Latest News

പയ്യോളി മനോജ് വധം: ഒമ്പത് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: പയ്യോളി മനോജ് വധക്കേസില്‍ സി പി എം നേതാവ് അടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍. സി പി എം മുന്‍ ഏരിയാ സെക്രട്ടറി ചന്തുമാഷ്, ലോക്കല്‍ സെക്രട്ടറി പി വി രാമചന്ദ്രന്‍, പയ്യോളി നഗരസഭാ കൗണ്‍സിലര്‍ ലിജേഷ്, പയ്യോളി ലോക്കല്‍ കമ്മറ്റി അംഗം സി സുരേഷ്, ഡി വൈ എഫ് ഐ നേതാവ് എന്‍ സി മുസ്തഫ, തുടങ്ങി ഒമ്പതുപേരെയാണ് സി ബി ഐഅറസ്റ്റ് ചെയ്തത്.[www.malabarflash.com]

വടകര ക്യാമ്പില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒന്നരവര്‍ഷം മുമ്പാണ് സി ബി ഐ കൊച്ചി യൂണിറ്റ് കേസ് ഏറ്റെടുത്തത്. കേരള പോലീസിനെ അറിയിക്കാതെയാണ് സി ബി ഐയുടെ നീക്കം.

2012 ഫെബ്രുവരി പന്ത്രണ്ടിനാണ് സി പി എം- ആര്‍ എസ് എസ് സംഘര്‍ഷത്തില്‍ ബി എം എസ് നേതാവായിരുന്ന പയ്യോളി മനോജ് കൊല്ലപ്പെട്ടത്. മനോജിനെ ഒരു സംഘം വീട്ടില്‍കയറി ആക്രമിക്കുകയും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരിക്കുകയുമായിരുന്നു. ലോക്കല്‍ പോലീസ് ആയിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. തുടര്‍ന്ന് പതിന്നാലു പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

ജാമ്യത്തിലിറങ്ങിയ ഇവര്‍ പത്രസമ്മേളനം വിളിച്ച് കൊലപാതകം നടത്തിയത് തങ്ങളല്ലെന്ന് പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് ക്രൈം ബ്രാഞ്ച് അന്വേഷിച്ചു. പോലീസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും കണ്ടെത്തലുകളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. തുടര്‍ന്നാണ് മനോജിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം സി ബി ഐ അന്വേഷണം ഏറ്റെടുക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.