Latest News

കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ വികസനം: കൂട്ടായ്മയിലൂടെ നേട്ടം ലക്ഷ്യമിട്ട് പഞ്ചായത്ത്

ഉദുമ: കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ വികസനത്തിനായി വിവിധ സംഘടനകളെ ഒറ്റക്കെട്ടായി അണിനിരത്താൻ പരിപാടികൾ ആവിഷ്കരിച്ച് ഉദുമ പഞ്ചായത്ത്‌ ഭരണസമിതി.[www.malabarflash.com] 

സമീപ പഞ്ചായത്തുകളിലെ സാമൂഹിക, സാമുദായിക, രാഷ്ട്രീയ സംഘടനകളെ ഏകോപിപ്പിച്ച് സംയുക്ത കൂട്ടായ്മയ്ക്കു രൂപം നൽകാൻ ഉദുമ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.എ.മുഹമ്മദാലി ചൊവ്വാഴ്ച പാലക്കുന്നിൽ സർവകക്ഷി യോഗം വിളിച്ചുചേർത്തു. 

യോഗം കെ.കുഞ്ഞിരാമൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കെ.എ.മുഹമ്മദാലി അധ്യക്ഷത വഹിക്കും. 

സമരങ്ങളിലൂടെ നേടിയതല്ലാതെ മറ്റൊരു പുരോഗതിയും ഈ സ്റ്റേഷന് ഉണ്ടായിട്ടില്ല.  അരനൂറ്റാണ്ടു മുൻപ് മലബാർ എക്സ്പ്രസ്‌ തടഞ്ഞുനിർത്തിയാണ് ആ വണ്ടിക്ക് ഇവിടെ സ്റ്റോപ്പ്‌ നേടിയെടുത്തത്. പിന്നീട് മദ്രാസ് മെയിൽ വണ്ടികൾക്കു സമരംചെയ്തു സ്റ്റോപ്പ്‌ നേടിയെങ്കിലും പിന്നീട് നിർത്തലാക്കി. 

പ്ലാറ്റ്‌ഫോം ഉയർത്തിക്കിട്ടാൻ ഉപവാസ സമരം ചെയ്തവരായിരുന്നു കോട്ടിക്കുളത്തുകാർ. സംസ്ഥാനത്തെ പ്രഥമ ടൂറിസ്റ്റ് റെയിൽവേ സ്റ്റേഷനായി ഉയർത്താൻ സംസ്ഥാന ടൂറിസം വകുപ്പിൽ നിന്നു നിർദേശമുണ്ടായിരുന്നുവെങ്കിലും പിന്നീട് വിവരമൊന്നുമില്ല. 

കോട്ടിക്കുളത്തിന് ആദർശ് പട്ടം റെയിൽവേ സമ്മാനിച്ചിട്ടുണ്ടെങ്കിലും അതുകൊണ്ട് എന്തുനേട്ടമാണ് ഉണ്ടായതെന്നും നാട്ടുകാർ ചോദിക്കുന്നു. പുതുതായി രൂപം കൊള്ളുന്ന കൂട്ടായ്മയിലൂടെ കോട്ടിക്കുളത്തിന്റെ പ്രശ്നങ്ങൾക്കു പരിഹാരം കാണുമെന്ന പ്രത്യാശയിലാണ് നാട്ടുകാർ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.