Latest News

ഖാസിയുടെ കൊലപാതകം; തിങ്കളാഴ്ച ബഹുജന കലക്ട്രേറ്റ് മാര്‍ച്ച്

കാസര്‍കോട്: 2010 ഫെബ്രുവരി 15ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ചെമ്പരിക്ക-മംഗലാപുരം ഖാസിയും സമസ്ത ഉപാധ്യക്ഷനും പണ്ഡിതനുമായ സി.എം. അബ്ദുല്ല മൗലവിയുടെ കേസന്വേഷണം സംസ്ഥാന-കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷണത്തിന് വിധേയമാക്കിയെങ്കിലും മുന്‍വിധിയോടെയുള്ള അന്വേഷണരീതിയാല്‍ കൊലയാളികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും സി.എം. ഉസ്താദിന്റെ മരണത്തെ ആത്മഹത്യയാക്കി ചിത്രീകരിക്കാനുള്ള തകൃതിയായ ശ്രമമാണ് എല്ലാ അന്വേഷണ ഏജന്‍സികളില്‍ നിന്നുമുണ്ടായിരുന്നതെന്നും ഖാസി ജനകീയ ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി.[www.malabarflash.com]

കേസന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടുപോകണമെങ്കില്‍ ഖാസി മരണപ്പെട്ട ദിവസം മുതല്‍ അന്വേഷണം അട്ടിമറിച്ച കേരള പോലീസിലെ മുഴുവന്‍ അന്വേഷണ ഉദ്യോഗസ്ഥരേയും അന്വേഷണ പരിധിയില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്യണമെന്ന് ആക്ഷന്‍ കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.
സി.ബി.ഐ അന്വേഷണം ശരിയായ രീതിയില്‍ നടത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ 9.30ന് വിദ്യാനഗര്‍ ഗവ. കോളേജ് പരിസരത്തുനിന്നും കലക്‌ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ യോഗം തീരുമാനിച്ചു. 

ജില്ലയിലെ മുഴുവന്‍ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക നേതാക്കളും മതനേതാക്കളും റാലിയിലും ധര്‍ണ്ണയിലും സംബന്ധിക്കും. തുടര്‍ന്ന് സി.ബി.ഐ അന്വേഷണം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ ഡോ: ഡി. സുരേന്ദ്രനാഥും അമ്പലത്തറ കുഞ്ഞികൃഷ്ണനും ഖാസി ത്വാഖാ അഹമദ് മൗലവിയും പ്രസ്താവിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.