Latest News

ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് സാമൂഹ്യ പ്രവര്‍ത്തകനും മലയാളിയുമായ അഷറഫ് താമരശ്ശേരി

ദുബൈ: അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് ദുബൈയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും മലയാളിയുമായ അഷറഫ് താമരശ്ശേരി. മൃതദേഹം എംബാം ചെയ്തതിനു ശേഷം അഷറഫിന് കൈമാറിയതായി ദുബൈ സർക്കാരിന്റെ ഔദ്യോഗിക രേഖയിൽ പറയുന്നു.[www.malabarflash.com] 

ദുബൈ ആരോഗ്യമന്ത്രാലയത്തിന്റെ എംബാമിംഗ് കേന്ദ്രത്തിൽനിന്നാണ് അഷ്‌റഫിന് മൃതദേഹം കൈമാറിയുള്ള സർട്ടിഫിക്കറ്റ് കൈമാറിയത്.

യുഎഇയിലെ പ്രവാസികൾക്ക് വളരെ സുപരിചിതനാണ് അഷറഫ് താമരശ്ശേരി. സാമൂഹിക പ്രവർത്തനത്തിന് പ്രവാസി ഭാരതീയ സമ്മാൻ നേടിയ വ്യക്തിത്വം. പ്രവാസജീവിതത്തിനിടെ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് ജീവിതവ്രതമാക്കിയ ആളാണ് അഷറഫ് താമരശേരി. 

ഇതിനകം ജാതി–മത–ദേശ വ്യത്യാസമില്ലാതെ യുഎഇയിലെ വിവിധ ആശുപത്രികളിലെ മോർച്ചറികൾ നിന്ന് വിവിധ രാജ്യക്കാരുടെ അയ്യായിരത്തോളം മൃതദേഹങ്ങൾ ഇദ്ദേഹം നടപടികൾ പൂർത്തിയാക്കി അയച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളിലെ തിരക്കിൽ തന്നെയായിരുന്നു അഷ്റഫ്.

20 വർഷത്തോളമായി യുഎഇയിലെ അജ്മാനിൽ പ്രവാസ ജീവിതം നയിക്കുന്ന ആളാണ് അഷറഫ്. സ്വന്തമായി ബിസിനസ് നടത്തുന്ന ഇദ്ദേഹം അതെല്ലാം മറ്റുള്ളവരെ ഏൽപിച്ചാണ് പ്രതിഫലേച്ഛ യാതൊന്നും കൂടാതെ സേവനം നടത്തുന്നത്. പ്രവാസ ലോകത്ത് എന്തെങ്കിലും സംഭവിച്ചാൽ അഷ്റഫ് താമരശ്ശേരിയുണ്ടെങ്കിൽ മൃതദേഹം നാട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മലയാളികളും ഏറെ. 

ഇൗ വർഷത്തെ പത്മശ്രീ പട്ടികയിൽ കേരളത്തിൽ നിന്നുള്ള വ്യക്തികളുടെ കൂട്ടത്തിൽ അഷ്റഫ് താമരശ്ശേരിയുടെ പേരുമുണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.