Latest News

വാഹനം വില്‍ക്കാനുണ്ടെന്ന ഓണ്‍ലൈന്‍ പരസ്യം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത മൂന്നുപേര്‍ പിടിയില്‍

പാലക്കാട്: ഓൺലൈൻ വ്യാപാര സൈറ്റിലൂടെ വാഹനം വിൽക്കാനുണ്ടെന്ന പരസ്യം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത മൂന്നുപേര്‍ പാലക്കാട്ട് അറസ്റ്റില്‍. തട്ടിപ്പിനിരയായവരില്‍ മലയാളികളും ഇതരസംസ്ഥാനക്കാരും ഉള്‍പ്പെടുന്നു. തന്ത്രപരമായാണ് ടൗണ്‍ നോര്‍ത്ത് പോലീസ് പ്രതികളെ കുടുക്കിയത്.[www.malabarflash.com]

പാലക്കാട് ഇരട്ടയാൽ കൃഷ്ണപിള്ള നഗർ പുത്തൻപുരയ്ക്കൽ വീട്ടിൽ പത്തൊന്‍പതുകാരനായ ദർവേഷ് എന്ന ഷേയ്ക് ദർവേഷ്, മലമ്പുഴ കടുക്കാംകുന്നം ആരതി നിവാസിൽ ഫർസാദലി , മലമ്പുഴ വാരണി പുഴയ്ക്കൽ വീട്ടിൽ ബിജോയ് എന്നിവരാണ് അറസ്റ്റിലായത്. റോഡിലോ റെയില്‍വേ സ്റ്റേഷനുകളിലോ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ ചിത്രം പകർത്തി അതു വിൽക്കാനുണ്ടെന്ന് സൈറ്റിൽ പരസ്യം നല്‍കും.

വിലകൂടിയ വാഹനം കുറഞ്ഞ വിലയ്ക്ക് കിട്ടുമെന്നതിനാല്‍ ആവശ്യക്കാരുടെ എണ്ണം കൂടുതലാകുന്നതോടെ കൂടുതല്‍ പണമാണ് തട്ടിപ്പുക്കാരുടെ കൈവശമെത്തുക. എല്ലാവരില്‍ നിന്നും ബാങ്ക് അക്കൗണ്ട് മുഖേന പണം ഇൗടാക്കിയശേഷം ഫോൺ ബന്ധം അവസാനിപ്പിക്കും. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. പാലക്കാട്, മലപ്പുറം, പൊള്ളാച്ചി, ബംഗളുരു എന്നിവിടങ്ങളിലെ 10 പേരിൽ നിന്നായി 10 ലക്ഷം രൂപ സംഘം തട്ടിയെടുത്തെന്നാണ് കേസ്. വാഹനം ആവശ്യപ്പെട്ട് വിളിച്ചാണ് പ്രതികളെ പോലീസ് തന്ത്രപരമായി കുടുക്കിയത്.

ആഡംബര ജീവിതം നയിക്കാനാണ് സംഘം പണം വിനിയോഗിച്ചത്. വഞ്ചന, ഐടി ആക്ട് എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ദർവേഷും ഫർസാദലിയും കൊലപാതകശ്രമം, കഞ്ചാവ് കടത്ത് ഉൾപ്പെടെയുള്ള ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്നു പോലീസ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.