Latest News

പാലക്കുന്ന് ഭഗവതി ക്ഷേത്രം നാലീട്ടുകാരനായി സി.കെ.അശോകൻ ആചാരസ്ഥാനമേൽക്കുന്നു

ഉദുമ: പാലക്കുന്ന് ഭഗവതി ക്ഷേത്രം നാലീട്ടുകാരനായി സി.കെ.അശോകൻ കലശംകുളിച്ച് വെള്ളിയാഴ്ച ആചാരസ്ഥാനമേൽക്കും. പാലക്കുന്ന് കഴകത്തിലെ അരവത്തു തായത്തുവീട് തറവാട്ടുകാർക്ക് അവകാശപ്പെട്ട ആചാരസ്ഥാനം കലശംകുളിക്കാൻ യോജ്യമായ ആളെ കിട്ടാത്തതിനാൽ നൂറ്റാണ്ടോളമായി ഒഴിഞ്ഞുകിടക്കുകയായിരുന്നു.[www.malabarflash.com]
ഒടുവിൽ പള്ളിപ്പുറം കൂവത്തൊട്ടി അരമങ്ങാനം പ്രാദേശികപരിധിയിൽ പെടുന്ന ദേളിവളപ്പിൽ വീട്ടിലെ സി.കെ.അശോകനാണ് നാലീട്ടുകാരനാവാൻ നിയോഗമുണ്ടായത്. തറവാട്ടിലും ക്ഷേത്രത്തിലും നടത്തിയ പ്രശ്നചിന്തയിൽ നാൽപത്തിയാറുകാരനായ അശോകനു നാലീട്ടുകാരനാകാൻ ദൈവഹിതം അനുകൂലമായി. തുടർന്നു കഴകമറിയിച്ചു ദിവസം നിശ്ചയിക്കുകയായിരുന്നു.

നാലു നാലീട്ടുകാരാണ് ക്ഷേത്രത്തിൽ ആചാര നിർവഹണത്തിനായി വേണ്ടതെങ്കിലും നിലവിൽ ആരുമില്ല. പരേതനായ കൃഷ്ണന്റെയും ലക്ഷ്മിയുടെയും മകനാണ് അശോകൻ.

വെള്ളിയാഴ്ച രാത്രി മറുപുത്തരി ഉത്സവത്തിനു തുടക്കമേകി മേലെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെടുന്നതിനു മുൻപ് ഭണ്ഡാരവീട്ടിലെ തിരുമുറ്റത്തു രാത്രി എട്ടിന് അശോകനെ നാലീട്ടുകാരനായി കലശംകുളിപ്പിക്കും.

ക്ഷേത്രത്തിൽ മൂത്തഭഗവതിയുടെ കാരണവർ സ്ഥാനവും അരവത്തു തായത്തുവീട് തറവാട്ടുകാർക്ക് അവകാശപ്പെട്ടതാണ്. കുലകൊത്തി നടക്കുന്ന ഉത്സവനാളുകളിൽ കലശംകുളിച്ച് ആചാരസ്ഥാനികപദവി ഏറ്റെടുക്കുന്ന പതിവും സ്ഥാനികർ കലശം കുളിപ്പിക്കുന്നതും പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.