Latest News

ജാനകി വധം: അന്വേഷണംഅന്തിമ ഘട്ടത്തില്‍

നീലേശ്വരം: ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക പി വി ജാനകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്തരമേഖല ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥ സംഘം നീലേശ്വരത്ത് ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതികള്‍ വിലയിരുത്തി.[www.malabarflash.com]

ഐജിക്ക് പുറമെ ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍, കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ. ഏ ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിലാണ് നീലേശ്വരത്ത് കേസന്വേഷണ നടപടികള്‍ വിലയിരുത്തിയത്. ഇതുവരെയുള്ള അന്വേഷണ നടപടികള്‍ അക്കമിട്ട് നിരത്തിയാണ് സംഘം പരിശോധിച്ചു.
വെളളിയാഴ്ച രാവിലെ തന്നെ ഐജി നീലേശ്വരത്തെത്തിയിരുന്നു. രാവിലെ മുതല്‍ തന്നെ പോലീസ് സ്റ്റേഷനിലെ കോണ്‍ഫറന്‍സ് ഹാളില്‍ ഐജിയുടെ സാന്നിധ്യത്തില്‍ അവലോകന യോഗം നടന്നു. അന്വേഷണ സംഘത്തില്‍ പെട്ട കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍, ഹൊസ്ദുര്‍ഗ് സിഐ സി കെ സുനില്‍കുമാര്‍, നീലേശ്വരം സിഐ വി ഉണ്ണികൃഷ്ണന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
കേസ് സംബന്ധിച്ച് വ്യക്തമായ സൂചന അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് അറിയുന്നത്. കൊലക്ക് പിന്നില്‍ ക്വട്ടേഷനാണെന്ന് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. മംഗലാപുരവും ഷിമോഗയുമായി ബന്ധമുള്ള രണ്ടുപേര്‍ ക്വട്ടേഷന്‍ സംഘത്തിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇവര്‍ക്ക് ജില്ലയില്‍ നടന്ന ഒരു വന്‍ ബാങ്ക് കവര്‍ച്ചയുമായും ബന്ധമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ടെന്നറിയുന്നു. 

അക്രമികളില്‍ ഒരാളെ കൊല്ലപ്പെട്ട ജാനകി തിരിച്ചറിഞ്ഞിരുന്നു. കൊലക്ക് ക്വട്ടേഷന്‍ നല്‍കിയ ആള്‍ കൃത്യം നടത്തുമ്പോള്‍ സംഘത്തോടൊപ്പമുണ്ടായിരുന്നില്ലെന്നാണ് അറിയുന്നത്. എന്നാല്‍ വഴികാട്ടിയായി എത്തിയ ആളെയാണ് ജാനകി തിരിച്ചറിഞ്ഞത്. ഇതിനിടയില്‍ ആളുമാറിയാണ് കൊലപാതകം നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.
ജാനകി വധവുമായി ബന്ധപ്പെട്ട് അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. ഒരു ഫോണ്‍കോള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത രണ്ടുപേരെ അജ്ഞാത കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്തുവരികയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.