Latest News

അവില്‍മില്‍ക്കില്‍ പാല്‍ കൂടിയതിനെച്ചൊല്ലി സംഘര്‍ഷം

മലപ്പുറം: ദമ്പതിമാര്‍ക്ക് നല്‍കിയ അവില്‍മില്‍ക്കില്‍ പാല്‍ കൂടിയതിനെച്ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. തിങ്കളാഴ്ച രാത്രിയാണ് വെളിയങ്കോട്ടെ ബേക്കറിയില്‍ ദമ്പതിമാര്‍ ജ്യൂസ് കഴിക്കാനായി കയറിയത്. അവില്‍ മില്‍ക്കില്‍ പാല്‍ കൂടിയതിനെച്ചൊല്ലി ബേക്കറിക്കടയിലെ സപ്ലൈയറുമായി വാക്കേറ്റമുണ്ടായി.[www.malabarflash.com] 

ദമ്പതിമാര്‍ക്കുനേരേ മോശം പരാമര്‍ശം നടത്തിയെന്ന ആക്ഷേപമുണ്ട്. ഇതിനിടയില്‍ ജീവനക്കാരുമായി സംഘര്‍ഷമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് പുറത്തുനിന്നെത്തിയ ഒരുസംഘം ബേക്കറിക്കടയില്‍ കയറി ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ ബേക്കറി ജീവനക്കാരന്‍ പൊന്നാനി സ്വദേശി മുജീബ്, ദമ്പതിമാരായ ഷമീര്‍, മഹ്ഫൂസ എന്നിവര്‍ക്കും പരിക്കേറ്റു.

മുജീബ് പൊന്നാനി ഗവ. ആസ്​പത്രിയിലും ദമ്പതിമാര്‍ കുന്നംകുളത്തെ സ്വകാര്യ ആസ്​പത്രിയിലും ചികിത്സയിലാണ്. പൊന്നാനി പോലീസില്‍ ഇരുവരും പരാതിനല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

കടയില്‍ അതിക്രമിച്ചുകയറി ജീവനക്കാരനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ചൊവ്വാഴ്ച രണ്ടുമണിക്കൂര്‍ കടകളടച്ച് പ്രതിഷേധിച്ചു. പകല്‍ 10 മുതല്‍ 12 വരെയാണ് കടകളടച്ചത്. അക്രമികളെ പിടികൂടണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി വെളിയങ്കോട്ട് പ്രതിഷേധപ്രകടനം നടത്തി. 

അജ്മല്‍ മൊയ്തുണ്ണി ഹാജി, നാരായണന്‍ കോട്ടയ്ക്കല്‍, എം.എം. അബ്ദുല്‍ഗഫൂര്‍ എന്നിവര്‍ നേതൃത്വംനല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.