ബേക്കല്‍: ആയംപാറ ചെക്കിപ്പള്ളത്തെ സുബൈദ (60) വധക്കേസിന്റെ അന്വേഷണം അടിവസ്ത്രത്തിന്റെ പിന്നാലെ. സുബൈദ തനിച്ച് താമസിക്കുന്ന വീട്ടില്‍ നിന്നും ലഭിച്ച പുരുഷ അടിവസ്ത്രത്തിന്റെ ഉടമയെ തേടിയാണ് പോലീസ് പരക്കം പായുന്നത്.[www.malabarflash.com]
വീട്ടിലെ കട്ടിലില്‍ നിന്നുമാണ് തടികൂടിയ ആളുടേതാണെന്ന് സംശയിക്കുന്ന അടിവസ്ത്രം കണ്ടെത്തിയത്. ഇത് പോലീസ് ബന്തവസിലെടുത്തിട്ടുണ്ട്. വീട്ടിനകത്തുണ്ടായിരുന്ന ഏക അടിവസ്ത്രവും ഇത് മാത്രമാണ്. ഇതിന്റെ ഉടമയെ കണ്ടെത്തിയാല്‍ കേസിന് തുമ്പുണ്ടാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പോലീസ്.
എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തില്‍ പീഡനശ്രമത്തിന് സാധുത ഇല്ലാത്തതിനാല്‍ അന്വേഷണം വഴിതിരിച്ചുവിടാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമാണോയെന്നും പോലീസ് അന്വേഷിച്ചുവരുന്നു. അടിവസ്ത്രം ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കുമെന്ന് അന്വേഷണസംഘം തലവനായ ഡിവൈഎസ്പി കെ ദാമോദരന്‍ പറഞ്ഞു.
ഘാതകരെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. വീട്ടില്‍ നിന്നും മോഷണം പോയത് ആറുപവന്റെ ആഭരണം മാത്രമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് സുബൈദ വീട്ടില്‍ കൊല ചെയ്യപ്പെട്ട വിവരം പുറം ലോകമറിഞ്ഞത്. കൈകാലുകള്‍ ബന്ധിച്ച നിലയില്‍ കമിഴ്ന്നാണ് മൃതദേഹം കിടന്നിരുന്നത്.
സുബൈദ ദേഹത്ത് അണിഞ്ഞിരുന്ന ആഭരണങ്ങള്‍ മാത്രമാണ് മോഷണം പോയിട്ടുള്ളത്. ഒന്നരപ്പവന്റെ മാല, മൂന്നുപവന്റെ വള, കാതിലുള്ള അലുക്കത്ത് എന്നിവയാണ് മോഷണം പോയത്. ഇവ ആകെകൂടി 6 പവന്‍ മാത്രമേ വരികയുള്ളൂ. പണമുള്‍പ്പെടെ വീട്ടില്‍നിന്ന് മോഷണം പോയിട്ടുണ്ടെന്ന പ്രചരണം പോലീസ് നിഷേധിച്ചു.
ഇതോടൊപ്പം വീട്ടില്‍ കാണപ്പെട്ട നാരങ്ങാവെള്ളം ഉണ്ടായിരുന്ന ഗ്ലാസുകളും ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇതില്‍ ഒന്നില്‍ പകുതി മാത്രമേ നാരങ്ങാവെള്ളം ഉണ്ടായിരുന്നുള്ളൂ. വെള്ളം കുടിക്കുന്നതിനിടയില്‍ ഗ്ലാസില്‍ പതിഞ്ഞിട്ടുള്ള ഉമിനീരിന്റെ അംശമാണ് പരിശോധിക്കുക.
അതിനിടെ കേസന്വേഷണത്തിന് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പന്ത്രണ്ടംഗ ടീമിനെ നിയോഗിച്ചു. ബേക്കല്‍ സിഐ വിശ്വംഭരന്‍, ഹൊസ്ദുര്‍ഗ് സിഐ സി കെ സുനില്‍കുമാര്‍, കാസര്‍കോട് സി ഐ അബ്ദുള്‍റഹീം എന്നിവരും ബേക്കല്‍, അമ്പലത്തറ, ഹൊസ്ദുര്‍ഗ് എന്നിവിടങ്ങളിലെ എസ്‌ഐമാരും സിവില്‍ പോലീസ് ഓഫീസര്‍മാരും അടങ്ങുന്നതാണ് ടീം.
No comments:
Post a Comment