Latest News

പ്ലസ് ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റില്‍

കരുനാഗപ്പള്ളി: പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസില്‍ അയല്‍വാസിയായ യുവാവ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായി. മണപ്പള്ളി തെക്ക് ലക്ഷ്മി ഭവനത്തില്‍ കണ്ണന്‍ എന്ന രാജേഷ് (19) ആണ് പിടിയിലായത്.[www.malabarflash.com] 

കഴിഞ്ഞ എട്ടിനാണ് മണപ്പള്ളി സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പീന പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥിനിയായിരുന്നു മരിച്ച പെണ്‍കുട്ടി. അയല്‍വാസിയായ യുവാവും പെണ്‍കുട്ടിയും ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഈ ബന്ധം പ്രയോജനപ്പെടുത്തി യുവാവ് പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗികമായി ചൂഷണം ചെയ്തതായി പോലീസ് പറഞ്ഞു. 

താന്‍ ഗര്‍ഭിണിയാണോ എന്ന സംശയം പെണ്‍കുട്ടി പ്രകടിപ്പിച്ചതോടെ യുവാവ് പെണ്‍കുട്ടിയെ തഴയുകയായിരുന്നു. കഴിഞ്ഞ എട്ടിന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തി ഗൈനക്കോളജിസ്റ്റിനെ കണ്ട പെണ്‍കുട്ടി വിവാഹിതയാണെന്നും പ്രെഗ്‌നന്‍സി ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ടു. ഇവിടെ നിന്നും പെണ്‍കുട്ടി നിരവധി തവണ യുവാവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് റിസള്‍ട്ട് നെഗറ്റീവ് ആയിരുന്നെങ്കിലും വാങ്ങാന്‍ നില്‍ക്കാതെ പെണ്‍കുട്ടി വീട്ടിലെത്തി. പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് പോക്‌സോ നിയമപ്രകാരവും നിരന്തരമായ ലൈംഗിക ചൂഷണത്തിനും ഉള്‍പ്പെടെയുള്ള കേസുകളാണ് പ്രതിയുടെ മേല്‍ ചുമത്തിയിരിക്കുന്നതെന്നും പോലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. 

കരുനാഗപ്പള്ളി എ.സി.പി ശിവപ്രസാദിന്റെ നിര്‍ദേശപ്രകാരം സി.ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ ശിവകുമാര്‍ അഡീ. എസ്.ഐമാരായ നവാസ്, രാധാകൃഷ്ണന്‍, രാജശേഖരന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.