Latest News

ഇഖാമയില്ലാതെ പിടിയിലായാല്‍ പിഴ ശിക്ഷക്കു പുറമെ ഇനി ജയില്‍ ശിക്ഷയും

ജിദ്ദ: ഇഖാമ കൈവശമില്ലാതെ പിടിയിലായാല്‍ ആറാഴ്ച വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ജവാസാത്ത് വക്താവ് ലെഫ്. കേണല്‍ തലാല്‍ അല്‍ശല്‍ഹോബ് മുന്നറിയിപ്പ് നല്‍കി.[www.malabarflash.com]

ഇങ്ങനെ പിടിയിലാകുന്നവരില്‍നിന്ന് 3000 റിയാല്‍ വരെ പിഴ ഈടാക്കുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ഒരു സെമിനാറില്‍ വ്യക്തമാക്കിയിരുന്നു.

ഇഖാമ കൈവശമില്ലാതെ പിടിക്കപ്പെട്ടാല്‍ 3,000 റിയാല്‍ പിഴയോ ആറാഴ്ച വരെ നീളുന്ന തടവോ അല്ലെങ്കില്‍ രണ്ട് ശിക്ഷയും ഒരുമിച്ചോ അനുഭവിക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആദ്യ തവണ പിടിക്കപ്പെട്ടാല്‍ തന്നെ ജയില്‍വാസം നേരിടേണ്ടിവരുമെന്നും ജവാസാത്ത് വക്താവ് വിശദീകരിച്ചു.

വിദേശി നാട്ടിലായിരിക്കേ ഫൈനല്‍ എക്‌സിറ്റിലേക്ക് മാറാന്‍ വകുപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. എക്‌സിറ്റ്‌റീ എന്‍ട്രി വിസയില്‍ നാട്ടില്‍ പോകുന്ന വിദേശി സൗദിയില്‍ തിരിച്ചെത്തിയാല്‍ മാത്രമേ ഫൈനല്‍ എക്‌സിറ്റ് വിസ ഇഷ്യൂ ചെയ്യാന്‍ സാധിക്കുകയുള്ളൂ.

കാലാവധി തീര്‍ന്ന ഇഖാമയുമായി പിടിയിലാകുന്നവര്‍ക്ക് ആദ്യ തവണ 500 റിയാലാണ് പിഴ ശിക്ഷ. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് 1000 റിയാല്‍ പിഴ ചുമത്തും. മൂന്നാം തവണയും ഇതേ നിയമ ലംഘനം നടത്തി കുടുങ്ങുന്നവരെ ആയിരം റിയാല്‍ മുതല്‍ മൂവായിരം റിയാല്‍ വരെ പിഴ ചുമത്തി നാടുകടത്തും.

ഇഖാമ, തൊഴില്‍ നിയമ ലംഘകരെ പിടികൂടുന്ന ചുമതല ജവാസാത്തിനില്ല. മറ്റു സുരക്ഷാ വകുപ്പുകള്‍ പിടികൂടുന്ന നിയമലംഘകരുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കുകയും അവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയുമാണ് ജവാസാത്തിന്റെ ചുമതല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.