Latest News

വ്യാജ രേഖയുണ്ടാക്കി പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയ യുവതിയടക്കം നാലുപേരെ ക്രൈംബ്രാഞ്ച് തിരയുന്നു

കാസര്‍കോട്: വ്യാജ പാസ്‌പോര്‍ട്ടിനായി അപേക്ഷ നല്‍കിയ നാല് കാസര്‍കോട്ടുകാരെ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.വി രഘുരാമനും സംഘവും അന്വേഷിക്കുന്നു. നാലു മേല്‍വിലാസങ്ങളും വ്യാജമാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.[www.malabarflash.com] 

ഫോട്ടോ മാത്രമാണ് ഒറിജിനല്‍. ഫോട്ടോ നോക്കി തിരിച്ചറിയാനുള്ള ശ്രമമാണ് നോക്കുന്നത്. പൊതു ഇടങ്ങളില്‍ ഫോട്ടോ പതിക്കാനും പോലീസ് നീക്കം നടത്തുന്നു.
2009ലും 2010ലുമാണ് നാലുപേരും പാസ്‌പോര്‍ട്ടിനായി അപേക്ഷ നല്‍കിയത്. വ്യാജമായുണ്ടാക്കിയ റേഷന്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് ഐഡന്റിറ്റി കാര്‍ഡ്, സ്‌കൂള്‍ അഡ്മിഷന്‍ രജിസ്റ്റര്‍ എന്നിവ ഒപ്പം സമര്‍പ്പിച്ചിരുന്നു. വ്യാജ രേഖകള്‍ ഉണ്ടാക്കിയതിനും വ്യാജ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്. 

പടന്നക്കാട് കരുവളം മണല്‍ വീട്ടില്‍ ഫക്രുദ്ദീന്റെ മകന്‍ മണാലില്‍ അബ്ദുല്‍റഹ്മാന്‍, പടന്നക്കാട് കരുവളം നിസാര്‍ മന്‍സിലില്‍ മുഹമ്മദ് മുണ്ടങ്കടവിന്റെ മകന്‍ നിസാര്‍ മുഹമ്മദ്, രാവണേശ്വരം മുക്കൂട് ഷാഹിന മന്‍സിലില്‍ അഹമ്മദ് കണ്ടത്തിലിന്റെ ഭാര്യ കണ്ടത്തില്‍ ഷാഹിദ, കോടോം-ബേളൂര്‍ അട്ടേങ്ങാനം പോര്‍ക്കളം ഹൗസിലെ സുലൈമാന്‍ ഹാജിയുടെ മകന്‍ പാറയില്‍ മുഹമ്മദ് കുഞ്ഞി എന്നീ മേല്‍വിലാസങ്ങളാണ് അപേക്ഷയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇവയെല്ലാം വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 

ഫോട്ടോ തിരിച്ചറിയുന്നവര്‍ 9497990220 എന്ന മൊബൈല്‍ നമ്പറിലോ 0497 2705079 എന്ന ഓഫീസ് നമ്പറിലോ അറിയിക്കണമെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി രഘുരാമന്‍ അറിയിച്ചു.
ട്രാവല്‍ ഏജന്‍സികളാവാം വ്യാജ രേഖകളുണ്ടാക്കിയതെന്നാണ് സംശയിക്കുന്നത്. എന്നാല്‍ ഏത് ട്രാവല്‍ ഏജന്‍സി വഴിയാണ് അപേക്ഷ നല്‍കിയതെന്ന് വ്യക്തമായിട്ടില്ല. ട്രാവല്‍ ഏജന്‍സിയെ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ അവര്‍ക്കെതിരെ കേസെടുക്കുമെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.