Latest News

ലോറിക്കു പിന്നിൽ കാറിടിച്ച് അച്ഛനും രണ്ടു മക്കളും മരിച്ചു

ഹരിപ്പാട്∙ ദേശീയപാതയിൽ തോട്ടപ്പള്ളിക്കു സമീപം ലോറിക്കു പിന്നിൽ കാറിടിച്ച് അച്ഛനും രണ്ടു മക്കളും മരിച്ചു. പരുക്കേറ്റ ഭാര്യ അപകടനില തരണം ചെയ്തു. കരുനാഗപ്പള്ളി മരുതൂർകുളങ്ങര തെക്ക് വാഴയത്ത് ജംക്‌ഷനു സമീപമുള്ള വേൾഡ് വിഷൻ സൂനാമി കോളനിയിൽ ആലുംമൂട്ടിൽ വീട്ടിൽ ബാബു (48), മക്കളായ അഭിജിത്ത് ബാബു (20), അമൽജിത്ത് ബാബു (15) എന്നിവരാണു മരിച്ചത്.[www.malabarflash.com]
ബാബുവിന്റെ ഭാര്യ ലിസി(42) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. എറണാകുളത്തു നിന്നു തിരുവനന്തപുരം ഭാഗത്തേക്കു ടാർ കയറ്റിപ്പോയ ലോറിക്കു പിന്നിൽ കാർ ഇടിച്ചു കയറിയായിരുന്നു അപകടം.

അമൽജിത്ത് ബാബുവിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുന്നതിനു മുൻപു മരിച്ചു. ബാബുവും അഭിജിത്ത് ബാബുവും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെയാണു മരിച്ചത്. അമ്പലപ്പുഴ കാക്കാഴത്തുള്ള ബന്ധുവീടിനടുത്ത ക്ഷേത്രത്തിൽ ഉത്സവത്തിൽ പങ്കെടുത്ത ശേഷം കരുനാഗപ്പള്ളിയിലേക്കു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

ബാബു മത്സ്യബന്ധന തൊഴിലാളിയാണ്. ഫൊട്ടോഗ്രഫറാണ് അഭിജിത്ത് ബാബു. അമൽജിത്ത് ബാബു എസ്എസ്എൽസി പരീക്ഷ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. മൂന്നു പേരുടെയും മൃതദേഹങ്ങൾ അടുത്തടുത്തായി ഒരുക്കിയ ചിതകളിൽ സംസ്കരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.