Latest News

മുതലയെ തോൽപിച്ച ആറുവയസ്സുകാരിക്ക് ധീരതാ പുരസ്കാരം

ന്യൂഡൽഹി: മുതലയിൽനിന്നു സഹോദരിയെ രക്ഷിച്ച ആറുവയസ്സുകാരിക്കു രാജ്യത്തിന്റെ സല്യൂട്ട്. ഒഡീഷ കേന്ദ്രാപര സ്വദേശിനി മമത ദലാനി ഉൾപ്പെടെ 18 കുട്ടികൾക്കാണു ധീരതയ്ക്കുള്ള പുരസ്കാരം. ആലപ്പുഴ സ്വദേശി സെബാസ്റ്റ്യൻ വിൻസന്റാണ് ഏക മലയാളി.[www.malabarflash.com]

കഴിഞ്ഞ ഏപ്രിൽ ആറിനു വീടിനു സമീപത്തെ കുളത്തിൽ കുളിക്കാൻ പോയതായിരുന്നു മമതയും സഹോദരി ഏഴുവയസ്സുകാരി അസാൻതിയും. സമീപത്തെ പുഴയിൽനിന്നു കുളത്തിലെത്തിയിരുന്ന മുതല അസാൻതി ഇറങ്ങിയ ഉടൻ വലതുകയ്യിൽ കടിച്ചു. 

മുതല സഹോദരിയെ വലിച്ചുകൊണ്ടുപോകുന്നതു കണ്ട മമത അസാൻതിയുടെ ഇടതുകയ്യിൽ കടന്നുപിടിച്ചു. കാൽകൊണ്ടു തൊഴിച്ചും നിലവിളിച്ചുമെല്ലാം ആകുംവിധം പരിശ്രമിച്ചു. ഒടുവിൽ മുതല കയ്യിലെ കടിവിട്ടു. വിവരം അറിഞ്ഞെത്തിയ ബിതർകനിക വന്യജീവി സങ്കേതത്തിലെ ഉദ്യോഗസ്ഥർ മുതലയെ പിടികൂടി മാറ്റുകയായിരുന്നു.

റെയിൽപാളത്തിൽ കാൽതട്ടി വീണ സഹപാഠിയെ ട്രെയിനിനു മുന്നിൽനിന്നു രക്ഷിച്ചതിനാണ് ആലപ്പുഴ കാഞ്ഞിരംചിറ പഴമ്പാശേരി പി.എഫ്.വിൻസന്റിന്റെയും മേരി ഗ്രേസിയുടെയും മകൻ സെബാസ്റ്റ്യൻ വിൻസന്റിനു (13) പുരസ്കാരം ലഭിച്ചത്. 

ആലപ്പുഴ ലിയോ തേർട്ടീൻത് എച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. 2016 ജൂലൈ 19ന് ആണു സെബാസ്റ്റ്യൻ സഹപാഠിയുടെ രക്ഷകനായത്. സൈക്കിളിൽ സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ കൂട്ടുകാരൻ അഭിജിത്ത് റെയിൽപാളത്തിൽ ക‍ാലുടക്കി വീഴുകയായിരുന്നു. ട്രെയിൻ വരുന്ന സമയം ട്രാക്കിൽനിന്ന് എഴുന്നേൽക്കാനാകാതെ കിടന്നുപോയ അഭിജിത്തിനെ സെബാസ്റ്റ്യൻ സാഹസികമായി രക്ഷിച്ചു.

പുരസ്കാരങ്ങൾ 24നു പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിക്കും. റിപ്പബ്ലിക് ദിന പരേഡ് വേളയിലും ഇവർ സന്നിഹിതരായിരിക്കും. മൂന്നുപേർക്കു മരണാനന്തര ബഹുമതിയാണു സമ്മാനിക്കുന്നത്. പുരസ്കാര ജേതാക്കൾക്കു രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും വിരുന്ന് ഒരുക്കുന്നുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.