പളളിക്കര: യുവാക്കളുടെ സ്നേഹപൂർണ്ണമായ കൈത്താങ്ങിൽ ഒരുക്കിയ ചിതയിൽ രാജസ്ഥാൻ സ്വദേശിക്ക് അന്ത്യയാത്ര. കഴിഞ്ഞ ദിവസം ട്രെയിൻ തട്ടി മരിച്ച രാജേഷിന്റെ ശവസംസ്കാര ചടങ്ങുകളാണ് യുവാക്കൾ ഏറ്റെടത്ത് നടത്തിക്കൊടുത്ത് മാതൃകയായത്.[www.malabarflash.com]
യൂത്ത് ലീഗ് -കെ. എം. സി. സി പ്രവർത്തകരാണ് മാതൃകാപരമായ പ്രവർത്തനം നടത്തിയത്.
പള്ളിക്കര മാസ്തി ഗുഡ്ഡയിലെ മുസ് ലീം ലീഗ് ഓഫീസിനോട് ചേർന്നുള്ള മുറിയിലാണ് രാജേഷ് 15 വർഷമായി താമസിക്കുന്നത്. ടൈൽസ് ജോലി ചെയ്യുന്ന രാജേഷ് നാട്ടുകാരുമായി നല്ല ബന്ധത്തിലായിരുന്നു. ഞായറാഴ്ച ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം. നാട്ടുകാർക്ക് പ്രിയപ്പെട്ടവനായതിനാൽ രാജേഷിന്റെ മരണം ഏറെ സങ്കടമുണ്ടാക്കി.
നാട്ടുകാർ ഉടൻ തന്നെ രാജേഷിന്റെ ബന്ധുക്കളെ വിവരം അറിയിച്ചു. പിന്നീട് തുടർ നടപടികൾ യൂത്ത് ലീഗ് -കെ. എം.സി.സി പ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകാനുള്ള പ്രയാസം ബന്ധുക്കൾ അറിയിച്ചപ്പോഴാണ് ബന്ധുക്കളുടെ കൂടി സമ്മതതോടെ പള്ളിക്കരയിൽ തന്നെ സംസ്കരിക്കുവാൻ തീരുമാനിച്ചത്.
ബന്ധുക്കൾ നാട്ടിൽ നിന്നും പുറപ്പെട്ടപ്പോൾ തന്നെ രാജേഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നതിനുള്ള ഒരുക്കങ്ങളും യുവാക്കൾ തുടങ്ങി. രാജേഷിന്റെ സഹോദരൻ പവൻ, സഹോദരി ഭർത്താവ് രാം ഭവാൻ ശർമ്മ എന്നിവർ പള്ളിക്കരയിലെത്തിയതോടെ അന്ത്യകർമ്മങ്ങൾ നടത്തി.
പള്ളിക്കരയിലെ ശ്മശാനത്തിൽ മതാചാരപ്രകാരമാണ് സംസ്കാരം നടന്നത്. യൂത്ത് ലീഗ് - പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹാരിസ്, കെ.എം. സി.സി ഭാരവാഹികളായ അറഫാത്ത് മാസ്തി ഗുഡ്ഡ, നസീർ, അസീം, ഷാഹുൽ എന്നിവരാണ് മാതൃകാപരമായ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
No comments:
Post a Comment