ബേക്കല്‍: പെരിയ ആയംപാറ ചെക്കിപ്പാറയിലെ സുബൈദ (60) വധം അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഉത്തരമേഖലാ ഐജി മഹിപാല്‍ യാദവ് വ്യാഴാഴ്ച രാവിലെ ബേക്കല്‍ പോലീസ് സ്റ്റേഷനിലെത്തി. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനുമായി അദ്ദേഹം വിവരങ്ങള്‍ ആരാഞ്ഞു.[www.malabarflash.com]
കൊലപാതകം നടന്ന് എട്ട് ദിവസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഐജി നേരിട്ട് ബേക്കലിലെത്തിയത്.
സുബൈദ വധവുമായി ബന്ധപ്പെട്ട് വീടിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സ് തേടിയെത്തിയ മൂന്നംഗ സംഘത്തെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നീങ്ങുന്നത്.
17ന് രാത്രിയാണ് സുബൈദ കൊല്ലപ്പെട്ടത്. തലേദിവസം ഉച്ചക്ക് രണ്ട് മണിക്കാണ് മൂന്ന് പേര്‍ വാടക മുറി അന്വേഷിച്ച് സുബൈദയുടെ വീട്ടിലെത്തിയത്. ഈ ക്വാര്‍ട്ടേഴ്‌സ് നേരത്തെ നോക്കി നടത്തിയത് സുബൈദയായിരുന്നു. ഇപ്പോള്‍ മറ്റൊരു യുവാവാണ് ഏറ്റെടുത്ത് നടത്തുന്നത്. സുബൈദ മൂന്നു പേരെയും കൂട്ടി ക്വാര്‍ട്ടേഴ്‌സ് നടത്തിപ്പു ചുമതല വഹിക്കുന്ന യുവാവിനെ കണ്ടിരുന്നു. സുബൈദ ഒറ്റക്കാണ് താമസിക്കുന്നതെന്നും മൂന്നു പേരുടെയും മുന്നില്‍ വെച്ച് പറഞ്ഞിരുന്നതായി യുവാവ് പൊലീസിനു മൊഴിനല്‍കിയതോടെയാണ് അന്വേഷണം കാറില്‍ എത്തിയ മൂന്നുപേരെ ചുറ്റിപ്പറ്റി ശക്തമാക്കിയത്.
ഒഴിവുള്ള ഒരു മുറിനേരത്തെ ആവശ്യപ്പെട്ടവര്‍ക്ക് വേണ്ടന്ന് പറഞ്ഞാല്‍ ഇക്കാര്യം ഫോണില്‍ വിളിച്ച് പറയാമെന്നും നമ്പര്‍ വേണമെന്നും നടത്തിപ്പുകാരന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവര്‍ നമ്പര്‍ നല്‍കാന്‍ തയ്യാറായില്ല. വൈകുന്നേരം 7 മണിക്കകം വിളിക്കാമെന്ന് പറഞ്ഞ് ക്വാര്‍ട്ടേഴ്‌സ് നടത്തിപ്പുകാരന്റെ നമ്പര്‍ വാങ്ങി മടങ്ങിയവര്‍ പിന്നീടു ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. കൊലയുമായി ഇവര്‍ക്ക് ബന്ധമുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇവര്‍ സഞ്ചരിച്ച കാര്‍ തിരിച്ചറിയാനായിട്ടില്ല. സ്വിഫ്റ്റ് രൂപത്തിലുള്ള കാറാണെന്നാണ് ക്വാര്‍ട്ടേഴ്‌സ് നടത്തിപ്പുകാരന്‍ പറഞ്ഞത്.
16ന് ഉച്ചയ്ക്ക് രണ്ടിനും മൂന്നിനുമിടയില്‍ ആയംപാറ ടവറിന് കീഴിലുള്ള മുഴുവന്‍ ഫോണ്‍ കോളുകളും സൈബര്‍ സെല്‍ പരിശോധിക്കുന്നുണ്ട്. കൊല നടന്ന വീട്ടില്‍ നിന്ന് കണ്ടെത്തിയ രണ്ട് ഗ്ലാസ് നാരങ്ങ വെള്ളത്തിന്റെയും കിടപ്പുമുറിയിലെ കിടക്കക്ക് മുകളിലുണ്ടായിരുന്ന പുരുഷന്റേതെന്ന് തോന്നിക്കുന്ന അടിവസ്ത്രത്തിന്റെയും പരിശോധന ഫലം ലഭിച്ചിട്ടില്ല.
കഴിഞ്ഞ മാസം 12ന് സുബൈദ ബാങ്കില്‍ നിന്നും 30,000 രൂപ പിന്‍വലിച്ചതായും അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. കവര്‍ച്ചക്ക് പുറമെ മറ്റു വല്ല ഉദ്ദേശവും കൊലക്ക് പിന്നിലുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
No comments:
Post a Comment