Latest News

മുങ്ങിയ മൊബൈല്‍ ഷോപ്പ് ഉടമയും ജീവനക്കാരിയും പിടിയില്‍

വടകര: ഓര്‍ക്കാട്ടേരിയില്‍ നിന്നു കാണാതായ മൊബൈല്‍ ഷോപ്പ് ഉടമ വൈക്കിലശേരി പുത്തന്‍പുരയില്‍ അംജാദിനേയും (23) ജീവനക്കാരി ഒഞ്ചിയത്തെ പ്രവീണയേയും (32) കണ്ടെത്തി. കോഴിക്കോട് നഗരത്തില്‍ പുതിയറയിലെ ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ ശനിയാഴ്ച രാത്രി വടകര സിഐയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്.[www.malabarflash.com]

ആഴ്ചകളായി കോഴിക്കോട് രഹസ്യമായി കഴിഞ്ഞുവരികയായിരുന്ന ഇരുവരേയും അതിസമര്‍ഥമായാണ് അന്വഷണസംഘം കണ്ടെത്തിയത്. രണ്ടു പേരേയും ഞായാറാഴ്ച പുലര്‍ച്ചെ വടകരയിലെത്തിച്ചു.
അവിടെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ ബിസിനിസ് നടത്തിവരികയായിരുന്നു ഇരുവരും. ഇടപാടൊക്കെ ഇന്റര്‍നെറ്റിലൂടെയായതിനാല്‍ കണ്ടെത്താന്‍ ഏറെ പ്രയാസമായി.

കംപ്യൂട്ടറില്‍ അതിവൈദഗ്ധ്യമുള്ള അംജാദ് രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ പുതിയ സിം കാര്‍ഡ് ഉപയോഗിച്ചാണ് കാര്യങ്ങള്‍ നടത്തിയത്. നാട്ടിലാരെയും വിളിച്ചിരുന്നില്ല. ഒരു നമ്പറിലേക്കുള്ള വിളിയില്‍ സംശയം തോന്നിയ സൈബര്‍ സെല്‍ പിന്തുടര്‍ന്ന് ടവര്‍ ലൊക്കേഷന്‍ മനസിലാക്കിയാണ് ഫ്‌ളാറ്റ് കണ്ടെത്തിയതും ഇരുവരേയും പിടികൂടിയതും. ഫ്‌ളാറ്റില്‍ നിന്നു പുറത്തിറങ്ങി സ്‌കൂട്ടറില്‍ പോകുമ്പോഴാണ് പോലീസ് ഇവരെ വലയിലാക്കിയത്.

സപ്തംബര്‍ 11 മുതലാണ് അംജാദിനെ കാണാതായത്. ഇയാള്‍ക്കായി പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് രണ്ടും മാസം പിന്നിട്ടപ്പോള്‍ കടയിലെ ജീവനക്കാരി പ്രവീണയെയും നവംബര്‍ 13 മുതല്‍ കാണാതാവുന്നത്. ഇവരുടെ തിരോധാനം നാട്ടിലാകെ സംസാര വിഷയമായി. രണ്ടു പേരുടെയും ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് സമര്‍പിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ പോലീസിനോട് വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദേശിച്ച അവസരത്തിലാണ് ഇവരെ കോഴിക്കോട് നിന്നു കണ്ടെത്തുന്നത്.

ഓര്‍ക്കാട്ടേരിയിലെ കടയില്‍ ജോലി തുടങ്ങിയതു മുതല്‍ ഇരുവരും നല്ല ബന്ധത്തിലായിരുന്നു. അംജാദിന് ചേച്ചിയാണ് ഏഴു വയസുള്ള കുട്ടിയുടെ അമ്മയായ പ്രവീണ. ഇയാള്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് പ്രീവീണ സ്ഥലം വിട്ടത്.

ഓര്‍ക്കാട്ടേരിയില്‍ നിന്നു പ്രവീണ കട പൂട്ടി സ്‌കൂട്ടറില്‍ വടകര സാന്റ്ബാങ്ക്‌സില്‍ എത്തിയ ശേഷമാണ് അംജാദ് ഇവരെ കോഴിക്കോടേക്ക് കൊണ്ടുപോയത്. സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ സാന്റ്ബാങ്ക്‌സില്‍ കണ്ടെത്തിയിരുന്നു.

നേരത്തെ തന്നെ ഇയാള്‍ കോഴിക്കോട് ഫ്‌ളാറ്റ് വാടകക്കെടുത്തിരുന്നു. സാമ്പത്തിക ഞെരുക്കം മറികടക്കാനാണ് ഒളിച്ചോട്ടവും ഓണ്‍ലൈന്‍ ബിസിനസുമൊക്കെ എന്നാണ് അംജാദ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇരുവരേയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരുന്നു. ഇവരെ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹാജരാക്കും.

എഎസ്‌ഐ സി.എച്ച്.ഗംഗാധരന്‍, രാജീവന്‍, യൂസഫ്, ഷാജി, എടച്ചേരി എഎസ്‌ഐ പ്രശാന്ത് എന്നിവരടങ്ങിയ സ്‌പെഷ്യല്‍ സ്‌ക്വാഡാണ് അംജാദിനേയും പ്രവീണയേയും കണ്ടെത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.