Latest News

അശോകൻ ഇനി മുതൽ പാലക്കുന്നമ്മയുടെ നാലീട്ടുകാരൻ

ഉദുമ: ദേളിയിലെ സി.കെ.അശോകൻ ഇനി മുതൽ പാലക്കുന്നമ്മയുടെ നാലീട്ടുകാരൻ. നൂറ്റാണ്ടോളമായി കലശം കുളിക്കാൻ ആളില്ലാതെ ഒഴിഞ്ഞുകിടന്ന നാലീട്ടൂകാരന്റെ ആചാരസ്ഥാനം നൂറുകണക്കിനാളുകളെ സാക്ഷിയാക്കി കലശം കുളിച്ച് ഏറ്റെടുത്തപ്പോൾ അരവത്തു തായത്ത്‌ വീട് തറവാട്ട് അംഗങ്ങൾക്കു നൂറ്റാണ്ടു കാലത്തെ കാത്തിരിപ്പിനു സുകൃത പുണ്യമായി. ഒരു ചരിത്രദൗത്യം നിറവേറ്റാനായതിന്റെ സംതൃപ്തിയിലും പ്രാർഥനയിലുമാണ് അശോകൻ.[www.malabarflash.com]

കലശം കുളിക്കലിന്റെ മുന്നോടിയായി നിയുക്ത നാലീട്ടുകാരൻ കുടുംബാംഗങ്ങളോടൊപ്പം ദേളിയിലെ വീട്ടിൽനിന്ന് അരവത്തെ തറവാട് ഗൃഹത്തിലെത്തി. കുളിച്ച് ഈറനണിഞ്ഞു തറവാട്ടിൽ സന്ധ്യാദീപം കൊളുത്തിയ ശേഷം മൂപ്പന്മാരെയും തറവാട്ട് അംഗങ്ങളെയും വന്ദിച്ചു അനുഗ്രഹം വാങ്ങിയാണ് കലശംകുളിക്കൽ ചടങ്ങിനായി ഭണ്ഡാരവീട്ടിലെത്തിയത്. നടതുറന്നു കലശാട്ടിനു ശേഷം തിരുനടയിൽ അശോകനെ കലശം കുളിപ്പിക്കൽ തുടങ്ങി.

ആദ്യം ചെമ്പുകുടത്തിൽനിന്നു തീർഥം നൽകി. തുടർന്ന് കിണ്ടി, കൈവട്ടക എന്നിവയിൽ നിന്നും അവസാനമായി ശംഖു ജലവും അഭിഷേകം ചെയ്തതോടെ അശോകൻ പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ നാലീട്ടുകാരനായി ആചാരസ്ഥാനം ഏറ്റെടുത്തു. 

തുടർന്നു ഭണ്ഡാരവീട്ടിൽ നിന്നു ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്‌ പുറപ്പെട്ടു. ഇതോടെ മറുപുത്തരി ഉത്സവത്തിനു തുടക്കമായി. ശനിയാഴ്ച മൂന്നിനു തേങ്ങയേറു നടക്കും. വൈകിട്ട് തിരിച്ചെഴുന്നള്ളത്തിനുശേഷം ഭണ്ഡാരവീട്ടിൽ മറുപുത്തരി സദ്യയും ഉണ്ടാവും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.