Latest News

കരിപ്പൂരിന് പിന്നാലെ നെടുമ്പാശ്ശേരിയിലും ബാഗേജില്‍ നിന്നും സാധനങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തിനു പിന്നാലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലും യാത്രക്കാരന്റെ ബാഗേജില്‍ നിന്നും സാധനങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി. തന്റെ ബാഗില്‍ നിന്നും വിലപിടിപ്പുള്ള വാച്ചുകള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടെന്ന പരാതിയുമായി ഷാര്‍ജയില്‍ നിന്നെത്തിയ നൗഷാദാണ് രംഗത്തെത്തിയിരിക്കുന്നത്.[www.malabarflash.com]

വിമാനത്താവളത്തില്‍ കൊള്ളയടിക്കപ്പെട്ടതായി, കുത്തിത്തുറന്ന ബാഗിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കാണിച്ച് നൗഷാദ് സോഷ്യല്‍ മീഡിയയില്‍ ഇട്ട വീഡിയോയ്ക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെ എയര്‍ അറേബ്യ വിമാനത്തിലാണ് ചാവക്കാട് സ്വദേശിയായ നൗഷാദ് നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയത്. തന്റെ രണ്ട് ലഗേജുകളില്‍ ഒന്ന് ആദ്യം വന്നെങ്കിലും ബാഗ് വരാന്‍ 20 മിനിറ്റോളം താമസിച്ചു. ഏറെനേരം കാത്തിരുന്ന ശേഷം എയര്‍ അറേബ്യ സ്റ്റാഫാണ് പൊട്ടിച്ച നിലയില്‍ ബാഗ് ഒരു ട്രോളിയില്‍ കൊണ്ടുവന്നതെന്നും നൗഷാദ് പറയുന്നു.

ബാഗില്‍ നിന്ന് സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇത് എവിടെനിന്ന് സംഭവിച്ചെന്ന് അറിയില്ലെന്നുമാണ് എയര്‍ അറേബ്യ സ്റ്റാഫ് പറഞ്ഞത്. നഷ്ടപരിഹാരം ലഭിക്കുന്ന കാര്യം ഉറപ്പില്ലെന്നും പറഞ്ഞു.

3500 ദിര്‍ഹം വിലയുള്ളത് ഉള്‍പ്പെടെ മൂന്ന് വാച്ചുകളാണ് അപ്പോള്‍ നഷ്ടമായതായി ശ്രദ്ധയില്‍പെട്ടിരുന്നത്. എന്നാല്‍, വീട്ടില്‍ വന്നപ്പോഴാണ് ക്രീമുകളും ഷാമ്പൂവും ചോക്ലേറ്റുമെല്ലാം പോയിട്ടുണ്ടെന്ന് മനസിലായത്. സ്വര്‍ണവും ലാപ്ടോപ്പും പോലുള്ള വിലകൂടിയ വസ്തുക്കളാണ് അവരുടെ നോട്ടം. ബാഗ് പൂട്ടിയിരിക്കുന്നത് കണ്ടപ്പോള്‍ കാര്യമായ എന്തോ ഉണ്ടെന്ന് തോന്നിയാണ് കുത്തിത്തുറന്നിരിക്കുന്നത്. എന്നാല്‍, വാച്ച് മാത്രമേ അവര്‍ക്ക് ലഭിച്ചുള്ളൂ. സാധനങ്ങള്‍ നഷ്ടമായത് നെടുമ്പാശ്ശേരിയില്‍ വെച്ചാണോ ഷാര്‍ജ വിമാനത്താവളത്തില്‍ വച്ചാണോ എന്ന് തനിയ്ക്കറിയില്ലെന്നും നൗഷാദ് പറഞ്ഞു.

എന്റെ സാധനങ്ങള്‍ പോയതില്‍ എനിക്ക് വലിയ വിഷമമില്ല. അതേസമയം, ജീവിക്കാനായി ഗള്‍ഫില്‍ കിടന്ന് പെടാപ്പാട് പെടുന്നവനും നാട്ടിലേക്ക് വരുമ്പോള്‍ ഇത്തരത്തില്‍ കൊള്ളയടിക്കപ്പെടുന്നുണ്ട് എന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. എയര്‍പോര്‍ട്ടില്‍ എന്നെ വിളിക്കാനെത്തിയ സുഹൃത്തും ചലച്ചിത്ര സംവിധായകനുമായ പ്രശാന്ത് മാമ്പുള്ളിയാണ് ഇത് പുറംലോകം അറിയണമെന്ന് പറഞ്ഞ് വീഡിയോ എടുത്തത് -നൗഷാദ് കൂട്ടിച്ചേര്‍ത്തു.

ചലച്ചിത്രപ്രവര്‍ത്തകനായ നൗഷാദ് നിരവധി സിനിമകളിലും സീരിയലുകളിലും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ, ബാല്യകാല സുഹൃത്തായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്ത സദൃശവാക്യ'ത്തിലും അഭിനയിച്ചിട്ടുണ്ട്. ഒരു സിനിമാ ചര്‍ച്ചയ്ക്കായി ഇദ്ദേഹം ഷാര്‍ജയില്‍ പോയി വരുമ്പോഴാണ് നൗഷാദിന്റെ സാധനങ്ങള്‍ നഷ്ടമായത്.

അതേസമയം, സാധനങ്ങള്‍ നഷ്ടമായതിനെ കുറിച്ച് അന്വേഷണം നടത്തിയെന്നും നെടുമ്പാശ്ശേരിയില്‍ നിന്നല്ല അവ നഷ്ടമായതെന്ന് വ്യക്തമായിട്ടുണ്ടെന്നും സിയാല്‍ പിആര്‍ഒ ജയന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. സാധനങ്ങള്‍ നഷ്ടമായെന്ന് ബോധ്യപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തയാറാണെന്ന് എയര്‍ അറേബ്യ അറിയിച്ചിട്ടുണ്ടെന്നും സിയാല്‍ പിആര്‍ഒ വ്യക്തമാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.