അങ്കമാലി: സ്വത്തുതർക്കത്തെ തുടർന്ന് കുടുംബത്തിലെ മൂന്നുപേരെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി. മൂക്കന്നൂര്‍ എരപ്പ് അറക്കല്‍ വീട്ടിൽ ശിവന് (58), ഭാര്യ വല്‍സല (50) മകള്‍ സ്മിത (35) എന്നിവരെയാണ് ശിവന്റെ സഹോദരൻ ബാബു (38) അറുകൊല ചെയ്തത്. [www.malabarflash.com]
കൃത്യത്തിനുശേഷം കുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏല്പിച്ചു. സ്മിതയുടെ ഇരട്ടക്കുട്ടികൾക്ക് പരിക്കേറ്റു. മറ്റൊരു കുട്ടി ഓടി രക്ഷപ്പെട്ടു.
തിങ്കളാഴ്ച വൈകീട്ട് 5.45ഓടെയാണ് നാടിനെ നടുക്കിയ സംഭവം. പരേതരായ കൊച്ചാപ്പു^തങ്കമ്മ ദമ്പതികളുടെ മകനാണ് ശിവന്. 20 സെൻറ് സ്ഥലമാണ് തറവാട്ടുവക സ്വത്തായിട്ടുള്ളത്. അഞ്ച് മക്കള്‍ക്കും മൂന്ന് സെൻറ് വീതം നല്കി. ശേഷിക്കുന്ന അഞ്ച് സെൻറ് അമ്മയുടെ പേരിലാണ്. ബാബു തന്റെ വീതം വാങ്ങിയിരുന്നില്ല.
തിങ്കളാഴ്ച വൈകീട്ട് ബാബു തറവാട്ടു വളപ്പിലെത്തി മരം വെട്ടാന്‍ ഒരുങ്ങിയപ്പോൾ ശിവന് തടയാന്‍ ശ്രമിച്ചതാണ് കൂട്ടക്കൊലയില്‍ കലാശിച്ചത്. കൈയില്‍ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് ആദ്യം ശിവനെ വെട്ടി. തടയാന്‍ ഓടിയെത്തിയ വല്സലയെയും വെട്ടിവീഴ്ത്തി. സമീപത്ത് അലക്കുകയായിരുന്ന സ്മിതയെയും ഇയാൾ ഓടിയെത്തി വെട്ടുകയായിരുന്നു. സ്മിതയുടെ ഇരട്ടക്കുട്ടികളായ അശ്വിന്, അപര്‍ണ എന്നിവര്‍ ആക്രമണത്തിൽ പരിക്കേറ്റ് അങ്കമാലി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂത്ത മകന് അതുല്‍ ഓടിരക്ഷപ്പെട്ടു. മറ്റ് ബന്ധുക്കളും പേടിച്ചരണ്ട് ഒാടിയകന്നു.
വല്‍സലയുടെ മൃതദേഹം അടുക്കള ഭാഗത്തും സ്മിതയുടേത് അലക്കുകല്ലിന്റെ അടുത്തും ശിവന്റേത് ഷാജിയുടെ വീടിനോട് ചേര്‍ന്നുമാണ് കിടന്നിരുന്നത്. സ്മിതയുടെ ഭര്‍ത്താവ് സുരേഷ് കുവൈത്തിലാണ്. സരിത, സവിത എന്നിവരാണ് ശിവൻ-വൽസല ദമ്പതികളുടെ മറ്റ് മക്കൾ.
കൊലപാതകത്തിനുശേഷം ബാബു ചിറങ്ങര ക്ഷേത്രക്കുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിച്ചു. കനത്ത പോലീസ് കാവലില്‍ മൃതദേഹം സംഭവസ്ഥലത്ത് തന്നെ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച സംസ്കരിക്കും.
No comments:
Post a Comment