Latest News

ജാനകിയുടെ കൊലപാതകം: അന്വേഷണം വഴിത്തിരിവിൽ, അൻപതോളം ഗുഡ്സ് ഓട്ടോകൾ പരിശോധിച്ചു

ചീമേനി: പുലിയന്നൂരിലെ റിട്ട. അധ്യാപിക പി.വി.ജാനകിയുടെ കൊലപാതകത്തിലെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. കൊലപാതക ദിവസം തൃക്കരിപ്പൂരിനു സമീപത്തെ ഗുഡ്സ് ഓട്ടോ ഡ്രൈവറുടെ മൊബൈൽ ഫോണിന്റെ സാന്നിധ്യം പുലിയന്നൂർ റേഞ്ചിൽ കണ്ടതായി തെളിഞ്ഞു. ഇതേത്തുടർന്നു തൃക്കരിപ്പൂർ ഭാഗങ്ങളിലെ അൻപതോളം ഗുഡ്സ് ഓട്ടോകൾ പോലീസ് പരിശോധിച്ചു. [www.malabarflash.com]

ഒരാളെ ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ഡിസംബർ 13നു കൊല്ലപ്പെട്ട ജാനകിയുടെ കൊലപാതകികളെ സംബന്ധിച്ച് ഇതുവരെ കാര്യമായ വിവരമില്ലാത്ത വേളയിലാണ് സൈബർ വിഭാഗത്തിന്റെ ശാസ്ത്രീയ പരിശോധനയിൽ കൊലപാതക ദിവസം തൃക്കരിപ്പൂർ ഭാഗത്തെ ഓട്ടോ ഡ്രൈവറുടെ മൊബൈൽ ഫോണിന്റെ സാന്നിധ്യം പുലിയന്നൂർ റേഞ്ചിൽ കണ്ടെത്തിയതത്രെ. ഇതേത്തുടർന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തൃക്കരിപ്പൂർ മേഖലയിലെ ഗുഡ്സ് ഓട്ടോകൾ പോലീസ് പരിശോധിച്ചു.

ആക്രിസാധനങ്ങൾ കയറ്റുന്ന ഗുഡ്സ് ഓട്ടോകൾ മാത്രമാണ് പോലീസ് പരിശോധിച്ചത്. ഇതിനിടെ പുലിയന്നൂരിൽ റേഞ്ച് കണ്ട ഫോൺ ഉപയോഗിച്ച ആളെ പോലീസ് ചോദ്യം ചെയ്തുവരികയാണെന്നാണ് വിവരം. നേരത്തേ പലരുടെയും ഫോൺ റേഞ്ചുകൾ പുലിയന്നൂർ മേഖലയിൽ കണ്ടപ്പോൾ അതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ല.

എന്നാൽ തൃക്കരിപ്പൂർ മേഖലയിലെ ആളുടെ ഫോണിന്റെ സാന്നിധ്യം ഏറെ പ്രതീക്ഷ നൽകുന്നതിന്റെ തെളിവാണ് ആക്രിസാധനങ്ങൾ കയറ്റുന്ന ഗുഡ്സ് ഓട്ടോകൾ പോലീസ് പരിശോധന നടത്തിയതിനു കാരണമായതെന്നാണ് വിവരം. 

അതേസമയം തെളിവുകൾ ഒന്നും കിട്ടാത്ത സാഹചര്യത്തിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ പോലീസ് തയാറെടുക്കുന്ന വേളയിലാണ് അന്വേഷണത്തിൽ ഇപ്പോൾ പുതിയ നീക്കമുണ്ടായിട്ടുള്ളത്. ഇതിനെ പോലീസ് ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

അതേസമയം പുലിയന്നൂർ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഓരോ ദിവസവും ഊർജിതമാക്കുകയാണ്. വീടുകളിൽ കയറി അരിച്ചു പെറുക്കിയുള്ള അന്വേഷണരീതിയാണ് പോലീസ് സ്വീകരിക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് എന്തെങ്കിലും സൂചന കിട്ടിയാൽ അത് അറിയിക്കാനായി പോലീസ് ഗ്രാമത്തിലാകെ പരാതിപ്പെട്ടികൾ സ്ഥാപിച്ചിരിക്കുകയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.