Latest News

ഭരണി ഉത്സവം: ആദ്യ കാഴ്ച സമർപ്പണത്തിനൊരുങ്ങി തെക്കിൽ–അണിഞ്ഞ–പെരുമ്പള നിവാസികൾ

ഉദുമ: പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണി ഉത്സവത്തിനു ആദ്യ കാഴ്ച സമർപ്പണത്തിനൊരുങ്ങി തെക്കിൽ–അണിഞ്ഞ–പെരുമ്പള പ്രദേശക്കാർ. 16നു വൈകിട്ട് ആറിന് എടയാട്ട് വയനാട്ടുകുലവൻ ദേവസ്ഥാനം, മണ്ഡലിപ്പാറ ധർമശാസ്താ ഭജന മന്ദിരം എന്നിവിടങ്ങളിൽ ദീപം കൊളുത്തി ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ പരിസരത്തു നിന്നു തിരുമുൽക്കാഴ്ച സമർപ്പണ ഘോഷയാത്ര തുടങ്ങുമെന്ന് ഭാരവാഹികളായ എം.കൃഷ്ണൻ നായർ, കൃഷ്ണൻ ചട്ടഞ്ചാൽ, നാരായണൻ സൗപർണിക എന്നിവർ അറിയിച്ചു.[www.malabarflash.com] 

നാലു ലക്ഷത്തോളം രൂപ ചെലവഴിച്ച് വാങ്ങിയ 25 കെ.വി ജനറേറ്ററാണ് ക്ഷേത്രത്തിലേക്കു സമർപ്പിക്കുന്നത്.

ചട്ട‍ഞ്ചാലിൽ നിന്നു പുറപ്പെടുന്ന കാഴ്ച മാങ്ങാട്, കളനാട് വഴി രാത്രി ഒരുമണിയോടെ ക്ഷേത്രത്തിൽ സമർപ്പണം നടത്തും. 

സെറ്റ് സാരിയണിഞ്ഞ എണ്ണൂറോളം സ്ത്രീകളും താലപ്പൊലി, മുത്തുക്കുടകൾ, ശിങ്കാരിക്കാവടി, ഗോപുരക്കാവടി, കൊട്ടക്കാവടി, ശിങ്കാരിമേളം, വിളക്കാട്ടം, കറഗാട്ടം തുടങ്ങിയ ആറു നിശ്ചല ദൃശ്യങ്ങളും വൈദ്യുതി ദീപാലങ്കാരവും കാഴ്ചയ്ക്കു മികവേകും. 

വർഷങ്ങളായി നടക്കുന്ന പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണി ഉത്സവത്തിനു നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കാഴ്ച സമർപ്പണം നടത്താറുണ്ടെങ്കിലും തെക്കിൽ–പെരുമ്പള–അണിഞ്ഞ പ്രദേശത്ത് നിന്നു കൂടി സമർപ്പണം നടത്തമെന്ന ആവശ്യം ഉയരുകയും മൂന്നു വർഷം മുൻപ് നാട്ടുകാരുടെ ഒരു കൂട്ടായ്മ ആലോചന നടത്തി ധനസമാഹരണ പ്രവർത്തനങ്ങൾ തുടങ്ങി.

ഇതേത്തുടർന്ന് ആറു മാസം മുൻപ് ജാതി–മത–രാഷ്ട്രീയ ചിന്താഗതികൾ മറന്നു നാട്ടുകാരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി രൂപീകരിച്ചാണ് കാഴ്ച സമർപ്പണത്തിനായി അന്തിമ തീരുമാനം നടത്തിയതെന്നും ഇതിനായി 20 ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി രവീന്ദ്രൻ മണ്ഡലിപ്പാറ, സൗമ്യ മോഹനൻ, അംബികാസുരേഷ് എന്നിവർ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.