Latest News

അമ്മയെ കൊന്ന ഐ.ടി. ജീവനക്കാരന്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു

ചെന്നൈ: അമ്മയെ കൊന്ന് ആഭരണങ്ങള്‍ കവര്‍ന്ന ഐ.ടി. ജീവനക്കാരന്‍ എസ്. ദഷ്വന്ത് മുംബൈയില്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു.[www.malabarflash.com]

ചെന്നൈയിലേക്ക് കൊണ്ടുവരുന്നതിനിടെ മുംബൈ വിമാനത്താവളത്തിനടുത്തുനിന്നാണ് രക്ഷപ്പെട്ടത്. ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ ഫെബ്രുവരിയില്‍ അറസ്റ്റിലായ ഇയാള്‍ സെപ്റ്റംബറിലാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് അമ്മ സരളയെ കൊന്ന് 25 പവനോളം ആഭരണങ്ങളുമായി കടന്നത്.

ആഭരണങ്ങള്‍ ചെന്നൈയിലുള്ള മണികണ്ഠന്‍ എന്നയാള്‍ക്ക് വിറ്റ് അതില്‍ നിന്ന് ലഭിച്ച പണവുമായി മുംബൈയിലേക്ക് കടന്ന ദഷ്വന്തിനെ കുതിരപ്പന്തയം നടക്കുന്ന സ്ഥലത്തുനിന്നാണ് പിടികൂടിയത്. ഇവിടെയുള്ള കോടതിയില്‍ ഹാജരാക്കിയ ശേഷം വിമാനമാര്‍ഗം ചെന്നൈയിലേക്ക് കൊണ്ടുവരാനായിരുന്നു പോലീസിന്റെ പദ്ധതി. ചെന്നൈയില്‍നിന്നുള്ള അഞ്ചംഗ പോലീസ് സംഘത്തിനൊപ്പം വിമാനത്താവളത്തിലേക്ക് വന്നുകൊണ്ടിരിക്കേ ഇയാള്‍ കടന്നുകളയുകയായിരുന്നെന്നാണ് വിവരം.

തൊട്ടടുത്ത ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനാണ് ഇയാള്‍ നേരത്തേ അറസ്റ്റിലായത്. ജാമ്യത്തില്‍ ഇറങ്ങിയതിനുശേഷം പെണ്‍കുട്ടിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം ആവശ്യപ്പെട്ട് അമ്മ സരളയുമായി വഴക്കുണ്ടാക്കുന്നതും പതിവായിരുന്നു. വഴക്കിനിടെ ഇരുമ്പുകമ്പി ഉപയോഗിച്ച് സരളയുടെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ആഭരണങ്ങള്‍ വിറ്റ പണംകൊണ്ട് മുംബൈയില്‍ എത്തിയ ദഷ്വന്ത് അവിടെ ഒരു സ്ത്രീക്കൊപ്പമായിരുന്നു താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.