Latest News

റിയാസ് മൗലവി വധം; പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണമെന്ന ആവശ്യം ജില്ലാ കോടതി തള്ളി

കാസര്‍കോട്: ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസ അധ്യാപകനും കര്‍ണാടക കുടക് സ്വദേശിയുമായ റിയാസ് മൗലവിയെ പഴയ ചൂരി മുഹ്യുദ്ദീന്‍ ജുമാ മസ്ജിദിലെ താമസ സ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് ഭാര്യ സാഹിദ ജില്ലാ കോടതിയില്‍ ഫയല്‍ ചെയ്ത ഹർജി കോടതി തള്ളി.[www.malabarflash.com] 

ഇതോടെ റിയാസ് മൗലവിയുടെ ഭാര്യാ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
2010 മുതല്‍ 17 വരേയുള്ള കാലയളവില്‍ ചൂരി പ്രദേശത്തേ നാലോളം മുസ്ലീം യുവാക്കളാണ് കൊല്ലപ്പെട്ടതെന്നും പ്രതികള്‍ ഒരേ വിഭാഗത്തില്‍പ്പെട്ട വലത് പക്ഷതീവ്രവാദികളാണെന്നും സാഹിദയ്ക്ക് വേണ്ടി ഹാജരായ അഡ്വ.സി.ഷുക്കൂര്‍ കോടതിയില്‍ വാദിച്ചിരുന്നു.

മുസ്ലീങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിച്ച് മുതലെടുപ്പ് നടത്തലായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും റിയാസ് മൗലവി വധക്കേസോടെ ചുരിയില്‍ നേരത്തേ നടന്ന ഇത്തരം കൊലപാതക്കേസുകള്‍ക്ക് അറുതി വരുത്തണമെന്നും അതിനാല്‍ പ്രതികള്‍ക്കെതിരേ റിയാസ് മൗലവി വധക്കേസില്‍ യു.എ.പിഎ ചുമത്തണമെന്നും അഡ്വ.സി.ഷുക്കൂര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

എന്നാല്‍ യു.എ.പി.എ ചുമത്താന്‍ ജില്ലാ കോടതിക്ക് അധികാരമില്ലെന്നും ഹര്ജിക്കാര്ക്ക് മേല്‍ കോടതിയെ സമീപിക്കാമെന്നുമായിരുന്നു പബ്ലിക്ക് പ്രൊസിക്യൂട്ടര്‍ അഡ്വ.പി.വി.ജയരാജ് കോടതിയെ ബോധിപ്പിച്ചത്. 

ജില്ലാ സെഷന്‍ കോടതിക്ക് നിയമപരമായി ഈ കേസ് പരിഗണിക്കാന്‍ കഴിയില്ല. അതിനാല്‍ പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്താന്‍ പാടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ.സുനില്‍കുമാര്‍ വാദിച്ചിരുന്നു.

2017 മാര്‍ച്ച് 21ന് രാത്രിയാണ് റിയാസ് മൗലവിയെ ചൂരി പള്ളിയിലെ മുറിയില്‍ അതിക്രമിച്ചുകയറിയ മൂന്നംഗസംഘം കഴുത്തറുത്തു കൊലപ്പെടുത്തിയത്. കേസിലെ പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഈ കേസില്‍ മാര്‍ച്ച് അഞ്ചിന് വിചാരണ ആരംഭിക്കാനിരിക്കെയാണ് ഹരജി സമര്‍പ്പിച്ചത്.

ജില്ലാ കോടതി ഹരജി തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സെയ്ദയുടെ അഭിഭാഷകനായ അഡ്വ. സി. ഷുക്കൂര്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.