ചീമേനി: റിട്ട. പ്രധാനാധ്യാപിക പുലിയന്നൂരിലെ പി.വി ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും സ്വര്‍ണ്ണവും പണവും കൊള്ളയടിക്കുകയും ചെയ്ത കേസ് തെളിയിക്കാന്‍ അന്വേഷണ സംഘം നാട്ടുകാരുടെ സഹായം തേടി.[www.malabarflash.com]
ജനങ്ങള്‍ക്ക് സംശയങ്ങളുണ്ടെങ്കില്‍ അത് എഴുതിയിടാന്‍ പെട്ടികള്‍ സ്ഥാപിച്ചു. ഇതിനിടയില്‍ കഴിഞ്ഞദിവസം പോലീസ് വിളിച്ചുചേര്‍ത്ത നാട്ടുകാരുടെ യോഗത്തില്‍ ഒരു യുവതി പോലീസിന് കുറിപ്പ് കൈമാറി.
പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് രണ്ടുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഫലത്തിനായി പലരും പരീക്ഷണങ്ങള്‍ നടത്താനുള്ള സാധ്യതയേറെയാണ്.
ജാനകി കൊല്ലപ്പെട്ടിട്ട് ഒരുമാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിയാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.
പുലിയന്നൂര്‍ ജാനകിവധത്തിനുശേഷവും സമാനമായ സംഭവങ്ങള്‍ ജില്ലയിലുണ്ടായതോടെ നാട്ടുകാര്‍ കടുത്ത ആശങ്കയിലാണ്.
കഴിഞ്ഞമാസം 13 നാണ് ജാനകിയെ വീട്ടില്‍ അതിക്രമിച്ചുകടന്ന മൂന്നംഗമുഖംമൂടിസംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ജാനകിയുടെ ഭര്‍ത്താവും റിട്ട. അധ്യാപകനുമായ കൃഷ്ണനെ സംഘം കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തില്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് അന്വേഷണം നടത്തുന്നത്. എന്നാല്‍ ഘാതകരെ കണ്ടെത്താന്‍ കഴിയാത്ത പോലീസ് നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നതോടെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പോലീസ് തന്നെ മുന്‍കൈയെടുത്ത് നാട്ടുകാരുടെ യോഗം വിളിക്കുകയായിരുന്നു.
ശനിയാഴ്ച വൈകിട്ട് പുലിയന്നൂരില്‍ നടന്ന നാട്ടുകാരുടെ യോഗത്തില്‍ സ്ത്രീകളടക്കം നൂറോളം പേരാണ് പങ്കെടുത്തത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ജാനകിവധത്തിന് പിന്നില്‍ പുറത്തുനിന്നുള്ളവരല്ലെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വെളിപ്പെടുത്തി.
ജാനകിയുടെ കൊലയാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരികയാണ് പോലീസിന്റെ ലക്ഷ്യമെന്നും അതിന് നാട്ടുകാരുടെ സഹകരണം ആവശ്യമാണെന്നും അന്വേഷണസംഘത്തില്‍പെട്ട ഡി വൈ എസ് പി പി പ്രദീപ്കുമാര്‍ വ്യക്തമാക്കി. ഈ കേസുമായി ബന്ധപ്പെട്ട വിലപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ നാട്ടുകാര്‍ക്ക് കഴിയുമെന്നും പുലിയന്നൂര്‍ ഗ്രാമത്തില്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച പരാതിപ്പെട്ടിയില്‍ എഴുതിയിടാമെന്നും നീലേശ്വരം സി ഐ സി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ജാനകിയുടെ ഘാതകരെ എത്രയും വേഗം പിടികൂടി ശിക്ഷിക്കണമെന്ന പൊതുവികാരമാണ് നാട്ടുകാരുടെ യോഗത്തിലുണ്ടായത്. സംഭവം നടന്ന വീടുമായി ബന്ധപ്പെട്ടവരിലേക്കും അന്വേഷണം വേണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
No comments:
Post a Comment