിനത്താത്തയുടെയും ശബ്ദത്തിലാണ്. സൂപ്പർ താരങ്ങളുടെ ഘനഗംഭീര സ്വരവും സ്വയം ആവിഷ്ക്കരിച്ച സ്ത്രീ കഥാപാത്രത്തിന്റെ രസികൻ സ്വരവും അത്രയേറെ താദാത്മ്യം പ്രാപിച്ചുപോയപ്പോൾ അബിയുടെ സ്വന്തം ശബ്ദം പോലും ആസ്വാദകർ മറന്നു.[www.malabarflash.com]

അകാലത്തിൽ വിടപറയുമ്പോഴും ബാക്കിയാവുന്നത് അബി സമ്മാനിച്ച നിലയ്ക്കാത്ത ചിരിയും അനുകരിച്ച് അനശ്വരമാക്കിയ സ്വരഭേദങ്ങളുമാണ്.

രോഗബാധയുടെ കാര്യം വളരെ അടുപ്പമുള്ളവരുമായി മാത്രമേ അബി പങ്കുവച്ചിരുന്നുള്ളൂ. രോഗം ഗുരുതരമായപ്പോഴും സജീവമായി തുടർന്ന അദ്ദേഹം ഏതാനും ദിവസം മുൻപു സിനിമാ താരമായ മകൻ ഷെയ്ൻ നിഗത്തിനൊപ്പം ഗൾഫിലെ പുരസ്കാര രാവിൽ പങ്കെടുക്കയും ചെയ്തിരുന്നു. അവിടെ മകനു നിർവൃതിയോടെ പുരസ്കാരം നൽകിയതും അബിയായിരുന്നു.

ചെറുപ്പത്തിൽ മൃഗങ്ങളുടെയും പക്ഷികളുടെയുമെല്ലാം സ്വരം അനുകരിച്ചു തുടങ്ങിയ അബി പ്രീഡിഗ്രിക്കു ശേഷം സാനിറ്ററി ഇൻസ്പെക്‌ഷൻ കോഴ്സ് പഠിക്കാനായി മുംബൈയിൽ പോയപ്പോഴാണ് മിമിക്രി കലാകാരനായി മാറുന്നത്. ധർമേന്ദ്രയും അമിതാഭ് ബച്ചനുമൊക്കെയായിരുന്നു അന്നത്തെ ഹിറ്റ് നമ്പറുകൾ.

ഒരു വർഷത്തെ കോഴ്സ് പഠിക്കാനായി പോയിട്ട് നാലു വർഷം കഴിഞ്ഞാണു നാട്ടിലേക്കു മടങ്ങിയത്. മാറ്റ് വിൽക്കുന്ന കമ്പനിയുടെ റപ്രസന്റേറ്റീവായിട്ടായിരുന്നു ഉപജീവനം. നാട്ടിലേക്കു മടങ്ങുമ്പോൾ മിമിക്രിയാണു തന്റെ വഴിയെന്നു തിരിച്ചറിഞ്ഞിരുന്നു.

പിന്നെ വേദികൾ കീഴടക്കുകയായിരുന്നു മൂവാറ്റുപുഴയുടെ താരം. പഠനം കഴിഞ്ഞാണു സാഗർ എന്ന സ്വന്തം ട്രൂപ്പിനു രൂപം നൽകിയത്.

ദിലീപും സലിം കുമാറും ഹരിശ്രീ അശോകനും ഉൾപ്പടെ പത്തു പേരുമായിട്ടായിരുന്നു സാഗറിന്റെ തുടക്കം. നാദിർഷ, കോട്ടയം നസീർ, നാരായണൻ കുട്ടി, ജാഫർ ഇടുക്കി തുടങ്ങിയവരും ഇതേ സംഘത്തിൽ അംഗങ്ങളായിരുന്നു.

സ്വദേശത്തും വിദേശത്തുമായി ആയിരക്കണക്കിനു ചിരിവേദികളിലെ രാജാവും മിമിക്രി കസെറ്റുകളിലെ സൂപ്പർ സ്റ്റാറുമായി അബി. എന്തും വെട്ടിത്തുറന്നു പറയുന്ന സ്വഭാവമുളള സ്വന്തം മുത്തശിയെ മാതൃകയാക്കിയാണ് ആമിനത്താത്ത എന്ന സൂപ്പർ ഹിറ്റ് മിമിക്രി കഥാപാത്രത്തെ അബി സൃഷ്ടിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.